പ്രാണന്‍ പോകുന്ന വേദന, ശ്വാസോച്ഛ്വാസത്തിന്‍റെ ഗതി നിയന്ത്രണാതീതം ആകുന്നതു ഞാന്‍ അറിഞ്ഞു. എന്‍റെ കാതുകളില്‍ അവളുടെ രോദനം അലയടിച്ചു. കണ്ണുകള്‍ തുറക്കാന്‍ ഞാന്‍ ശ്രെമിച്ചു പക്ഷെ പരാജയപെട്ടു. എന്‍റെ കണ്ണിമകള്‍ അടഞ്ഞതും ഇരുട്ടെങ്ങും വ്യാപിക്കുന്നതും, അവളുടെ കരച്ചില്‍ എന്‍റെ ചെവികളില്‍ നിന്ന് അലിഞ്ഞില്ലതെ ആവുന്നതും ഞാന്‍ അറിയുന്നു. എന്‍റെ നിമിഷങ്ങള്‍ അടുത്തെത്തുന്നു. അവസാനം ആയി അവനെ കാണണമെന്ന് ആത്മാവ് മന്ത്രിക്കുന്നു;എന്നാല്‍ ശരീരം അതിന് കൂട്ടാക്കുന്നില്ല. കണ്ണില്‍ മൂടിയിരിക്കുന്ന ഇരുട്ടില്‍ അവ്യക്തമായ രൂപങ്ങളുടെ പെരുംങ്കളിയാട്ടം.
ആ രൂപങ്ങളില്‍ ഒന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. എന്‍റെ പൊന്നുമോന്‍., ജനിച്ചു വീണ നിമിഷത്തില്‍ എന്‍റെ കൈകളില്‍ കിടന്നെന്നെ നോക്കിക്കരയുന്ന എന്‍റെ പൊന്നുമോന്‍.... ആ കരച്ചില്‍ കണ്ടെനിക്കൊപ്പം ചിരിക്കുന്ന ബന്ധുക്കളും നേഴ്സും. എല്ലാം ആത്മാവില്‍ മിന്നി മറയുന്നു.
അവന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഞാനാസ്വദിക്കുകയായിരുന്നു. ആദ്യമായി അവനെന്നില്‍ ഉണ്ണി മൂത്രം തളിച്ച് ശുദ്ധി വരുത്തിയതും, പകല്‍ ഉറങ്ങിയും രാത്രി എന്നെ ഉറക്കതെയും അവന്‍ കളിച്ചതും ചിരിച്ചതും ഞാന്‍ ആസ്വദിച്ചു.
"അത്ത" എന്നെന്നെ വിളിച്ചുകൊണ്ട് കുഞ്ഞി പല്ലുകള്‍ കാട്ടി അവന്‍ ചിരിച്ചപ്പോള്‍ ഈ ലോകത്തെ എല്ലാ സ്വര്‍ഗീയ സുഖങ്ങളും ഞാന്‍ അറിഞ്ഞു. നെഞ്ചോടു ചേര്‍ന്ന് കിടന്ന് കളിച്ച്, കൗതുകത്തോടെ അവന്‍ രോമങ്ങള്‍ നുള്ളി എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞത് വേദന അല്ല, മറിച്ച് ഒരു അച്ഛന്‍റെ ആത്മനിര്‍വൃതി ആയിരുന്നു. പിച്ച വെച്ച് നടക്കുന്ന അവന്‍റെ കാലുകള്‍ക്ക് ശക്തി പകരാന്‍ എന്നും എന്‍റെ കൈകള്‍. എത്തി. എങ്കിലും അവന്‍ വീഴുമ്പോള്‍ രക്തം എന്‍റെ നെഞ്ചില്‍ കിനിഞ്ഞു. കുസൃതികള്‍ കാട്ടി അവന്‍ ഓടി നടന്നപ്പോള്‍, അവനെ മറ്റുള്ളവര്‍ പറയുന്ന കുറ്റങ്ങള്‍ സഹിക്കാന്‍ ശക്തി ഇല്ലാഞ്ഞതിനാല്‍ എന്‍റെ കൈയില്‍ ഞാന്‍ അറിയാതെ ഒരു പുളി വടി കയറി. അവനെ അടിച്ചപ്പോള്‍ നീറിയത് എന്‍റെ ആത്മവായിരുന്നു, കരഞ്ഞത് എന്‍റെ മനസും. അടി കൊള്ളുമ്പോള്‍ 'അച്ഛാ' എന്ന് വിളിച്ചെന്‍റെ അരയില്‍ ചുറ്റികെട്ടി എന്നോട് കൂടുതല്‍ ചേര്‍ന്ന് അവന്‍ നിന്നു, അകലാന്‍ അവന് അറിയില്ലായിരുന്നു കാരണം അന്ന് അവന്‍റെ ലോകം ഈ അച്ഛന്‍ മാത്രമായിരുന്നു.
വീട് എന്ന ലോകത്ത് നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് അവനെ കൈപിടിച്ച് കൊണ്ടുപോയതും ഞാന്‍... പിന്നീട് എന്‍റെ ഓരോ വിയര്‍പ്പ് തുള്ളികളും തുടിച്ചത് അവനെന്ത് നല്‍കണമെന്നതിന് വേണ്ടിയായിരുന്നു. അവന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടാന്‍ എന്‍റെ ആശകള്‍ ഞാന്‍ പണയം വെച്ചു. കുസൃതികള്‍ കുരുത്തക്കേടുകള്‍ ആയി മാറാന്‍ തുടങ്ങിയപ്പോള്‍, കരച്ചില്‍ തര്‍ക്കുതരങ്ങള്‍ക്ക് വഴി മാറി. അടിക്കാന്‍ കൈ ഓങ്ങിയപ്പോള്‍ അത്താഴം വലിച്ച് എറിഞ്ഞവന്‍ പ്രതിഷേധിച്ചു. അമ്മയുടെ കണ്ണീരില്‍ അവനലിഞ്ഞു, പക്ഷെ അച്ഛന്‍റെ ഉള്ളിലെ കണ്ണീര്‍ അവന്‍ കണ്ടില്ല. എല്ലാ യുദ്ധവും അവന്‍ വിജയിച്ച് തുടങ്ങി.ഞാന്‍ ഇന്നവന് കണ്ണിലെ കരടാണ്. അവന് അച്ഛനുള്ള ലോകം സങ്കല്‍പ്പിക്കാനാവുന്നില്ല; നീ ഇല്ലാത്ത ലോകമെന്‍റെ ജീവിതത്തില്‍ ഇല്ലായെന്ന് പലവുരു പറഞ്ഞത് അവന്‍ കേട്ടില്ല. അവനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഇന്നവനുറങ്ങും വരെ കാത്തിരിക്കണം. അന്നും അവന്‍ ഉറങ്ങാന്‍ ഞാന്‍ കാത്തിരുന്നു, ഇന്നും ഞാന്‍ കാത്തിരിക്കുന്നു.
കലാലയങ്ങള്‍ അവനെ എത്തിച്ചത് മദ്യം വിളമ്പുന്ന മേശകളിലും, ഉടുതുണി ഇല്ലാതെ നൃത്തം വെക്കുന്ന സുന്ദരികളുടെ കോട്ടകളിലും ആണെന്നറിയാന്‍ ഞാന്‍ വൈകിപ്പോയി. മദ്യവും മയക്കുമരുന്നും അവന്‍റെ പ്രജ്ഞയെ മറച്ചിരിക്കുന്നു. കുടിച്ച് കൂത്താടിയെത്തുന്ന ദിവസങ്ങളില്‍ അച്ഛന്‍ അവന് വെറും 'എടോ' യും 'താനും' ആയതിനൊപ്പം കണ്ണീര്‍ മാത്രം വാര്‍ക്കുന്ന അമ്മ 'തള്ള' യും ആയി. അന്ന് അവന്‍റെ കരച്ചില്‍ എന്നില്‍ ചിരി പടര്‍ത്തി; ഇന്ന് എന്‍റെ കരച്ചില്‍ അവന് ചിരിയും അവന്‍റെ ചിരി എനിക്ക് കരച്ചിലും സമ്മാനിക്കുന്നു.
അവന്‍റെ ജനനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നും അവന്‍ വരുന്നതും കാത്ത് ഉറക്കം ഇല്ലാതെ ഞാന്‍ ഇരുന്നു. ബംഗാളി പെണ്ണിന്‍റെ തോളില്‍ കൈയിട്ട് കയറി വരുന്ന എന്‍റെ പൊന്നുമോന്‍... രണ്ട് പേരും ഈ വീടിന്‍റെ പടികടക്കരുത് എന്ന് പറഞ്ഞതവന്‍ എന്‍റെ ശത്രു ആയിട്ടാണോ? അവനെ വെച്ച് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഒഴുകി ഒലിച്ച് പോകുന്നത് കാണാനുള്ള ശക്തി ഈ മനസിനില്ലത്തതിനാല്‍ അല്ലെ! അതെന്തേ എന്‍റെ പൊന്നുമോന്‍ മനസിലാക്കിയില്ല? അച്ഛന്‍റെ കഴുത്തില്‍ പിടിക്കുമ്പോള്‍ അവന്‍റെ മനസ്സില്‍ തോന്നിയത് എന്തായിരുന്നു? ശക്തിയോടെ അവനെ അടിച്ചപ്പോളും മനസ്സിലവന് നോവരുതെയെന്നായിരുന്നില്ലെ ഞാന്‍ പ്രാര്‍ത്ഥിച്ചത്. അവന്‍റെ വേദനിക്കുന്ന മുഖം കാണാന്‍ ശക്തി ഇല്ലാതെ പിന്തിരഞ്ഞു നടക്കുമ്പോള്‍; അവന്‍ കയറി ഇരുന്ന് ആന കളിച്ച ഈ മുതുകില്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കയറ്റാന്‍ അവന്‍റെ കൈകള്‍ വിറച്ചിരുന്നില്ലെ?? രക്തം വാര്‍ന്നു പോകുമ്പോളും തിരിഞ്ഞ് നിന്ന് പൊന്നുമോന്‍ വിഷമിക്കണ്ട എന്ന് പറയാന്‍ തുടങ്ങിയ അച്ഛനെ വീണ്ടും കുത്താന്‍ നിനക്ക് സാധിച്ചല്ലോ എന്നതിലും കൂടുതല്‍ എന്നെ മുറിപെടുത്തിയത് എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്‍റെ കുഞ്ഞിന്‍റെ ജീവിതം ഇരുട്ടറയില്‍ ആകുമല്ലോ എന്ന ചിന്ത ആയിരുന്നു. ഈ ചിന്തകള്‍ക്കിയില്‍ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. അവസാനം ആയി അവനെ കാണാന്‍ ആഗ്രഹിച്ചിട്ടും ശരീരം കൂട്ടാക്കുന്നില്ല.
ഇപ്പോള്‍ എനിക്ക് ചുറ്റും പ്രകാശം ആണ്. അലമുറയിടുന്ന എന്‍റെ ഭാര്യയെ കാണാം. ചുറ്റും കൂടിനിക്കുന്ന നാട്ടുകാരെ കാണാം. ഇതിനെല്ലാം ഉപരിയായി വെള്ള തുണിയില്‍ പൊതിഞ്ഞ എന്നെയും എനിക്ക് കാണാം. ഞാന്‍ തിരയുന്ന മുഖം മാത്രമെനിക്ക് കാണാന്‍ പറ്റുന്നില്ല. എവിടെ എന്‍റെ ജീവന്‍റെ ജീവന്‍ ആയ എന്‍റെ പിന്‍ഗാമി? ആ വരുന്നത് അവന്‍ ആണ് പക്ഷെ ഇങ്ങനെ കൈയാമം വെച്ച നിലയില്‍ ആണോ ഞാന്‍ അവനെ കാണാന്‍ ആഗ്രഹിച്ചത്? എനിക്ക് ഈശ്വര സന്നിധിയിലേക്ക് പോയെ പറ്റു, പക്ഷെ മകനെ ഇരുട്ടറയില്‍ തള്ളിയിട്ട് ഏത് അച്ഛനാണ് പോകാന്‍ സാധിക്കുക്ക?
"ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവാകാനും പുഴുവാകാനും, എന്തിന്, നരക തീയില്‍ വേവാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഒരേ ഒരു തവണ ആ ശരീരത്തില്‍ കയറി പോലിസിനോടും കോടതിയോടും പറയാന്‍, എന്‍റെ മകന്‍ തെറ്റുകാരനല്ല എന്ന് ഒരേ ഒരു തവണ പറയാന്‍ നീ എന്നെ അനുവദിക്കേണമേ."
ഈ പ്രാര്‍ത്ഥന രോദനം ആയി അവശേഷിക്കുകയാണ്. മകനെ ഓര്‍ത്ത് കരഞ്ഞ് കൊണ്ട്, അവന് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ട്, എന്നും അവനെ താങ്ങിയിരുന്ന ഈ കൈകള്‍ക്ക് അവസാനമായി അവന്‍ വീണ കുഴിയില്‍ നിന്നുമവനെ രക്ഷിക്കാന്‍ ആവാത്ത ദുഃഖം സഹിച്ച് കൊണ്ട് പോവുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്.