Tuesday, September 4, 2012

ശവത്തിന്‍റെ കണ്ണുകള്‍ നിറയുമോ????

   സെപ്റ്റംബര്‍ ലക്കം ഇ-മഷി ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കഥ

പെട്രോള്‍ അടിക്കാന്‍ ഉള്ള കാശുമായി അമ്മ വരുന്നതും നോക്കി  സ്റ്റാര്‍ട്ടാക്കിയ ബൈക്കില്‍  കാത്തുനില്‍ക്കുന്നതിനിടക്ക് ശബ്ദം ഉണ്ടാക്കിക്കൊണ്ടൊരു   എസ്എംഎസ് വന്നിറങ്ങി. പോക്കെറ്റില്‍ നിന്ന് മൊബൈല്‍ എടുത്തപ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ കമന്‍റ് എത്തി.

"ഈ പെണ്ണിന് ഈ കൊച്ചു വെളുപ്പിന് ഒരു പണിയുമില്ലേ?? അവളോട്‌ പോയി 4 അക്ഷരം പഠിക്കാന്‍ പറയടാ ചെക്കാ."

"അമ്മ ഇപ്പോളേ അവളോട് അമ്മായിയമ്മ പോരാണെങ്കില്‍ ഞാന്‍ നാളെ അവളെ ഇവിടെ കൊണ്ടുവന്നാല്‍ എന്നും 'ഇടിനാശം ആന്‍ഡ്‌ വെള്ളപൊക്കം' ആരിക്കുമല്ലോ അമ്മേ??"

''പോടാ അഹങ്കാരി'' എന്ന് വാത്സല്യത്തോടെ അമ്മ പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ മൊബൈല്‍ സ്ക്രീനില്‍ പ്രാണസഖിയുടെ നിശബ്ദതയില്‍ നിന്നും പൊട്ടിവീണ സന്ദേശത്തിലൂടെ പായുകയായിരുന്നു

"ഓള്‍ ദി ബെസ്റ്റ്‌; ടൂ വെല്‍; മൈ പ്രയര്‍സ് ആര്‍ വിത്ത്‌ യു. ലവ് യു."  

ഹ്മ്! കാര്യമായിട്ടൊന്നും കിട്ടിയില്ല. ഈ ഓള്‍ ദി ബെസ്റ്റ്‌ 15 മിനിറ്റ്‌ മുന്‍പും അവള്‍ പറഞ്ഞതാ. ഇന്ന്  ഒരു 30 തവണ ഇത് തന്നെ പറഞ്ഞു കാണുമവള്‍ . ഇന്റര്‍വ്യൂന് പോകുന്ന എനിക്കില്ലാത്ത ടെന്‍ഷനാണ് എന്‍റെ അമ്മക്കും ഇവള്‍ക്കും. 

"മോനേ, നന്നായിട്ട് ചെയ്യണേ. ഇപ്പോളേ നിന്‍റെ ചേട്ടത്തിയമ്മക്ക് ഇഷ്ടമാകുന്നില്ല നീ ജോലി ഇല്ലാതെ ഇവിടെ നില്‍ക്കുന്നത്. അവളുടെ കുത്തുവാക്കുകള്‍ ഒഴിവാക്കാനെങ്കിലും മോന്‍ ഇത് നേടണം കേട്ടോ"

" ചേച്ചി  വല്ലതും പറഞ്ഞോ ?"

"ഇല്ലട കുട്ടാ. നീ ഇപ്പോള്‍ അത് ഒന്നും ആലോചിക്കണ്ട പോയിട്ട് വാ"

അമ്മയുടെ കവിളില്‍ തലോടി, ബൈക്ക് ഓടിച്ച് ഞാന്‍ ദൂരേക്കകലുമ്പോളും എനിക്ക് ഉറപ്പാണ്‌ കണ്‍വെട്ടത്ത് നിന്നും ഞാനകലും വരെ എന്നെ നോക്കി നില്‍ക്കുന്നുണ്ടാകുമെന്‍റെ അമ്മ. അതാണെന്‍റെ അമ്മ. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മ. മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ചക്കര അമ്മ. ഒരുപക്ഷെ എല്ലാ അമ്മമാരും ഇങ്ങനെ തന്നെയായിരിക്കും. ആയിരിക്കുമെന്നല്ല ആണ്, ഇങ്ങനെ തന്നെ ആണ്. കേവലം രണ്ട് അക്ഷരത്തില്‍ നിര്‍വചിക്കാനാവാത്ത, ഒരു ആയുഷ്കാലത്തില്‍ വര്‍ണിച്ച് തീര്‍ക്കാനാവാത്ത ഒരു പ്രതിഭാസമാണ് ഓരോ മകനും അവന്‍റെ അമ്മ. 

കൗമാരം മുതല്‍ വിവാഹം വരെ ഏതൊരു മകനും അമ്മ കഴിഞ്ഞാല്‍ പിന്നെ  പ്രിയപ്പെട്ട സ്ത്രീ അവന്‍റെ കാമുകി ആയിരിക്കും. ചിലര്‍ക്ക് കാമുകിമാരോട് അമ്മയേക്കാള്‍ സ്നേഹവും, വിശ്വാസവും തോന്നാറുമുണ്ട്. എങ്കിലും അമ്മക്ക് തുല്യമാകില്ല  ഒരു കാമുകിയും. ചിലപ്പോള്‍ ജീവിതത്തില്‍ ഒരു പ്രളയം വന്നാല്‍ പ്രണയിനി  ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ അമ്മ അങ്ങനെ അല്ലാലോ. മുങ്ങിച്ചാകുന്നതിനുമുന്‍പും അമ്മ നോക്കുക മകനെ രെക്ഷിക്കാന്‍ ആയിരിക്കും.

എന്‍റെ അമ്മോ!!! എന്‍റെ പെണ്ണ് കേക്കണ്ട. പിന്നിതുമതി അവള്‍ക്ക്. 'നിങ്ങള്‍ക്ക്‌ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞ് കീറ്റല്‍ തുടങ്ങാന്‍' മോങ്ങാന്‍ ഇരിക്കുന്ന പട്ടിയും പ്രേമിക്കുന്ന പെണ്ണും ഒരുപോലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ, പറയാന്‍ പറ്റില്ലലോ!! വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിക്കില്ലേ!! എന്തൊക്കെ പറഞ്ഞാലും അവളുടെ മെസ്സേജ് കണ്ടില്ലെങ്കില്‍ പിന്നെ ഒരു മൂഡ്‌ ഉണ്ടാകില്ല. 

ബൈക്കില്‍ പോകുമ്പോള്‍ മുഖത്തേക്കടിക്കുന്ന തണുത്ത  കാറ്റുപോലയാണവളുടെ പുഞ്ചിരി. വെയിലിനെ തണുപ്പിക്കാന്‍ ഈ കാറ്റിനുകഴിയുമെങ്കില്‍ മനസ്സിലെ നീറ്റലുകളെ തണുപ്പിക്കാന്‍ അവളുടെ പുഞ്ചിരിക്കാവും. ജോലി കിട്ടാതെ നട്ടം തിരിയുമ്പോള്‍ അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം തന്ന ധൈര്യം ചെറുതല്ല. സ്വന്തം പ്രണയിനിയെ പറ്റി ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി എന്‍റെ മാത്രം പ്രത്യേകതയാണോ? അതോ അഖിലലോക കാമുകന്മാര്‍ക്കും ഈ പുഞ്ചിരി വരാറുണ്ടോ?

"എവിടെ നോക്കിയാടോ ഓടിക്കുന്നത്?" ശബ്ദം എനിക്കെതിരെകടന്നു പോയ കാറില്‍ നിന്നും ആണെന്ന് തോന്നുന്നു. ഞാന്‍ അതിനെന്ത് കാണിച്ചു? ആര്‍ക്കറിയാം? എന്തെങ്കിലും പൊട്ടത്തരം കാട്ടിയിട്ടുണ്ടാകും. മനസ്സില്‍ നിറയെ പ്രേയസി ഇരിക്കുമ്പോള്‍ പരിസരബോധം ആര്‍ക്കും ഉണ്ടാകാന്‍ തരമില്ല; പിന്നെ അല്ലേ എനിക്ക്. 

അവളുടെ ഒരു ഒറ്റവരി മെസ്സേജ് വായിച്ചാല്‍ പോലും മുഖത്തൊരു പുഞ്ചിരി വിരിയും. അവളെ പറ്റി ഓര്‍ത്താലും വരും പുഞ്ചിരി. ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ വിചാരിച്ചാലും, സംസാരിച്ചകാര്യങ്ങള്‍ ഓര്‍ത്താലും, ഒന്നിച്ച് കണ്ട സ്വപങ്ങള്‍ അയവിറക്കിയാലും മനസ്സിലും ചുണ്ടിലും ചിരി വിരിയും. ഇത്ര മനോഹരമോ പ്രണയം!!!!  ഇടതടവില്ലാതെ അവളുടെ മെസ്സേജുകള്‍ വന്നുകൊണ്ടേയിരിക്കും. മെസ്സേജ് വരാത്തപ്പോള്‍ പോലും കാതുകളില്‍ ആ മെസ്സേജ് ട്യൂണ്‍ മുഴങ്ങാറുണ്ട്; ഇപ്പോളും മുഴങ്ങുന്നോ എന്നൊരു സംശയം!

കാതില്‍ മുഴങ്ങിയ മെസ്സേജ് ട്യൂണിനെ ഭേദിച്ചുകൊണ്ട് ഒരു വലിയ ശബ്ദം മുഴങ്ങി, ആരോ എടുത്തെറിഞ്ഞപോലെ ഞാന്‍ തെറിച്ചുപോയിരിക്കുന്നു ഒപ്പം ബൈക്കും. എല്ലുനുറുങ്ങുന്ന വേദന. എഴുനേക്കാന്‍ ഒരു വൃഥാശ്രമം നടത്തി. കണ്ണുകളില്‍ കാമുകിക്ക് പകരം ചുറ്റും കൂടിയ കാഴ്ചക്കാരെ കണ്ടു. കണ്ണുകള്‍ മെല്ലെ അടഞ്ഞു. അടഞ്ഞ കണ്ണുകളിലെ നിറയുന്ന അന്ധകാരത്തില്‍ അറിയാന്‍ സാധിച്ചത് ശരീരത്തില്‍ പടരുന്ന ചുടുചോരയുടെ ചെറുനനവ്‌. മാത്രം.

"ഇങ്ങനെ എന്തെങ്കിലും തോന്നുമ്പോള്‍ പറയണം എന്ന് ഒരു 100 തവണ പറഞ്ഞിട്ടില്ലേ കുഞ്ഞേ? എത്രായാലും നീ അനുസരിക്കില്ലെന്നുവെച്ചാല്‍ കഷ്ടമാ കേട്ടോ" .

അമ്മയുടെ ശബ്ദം കേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ ഒരിക്കല്‍ കൂടി എനിക്ക് മനസ്സിലായി, ഭൂതകാലത്തിലെ ദുരന്തത്തില്‍ വാര്‍ന്നൊലിച്ച രക്തമല്ല നനവ് പടര്‍ത്തിയത് മറിച്ച് ഞാന്‍ അറിയാതെ എന്നില്‍ നിന്നും എന്‍റെ ശരീരം പുറന്തള്ളിയ മൂത്രമാണ് ഇനിയും മരവിക്കാത്ത കൈകള്‍ക്ക് ചൂട്, നനവ് എന്നീ സംവേദനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന്. ഭൂതകാല പ്രണയ സ്വപ്നങ്ങളുടെ തിരുശേഷിപ്പ്; തളര്‍ന്ന ശരീരവും മരവിക്കാത്ത കൈകളും. എന്‍റെ നിറമില്ലാത്ത സ്വപ്നങ്ങളില്‍ ആ ദുരന്തം ഇപ്പോളും ഒരു കാട്ടാളനെ പോലെ വന്ന് ഇടയ്ക്കിടയ്ക്ക് നീറ്റലുകള്‍ സമ്മാനിച്ച്‌ മടങ്ങാറുണ്ട്. എന്‍റെ നീറ്റലൊപ്പാന്‍ പാല്‍പുഞ്ചിരി പൊഴിച്ചിരുന്ന സുന്ദരി ഇന്ന് മറ്റൊരുവന്‍റെ ജീവിതത്തില്‍ പ്രകാശം പരത്തുന്നു. ജീവച്ഛവത്തില്‍ പ്രേമം കണ്ടെത്താന്‍ അവള്‍ അഗോറി സന്യാസി അല്ലല്ലോ! പ്രകാശം നഷ്ടമായതോ എന്‍റെ അമ്മയുടെ ചിരിക്കും.

'ഞാന്‍ ഒന്നും അറിയാറില്ലല്ലോ അമ്മേ' എന്ന് പറയണമെന്നുണ്ടായിട്ടും പറഞ്ഞില്ല, കാരണം അമ്മയ്ക്കും അറിയാം എന്‍റെ നിയന്ത്രണങ്ങള്‍ എന്നെന്നേക്കുമായിത്തന്നെ എനിക്ക് നഷ്ടമായിരിക്കുന്നെന്ന്. നിസംഗതയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അമ്മയും ചിരിച്ചു. ഒരു പക്ഷേ, മൂത്രത്തില്‍ കിടന്നുള്ള എന്‍റെ ചിരി അമ്മയെ എന്‍റെ ബാല്യകാലം ഒര്‍മ്മപെടുത്തിയിരിക്കാം. പുഞ്ചിരിയിലും തുളുമ്പുന്നു കണ്ണുമായി അമ്മ എന്‍റെ വസ്ത്രം മാറ്റി. തറ തുടക്കാന്‍ വെള്ളം എടുത്തപ്പോള്‍ ചേട്ടത്തിയുടെ ശബ്ദം മുഴങ്ങി.

"ശവം, പിന്നെയും വൃത്തികേടാക്കിയോ? ട്യൂബ് ആരാ ഊരി മാറ്റിയത്‌? എന്തൊരു നാറ്റമാ നാറിക്ക്. എവിടെ എങ്കിലും കൊണ്ടുക്കളയരുതോ ഇതിനേ? അതെങ്ങനെ? സമ്പാദിച്ച് തരാന്‍ എന്‍റെ ഭര്‍ത്താവ്‌ ഉണ്ടല്ലോ രണ്ടിനും!!"

ശവം! തികച്ചും യോജിക്കുന്ന പ്രയോഗം, ഒരുപക്ഷേ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ആ ഒരു വാക്ക് യാഥാര്‍ത്ഥ്യമാകണമെന്നുതന്നെയല്ലേ!! പക്ഷേ, ദൈവങ്ങള്‍ ഇങ്ങനെ ആണ്. നരകിക്കുന്നവനെ ഒന്നുകൂടി നരകത്തിലേക്കെറിയും. ഇപ്പോള്‍ ഒരു സംശയം ബാക്കി ആകുന്നു; ശവത്തിന്‍റെ കണ്ണുകള്‍ നിറയുമോ???   

"മോന് വിശക്കുന്നോ? അമ്മ കൊണ്ടുവരട്ടെ ചോര്‍?"

"വേണ്ട"

"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. മരുന്ന് കഴിക്കണ്ടതല്ലേ?"

"വേണ്ടമ്മേ. ഇപ്പോള്‍ അങ്ങോട്ട് പോയാല്‍ ചേച്ചി അമ്മയെ വല്ലതും പറയും"

"നീ അവിടെ അടങ്ങി കിടക്ക്" അമ്മ അടുക്കളയിലേക്ക് പോയി.

അമ്മക്ക് ആ ചോറില്‍ ഒരല്പം വിഷം കലക്കി എനിക്ക് തന്നാലെന്താ? സ്വപ്‌നങ്ങള്‍ നശിച്ചവനെന്തിനീ മൃത ജീവിതം? അമ്മ ഉള്ളോരു കാലമത്രയും ആട്ടും തുപ്പും കൊണ്ടാലും ദാഹജലം ലഭിക്കും. പലപ്പോഴുമെന്‍റെ ഈ ചോദ്യത്തിന് അമ്മ ഉത്തരം പറയാറുണ്ട്‌; അമ്മക്ക് വയ്യാതെ വരുന്ന അന്ന് എന്നേകൊന്നിട്ട് അമ്മ മരിക്കുമെന്ന്. ആ ഒരു കാലം വേഗം വരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നുമില്ല, ആഗ്രഹിക്കുന്നുമില്ല, കാരണം അങ്ങനെ സംഭവിച്ചാല്‍  എന്‍റെ അമ്മയും മരിക്കും. അമ്മ മരിക്കുന്നതേതു മകനാണ് സഹിക്കനാവുക?

ഒരു പാത്രം നിലത്ത് വീഴുന്ന ശബ്ദം കേട്ടു. ഒപ്പം ചേട്ടത്തിയുടെ ആക്രോശവും.

"തള്ളയും മോനും ഇവിടം മുടിപ്പിക്കാന്‍ ആയി ജീവിക്കുവാണോ? എന്‍റെ 20000 രൂപയുടെ ഡിന്നര്‍ സെറ്റാണ് നിങ്ങളിപ്പോള്‍ തള്ളി ഇട്ടു നശിപ്പിച്ചത്‌ തള്ളേ."

പാവം അമ്മക്ക് എന്തോ കൈയബദ്ധം പറ്റിയിരിക്കുന്നു, അതും ഈ ഞാന്‍ കാരണം. ഇനിയും എന്തൊക്കെ എന്‍റെ അമ്മക്ക് അനുഭവിക്കാന്‍ നീ ബാക്കി വെച്ചിരിക്കുന്നു ഭഗവാനെ?

''മോളെ... അവന് കുറച്ച് ചോര്‍ കൊടുക്കാനായി.....''

"പിന്നെ അവന്‍ പട്ടാളത്തില്‍ പോവല്ലേ?? കുറച്ച് തിന്നാല്‍ മതി. അത്രേം കുറച്ചല്ലേ തൂറി നാറ്റിക്കൂ"

"അയ്യോ കുഞ്ഞിന്‍റെ ചോറെടുത്ത് കളയാതെ മോളേ....''

വീണ്ടും ഒരു പാത്രം വീഴുന്ന ശബ്ദം മുഴങ്ങി, ഒപ്പം അമ്മയുടെ വിലാപവും

"എന്നേ തല്ലാതെ മോളേ... ആ തളര്‍ന്നു കിടക്കുന്ന പ്രാണിക്ക് ഒരു വറ്റ് കൊടുക്കനല്ലേ മോളേ..... അയ്യോ.... എന്നേ തല്ലല്ലേ... തല്ലല്ലേ....."

അമ്മയുടെ വിലാപം  കാതുകളില്‍ അലയടിച്ചു.ഇനിയും മരിക്കാത്ത മനസ്സിന്‍റെ വികൃതിയായി ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങി. മെല്ലെ കണ്ണുകള്‍ ഇറുക്കി അടച്ചു. ഇനി ഒരിക്കലും തുറക്കാതിരിക്കാന്‍ മരവിച്ച ശരീരവും മരവിക്കാത്ത മനസ്സും കൂടുതല്‍ തീവ്രതയോടെ  പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. 

31 comments:

  1. കാലത്തേ കണ്ണ് നിറയിച്ചല്ലോ......
    എഴുതാന്‍ നല്ല കഴിവുള്ള ഒരാളായതുകൊണ്ട് ഇങ്ങനെ പറയാന്‍ ആഗ്രഹം...കുറച്ചു കൂടി മന്സ്സിരുത്തിയാല്‍ വെട്ടിത്തിളങ്ങുന്ന രത്നങ്ങള്‍ ഈ ബ്ലോഗില്‍ പ്രകാശിക്കും......കഥയായി, കുറിപ്പായി, അനുഭവമായി....അങ്ങനെയങ്ങനെ.......
    എല്ലാ ആശംസകളും.....

    ReplyDelete
  2. നേരെ നില്‍ക്കുന്നവരെ പോലും നോക്കാന്‍ മടി കാണിക്കുന്ന ലോകം.
    വേദന പടര്‍ത്തുന്ന കഥ.

    ReplyDelete
  3. നന്നായെടാ മോനെ . ..

    ReplyDelete
  4. ആ ദുരന്തം സുന്ദരമായ സ്വപ്നങ്ങളെല്ലാം തകര്‍ത്തു.ജീവിതഗതി മാറ്റിമറിച്ചു.
    ഉള്ളില്‍ നൊമ്പരങ്ങള്‍ സൃഷ്ടിക്കുന്ന 'ചെറുകഥ'.
    ആശംസകള്‍

    ReplyDelete
  5. ഇങ്ങനെയൊന്നും എഴുതല്ലെ, വായിക്കാന്‍ വയ്യ. നടക്കുന്ന കാര്യങ്ങള്‍ ഒക്കെയാണേലും വായിക്കുമ്പോള്‍ വയ്യ. എല്ലാവര്‍ക്കും എല്ലാവരെം സ്നെഹിക്കാന്‍ പറ്റണ കാലം ഉണ്ടാകട്ടെ.

    ReplyDelete
  6. kadha othiri nanayitunduuuu
    kanchi

    ReplyDelete
  7. പുറംചട്ട മാറ്റിയാല്‍ പല മനുഷ്യര്‍ക്കുമുള്ളില്‍ ഇതേ പോലെ ഒരേ ഭാവം കാണാം. നേരിട്ട് തള്ളിയില്ലെങ്കിലും മനസ്സില്‍ പലവട്ടം തല്ലിയിട്ടുള്ളവര്‍ എത്ര കാണും നമുക്കിടയില്‍.
    കഥ നന്നായിരിക്കുന്നു. കുറച്ചു കൂടി ഭാവം നല്‍കാമായിരുന്നു എന്ന് ഒരു അഭിപ്രായം തോന്നി. തുടര്‍ന്നും എഴുതുക, വായിക്കാന്‍ കാത്തിരിക്കാം.

    ReplyDelete
  8. ഇമഷിയില്‍ വായിച്ചിരുന്നു...ആദ്യാവസാനം വരെ നന്നായി.

    അഭിനന്ദനങ്ങള്‍

    ReplyDelete
  9. സര്‍വം സഹായായ അമ്മയും ഉപേക്ഷിച്ചുപോയ കാമുകിയും ക്രൂരയായ എട്ടത്തിയും സ്ത്രീകളാണ്.നല്ല കഥ.ആശംസകള്‍.

    ReplyDelete
  10. കഥ നന്നായി പറഞ്ഞു. ആശംസകള്‍

    ReplyDelete
  11. ഞെട്ടലുണ്ടാക്കുന്ന ,നൊമ്പരജ്ജ്വാലകളുണർത്തുന്ന കഥ.
    നന്നായി എഴുതി.

    ReplyDelete
  12. മനുഷ്യ സ്വഭാവം -
    നന്നായി വിവരിച്ചിരിക്കുന്നു -

    ReplyDelete
  13. നേരത്തെ ഇ-മഷിയില്‍ വായിച്ചിരുന്നു,

    ബൂലോക സഞ്ചാരത്തിനിടെ ഇവിടേയും എത്തി... എഡിറ്റോറിയലില്‍ ധാരാളം ചര്‍ച്ച ചെയ്തതിരുന്നു,,, ആശംസകള്‍, രാകി കൂര്‍പ്പിച്ച്‌ അടുത്ത അങ്കത്തിന്‌ തയ്യാറാവൂ... പുതിയത്‌ വരട്ടെ

    ReplyDelete
  14. എന്താ പ്പോ പറയുക നല്ല വടിവൊത്ത എഴുത്ത് ഇങ്ങനെ ഉള്ള ജീവിതങ്ങളും ണ്ടെ നമ്മുടെ ഇടക്ക് തുടക്കത്തില്‍ നല്ല രസം തോന്നി വായിക്കാന്‍ പക്ഷെ അവസാനം നൊമ്പരം മാത്രം ബാക്കി

    ReplyDelete
  15. ഈ മഷിയില്‍ വായിച്ചതു കൊണ്ടാണ് പിന്നീട് കമന്റാന്‍ മാറ്റിവെച്ചത് ! ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കഥ ,അമ്മയെന്ന ,കടലോളം പറഞ്ഞാലും തീരാത്ത സേനഹ ക്കടലിന്റെ കഥ പറച്ചില്‍ ഏറെ ഇഷ്ട്ടായി ..!!
    -------------------------------------------------
    ഒന്ന് കൂടെ പറയട്ടെ ,വാക്കുകള്‍ ചേര്‍ത്തെഴുതുമ്പോള്‍ വായനക്ക് കൂടുതല്‍ ആസ്വാദനം ലഭിക്കും
    ഉദാഹരണം :
    പെട്രോള്‍ അടിക്കാന്‍ ഉള്ള =പെട്രോളടിക്കാനുള്ള
    ശബ്ദം ഉണ്ടാക്കിക്കൊണ്ടൊരു= ശബ്ദമുണ്ടാക്കിക്കൊണ്ടൊരു ,,
    ഇങ്ങനെ ഒരു പാടുണ്ട് ,അതൊക്കെ കറക്ഷന്‍ ചെയ്‌താല്‍ ഒന്നും കൂടി അടിപൊളിയാകും !!

    ReplyDelete
    Replies
    1. ഇക്കാ ഞാന്‍ ശരിയാകാം ഇക്കാ

      Delete
  16. ഭീഷ്മപിതമഹനു മാത്രം കിട്ടിയ ആ വരം...സ്വശ്ചന്തമരണം...കിട്ടിയിരുന്നെകില്‍ എന്ന് ആഗ്രഹിക്കുന്ന എത്രപേര്‍ ഉണ്ടാകും ഈ ലോകത്തില്‍..

    നല്ല കഥ..അഭിനന്ദനങ്ങള്‍

    ReplyDelete
  17. Very touching story. Three diff charecters of women in 2 situations. Very near to the real life. Best wishes.

    ReplyDelete
  18. ഇ മഷിയിൽ വായിച്ചിരുന്നു., നല്ല അവതരണം. ചെറിയ അക്ഷരതെറ്റുകൾ ശ്രദ്ധിക്കുമല്ലോ. ചെറിയൊരു കല്ലുകടി പോലെയതു തോന്നും. തുടക്കത്തിലെ തന്നെയുള്ള ഇ മഴി എന്നുള്ളത് ഇ മഷി എന്നു എത്രയും പെട്ടന്ന് തന്നെ മാറ്റുമല്ലോ..
    എല്ലാവിധ ആശംസകളും..

    ReplyDelete
  19. പൊള്ളുന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ നന്നായി കുറിച്ചിട്ടിരിക്കുന്നു.
    ആശംസകള്‍ വിഗനെഷ്,!

    ReplyDelete
  20. തൊട്ടു,മനസ്സിനെയും, ചിന്തകളെയും!

    ReplyDelete
  21. നല്ല പോസ്റ്റ്,വിഗ് നേഷ്!

    ചേട്ടത്തിയമ്മയുടെ വാക്കുകള്‍ അല്പം മയപ്പെടുത്തിയെങ്കില്‍.... എന്ന്‍ വ്യക്തിപരമായ അഭിപ്രായം ഉണ്ട്!

    ReplyDelete
  22. ചേട്ടത്തി വന്നിട്ട് 2 കൊല്ലമായിട്ടില്ലല്ലോ.. ഇപ്പോളെ തുടങ്ങിയോ .. ചേട്ടത്തിയെ ഒന്ന് വിളിച്ചു നോക്കെട്ട് ഞാന്‍. പാവം അവള്‍ സ്വപ്നത്തില്‍ പോലും ഇത് വിചാരിക്കുന്നുണ്ടോ ആവോ..

    ReplyDelete
  23. കൊള്ളാം തെമ്മാടി...

    ReplyDelete
  24. കഠിനം ...
    ആ മനസ്സ് ...
    ഇത്തരം ആളുകളുമുണ്ടോ..?
    കഥ നന്നായി .. ആശംസകള്‍ വിഗ്നേഷ് ജീ

    ReplyDelete
  25. എന്തൂട്ടാ പറയാ...
    വെഷമിപ്പിച്ചൂട്ടാ...തൊടങ്ങീപ്പാ..ഇങ്ങനൊക്ക്യാവുന്ന് വിചാരിച്ചൂല്ല്യാ..
    ഇങ്ങനൊരാള്‍ക്കും പണികിട്ടല്ലേന്ന് പ്രാഥിക്കാ..അലാതെന്താചെയ്യാ..
    കലക്കിട്ടാ..

    ReplyDelete
  26. നന്നായിട്ടോ കഥ ആശംസകള്‍, ഇനിയും വന്നോട്ടെ ...ഇനിയും ഇനിയും

    ReplyDelete
  27. ഞാന്‍ ഇത്തിരി സ്ലോ ആയിപ്പോയി
    ഓടിയെത്തുന്നുണ്ട് എന്നാലും

    കഥ കൊള്ളാം കേട്ടോ. നീ ഒരു എഴുത്തുകാരനായി വളരാനുള്ള സ്കോപ്പ് ഉണ്ട്. ശ്രമിക്കുമെങ്കില്‍

    ReplyDelete
  28. മുമ്പ് വായിച്ചിരുന്നതാണ്...നന്നായിരിക്കുന്നു എഴുത്ത്

    ReplyDelete
  29. അവസാനം എക്സാജരെഷന്‍സ്‌ കൂടിയോ എന്ന് തോന്നി...അമ്മ അതിനു പകരം മറ്റൊന്ന് ഉണ്ടാകില്ല തന്നെ .....വേദനിപ്പിച്ചു ,അമ്മയും,മകനും,കാമുകിയും എല്ലാം...ആശംസകള്‍...

    ReplyDelete
  30. എച്ചുമുക്കുട്ടി പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്......എഴുത്തിന് ആശംസകൾ...

    ReplyDelete