Thursday, February 6, 2014

രാധക്കായി

 "വിളിച്ചുകൊണ്ട് വരാം അല്ലേ?" ഒരു നിമിഷം മറുപടിക്കായി കാത്തു എന്നിട്ടും അവിടെ നിശബ്ദത മാത്രം. ചോദ്യം ആവര്‍ത്തിക്കാന്‍ തന്നെ ജിനു തീരുമാനിച്ചു. "വിളിച്ചുകൊണ്ട് വരാം അല്ലേ?". വീണ്ടും നിശബ്ദത തന്നെ. ഇനി ചോദിച്ചിട്ട് കാര്യമില്ലായെന്ന് അറിയാവുന്നതുകൊണ്ടുതന്നെ അവന്‍ മെല്ലെ മുറ്റത്തേക്കിറങ്ങി നടന്നു.

റോഡിലേക്ക്‌ നടന്നകലുന്ന അവനുപിന്നില്‍ ഒരു സ്ത്രീരൂപം പ്രത്യക്ഷപെട്ടു. കാഴ്ചയില്‍ അറുപത് വയസ്സുതോന്നിക്കുന്ന, മുന്നില്‍ ഉള്ള നാല് പല്ലുകള്‍ നഷ്ടമായ, ജരാനരകള്‍ ബാധിച്ച ആ സ്ത്രീരൂപം ദൂരേക്ക്‌ അകലുന്ന മകനെ ഇമചിമ്മാതെ നോക്കി നിന്നു. 

'രാധ' അതായിരുന്നു അവളുടെ നാമം. 'കൃഷ്ണനെ നഷ്ടമായ ദുഃഖത്തില്‍ വൃന്ദാവനത്തിലെ പൈക്കളോടുപോലും പായാരം ചൊല്ലാതെ നടന്ന അതേ രാധയോ ഇവള്‍?' എന്ന് ഇവളെ കാണുന്ന ഏവരും ചിന്തിച്ചിരിക്കും. കൃഷ്ണന്‍റെ രാധയുടെ സ്ഥായീഭാവം വിരഹത്തില്‍ കുതിര്‍ന്ന വേദനയായിരുന്നുവെങ്കില്‍ ഇവളില്‍ അത് വേദനയില്‍ ചാലിച്ച വേദനകള്‍ തന്നെ ആയിരുന്നു.

പാകമാകും മുന്‍പവള്‍  പ്രണയിനിയായി, പ്രണയത്തിലാവും മുന്‍പവള്‍ പ്രേയസിയായി,ഗര്‍ഭപാത്രം നിറഞ്ഞപ്പോളോ വെറുംചണ്ടിയുമായി. ഇതായിരുന്നു രാധയുടെ ജീവിതം. പാവാടപ്രായത്തില്‍ വിദ്യാലയത്തിലേക്കുള്ള വീഥികളില്‍ തന്നെ പിന്തുടര്‍ന്ന ഗോവിന്ദന്‍റെ സ്വരശുദ്ധ  കണ്ഠത്തില്‍ പ്രണയം കണ്ടെത്തിയപ്പോള്‍ അവര്‍ ഒന്നിച്ചു പറഞ്ഞു 'നമ്മള്‍ രാധാകൃഷ്ണന്മാര്‍!' വീട്ടിലെ എതിര്‍പ്പുകള്‍ വകവെക്കാതെ ഗോപാലനില്‍ അലിയാനായി ഇറങ്ങുമ്പോള്‍, അമ്മയുടെ കണ്ണീരിനെ വഞ്ചിക്കാന്‍ അവള്‍   സ്വയം മന്ത്രിച്ചു "യുഗാന്തരങ്ങളായി സഫലമാകാതെ പോയ ആ ദൈവീക പ്രണയം സഫലമാക്കുകയാണിന്നു ഞാന്‍, എന്‍റെ ഗോപാലനുമൊത്ത്"

രാസക്രീഡകളാടിയും ഗാഥകള്‍ പാടിയും നടനം നടത്തിയും അവര്‍ ചരിത്രത്തെ പുച്ഛിച്ചു. രാസകേളികള്‍ക്കൊടുവിലവര്‍ അറിഞ്ഞു ആ വയറിലെ രാസമാറ്റം. ഉദരത്തില്‍ ചെവി ചേര്‍ത്ത്‌ ഗോവിന്ദന്‍ അരുളി 'ചരിത്രത്തെ ഇനി നമ്മള്‍ കൊഞ്ഞനം കുത്തണം. ചരിത്രത്തില്‍ ഗോവിന്ദപുത്രന്‍ പ്രദ്യുത്മനന്‍ ആവാം എന്നാല്‍ എനിക്ക് എന്‍റെ മകന്‍ 'ജിനു' എന്നറിയണം". 

വളരുന്ന ജീവനെ വഹിക്കുന്ന ജടരത്തിന്റെ വലുപ്പം ക്രീടകള്‍ തടഞ്ഞപ്പോള്‍ അവള്‍ അറിഞ്ഞില്ല, ചരിത്രം ആവര്‍ത്തിക്കപെടാനുള്ള തിടുക്കത്തിലാണെന്ന്. കണ്ണുചിമ്മാതെ ഗോവിന്ദന് വേണ്ടി കാത്തിരുന്ന വൃന്ദാവന രാത്രികള്‍ അവളില്‍ വീണ്ടും നിറഞ്ഞു. രാധ ക്രീഡയാടിയ ഗോവിന്ദന്‍റെ രാത്രികളില്‍ ഇപ്പോള്‍ രാധ ഇല്ല; പകരമെത്തിയതോ  ശ്രീദേവിയും. 'കണ്ണന്‍റെ ജിവിതത്തില്‍ ലക്ഷ്മി എത്തിയാല്‍ പിന്നെ രാധക്ക് എന്ത് സ്ഥാനം?' ആ വീട്ടില്‍ നിന്നും ഒപ്പം ഗോവിന്ദന്‍റെ മനസ്സില്‍ നിന്നും  ഇറങ്ങുമ്പോള്‍ അവള്‍ ഓര്‍ത്തിരുന്നു 'ചരിത്രം ആവര്‍ത്തിക്കപ്പെടാനുള്ളതാണ്'. അവളുടെ വേദനക്ക്‌ കൂട്ടായി കാലങ്ങളുടെ രണ്ടറ്റങ്ങളില്‍ ഇരുന്ന് കാളിന്ദിയും കബനിയും അവള്‍ക്കൊപ്പം കരഞ്ഞിരിക്കാം.

പ്രസവവേദനയേക്കാള്‍ അവളെ കരയിച്ചത് ഗോവിന്ദനെ നഷ്ടമായതതില്‍ ഉണ്ടായ ദുഃഖം ആയിരുന്നു. കണ്ണന്‍റെ ദൂതുമായി വൃന്ദാവനത്തില്‍ രാധയെ തേടി അക്രൂരന്‍ എത്തിയ പോലെ തന്നെ തേടി അക്ക്രൂരന്‍ വീണ്ടുമെത്തുമെന്നവള്‍ വിശ്വസിച്ചു. പക്ഷേ, ആരും തന്നെ എത്തിയില്ല. മണിക്കൂറുകള്‍ നിമിഷത്തിന്റെ വേഗത്തില്‍ കടന്നു പോയി. താന്‍ ജന്മം നല്‍കിയ പുത്രന്‍ ഇന്ന് പിതാവായിരിക്കുന്നു പക്ഷേ അവന്‍ അവന്‍റെ അച്ഛനെ കാണാന്‍ നടത്തിയ ശ്രമങ്ങളെല്ലാം ആ രുക്മിണി അവതാരവും പുത്രന്മാരും തടഞ്ഞു. രാധേയനും രാധയും കണ്ണീരില്‍ കുതിരാതെ  നിദ്രയെ പുല്കിയിരുന്നില്ലാ ഒരിക്കലും. 

അക്രൂരന്‍ ദൂതുമായി എത്തിയപോലെ ഇപ്പോള്‍ 'ആ ക്രൂരമായ വിധി' കണ്ണന്‍റെ വാര്‍ത്തയും ആയി എത്തിയിരിക്കുന്നു. ഗോവിന്ദന്‍ ഇപ്പോള്‍ പടിക്ക് പുറത്തായിരിക്കുന്നു പോലും. തമ്മില്‍ തല്ലി ഇല്ലാതായ യദുകുലം പോലെ

സ്വത്തുപങ്കിട്ടപ്പോള്‍ അച്ഛനെ പങ്കിടാതെ അഭിനവ യാദവര്‍ തല്ലിപ്പിരിഞ്ഞു. . വിധിയെന്ന വേടന്റെ അമ്പേറ്റ് കാലുകള്‍ തളര്‍ന്ന ഗോവിന്ദന്‍ അരയാലിന്‍ ചുവട്ടില്‍ അന്തി ഉറങ്ങുന്നുവെന്ന വാര്‍ത്ത രാധയെ വീണ്ടും കരയിപ്പിച്ചിരിക്കുന്നു. അമ്മയുടെ കണ്ണീര്‍ കണ്ട പുത്രന് പിന്നെ അത് ചോദിക്കാതെ ഇരിക്കാന്‍ ആയില്ല 

 "വിളിച്ചുകൊണ്ട് വരാം അല്ലേ?"

ആ ചോദ്യത്തിന് എന്തുകൊണ്ടോ മറുപടി നല്‍കാന്‍ രാധക്ക് ആയില്ല. മനസ്സില്‍ നിറഞ്ഞ സന്തോഷമോ അതോ ഗോവിന്ദന്‍റെ അവസ്ഥയില്‍ ഉള്ള സങ്കടമോ എന്തോ, അവളെ സംസാരിക്കുന്നതില്‍ നിന്നും വിലക്കി. അമ്മയുടെ ഉള്ളം അറിയാവുന ആ മകന്‍ അമ്മയുടെ മൌനാനുവാദം വാങ്ങി താതനെ തേടി അരയാലിന്‍ ചുവട്ടിലേക്ക് യാത്രയായി. അത് നോക്കി നിന്ന രാധയുടെ കണ്ണുകള്‍ കണ്ണീര്‍ വാര്‍ത്തുകൊണ്ടേയിരുന്നു..

കണ്ണീര്‍ സൃഷ്‌ടിച്ച മറയിലും മുറ്റത്തേക്ക്‌ ഒരു കാര്‍ വരുന്നതവള്‍ അറിഞ്ഞു. ഡോര്‍ തുറന്ന് ഇറങ്ങുന്ന മകന്‍റെ തോളില്‍ പിടിച്ച് അയാള്‍ ഇറങ്ങി വന്നു. കലങ്ങിയ കണ്ണുകളും, ചെമ്പിച്ച താടി രോമങ്ങളും നിറഞ്ഞ ആ മുഖം ക്ഷീണിതമായിരുന്നു. കീറിപ്പറിഞ്ഞ വസ്ത്രത്തില്‍ ചെളി നിറഞ്ഞിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന ആ ശരീരത്തിനെ, തന്‍റെ നിത്യപ്രണയത്തിന്‍റെ പൂര്‍ണതയെ, രാധ തന്‍റെ കൈകളില്‍ താങ്ങി എടുത്തു. ഗോവിന്ദന്‍റെ മുരളി മുഴങ്ങിയില്ല, കണ്ഠം അനങ്ങിയില്ല പക്ഷേ നേത്രങ്ങളില്‍ നിന്നു കാളിന്ദി ഒഴുകിത്തുടങ്ങിയിരുന്നു.   

"കരയരുത്, ജന്മങ്ങളുടെ പൂര്‍ണതയാണ് ഈ നിമിഷം. ഇനി ഈ കണ്ണന്‍ രാധയുടെ മാത്രമായിരിക്കുമല്ലോ, രാധയുടെ മാത്രം"

ഗോവിന്ദനേയും മകനേയും കൂട്ടി വീടിനുള്ളിലേക്ക് രാധ നടന്നു, കണ്ണീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരിയോടെ, ഒരു മന്ദമാരുതന്‍റെ അകമ്പടിയോടെ. ആ കാറ്റിന് അമ്പാടിയിലെ രാധയുടെ കണ്ണീരിന്‍റെ ഗന്ധമായിരുന്നു. കാലചക്രം നിഷേധിച്ച തന്‍റെ പ്രണയം, സാഫല്യമടയുന്നത് കാണാന്‍ എത്തിയ രാധയുടെ ശ്വാസം നിറഞ്ഞ മന്ദമാരുതന്‍. ഇത് യുഗങ്ങള്‍ രാധക്കായി കരുതിയ പ്രണയ നീതി. 

Wednesday, February 6, 2013

അവിശ്വാസികള്‍ എന്തിന് ബഹളം കൂട്ടണം??ജോസഫ്‌ സാദിക്‌ രാജാ കുളികഴിഞ്ഞ് തന്‍റെ ആരാധനാ മുറിയില്‍ പ്രവേശിച്ചു. വീടിന്‍റെ ഇടനാഴിയിലും മുറ്റത്തുമായി തിങ്ങി നിറഞ്ഞു നിന്ന ജനങ്ങളേയും വാര്‍ത്താലേഖകരേയും ശ്രദ്ധിക്കാതെ അയാള്‍ മുറിയില്‍ കയറി വാതിലുകള്‍ അടച്ചു.  കുളികഴിഞ്ഞുള്ള അവന്‍റെ ആദ്യ അരമണിക്കൂര്‍ അനന്തതയിലെ അദൃശ്യ ശക്തികള്‍ക്ക് അവകാശപ്പെട്ടതാണ്. കുട്ടിക്കാലം മുതല്‍ ശീലിച്ചതും ഇത് തന്നെ. ശീലിച്ചു എന്ന് പറഞ്ഞുകൂടാ, ശീലിപ്പിച്ചു എന്ന് തന്നെ പറയണം. ആ ശീലം അവനില്‍ വളര്‍ത്തിയ മുത്തശ്ശി, ഇന്ന് ആ അദൃശ്യശക്തികള്‍ക്കൊപ്പം അതേ ധ്യാനമുറിയില്‍ ഒരു തിരിനാളത്തിന്‍റെ പ്രകാശത്തില്‍ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകം. പൂജാമുറി വിട്ട് പുറത്തെത്തുമ്പോള്‍ നിത്യവും അവന്‍റെ  ചുണ്ടുകളില്‍  വിരിയുന്ന പുഞ്ചിരി ഒരുപക്ഷെ ഏതോ മായിക ലോകത്തിരുന്ന്‍ മുത്തശ്ശി അവനായി വിതച്ചതാകം.അയാളും അയാളുടെ ആരാധനാമുറിയും ശാന്തമായിരുന്നെങ്കിലും ആ ശാന്തതതെയെ ഇടക്കിടക്ക് ഭേദിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മതസൂക്തങ്ങളും ഭിത്തികളില്‍ തട്ടി പ്രതിഫലിച്ചുകൊണ്ടേയിരുന്നു.

അകത്ത് ധ്യാനം മുറുകുമ്പോള്‍ പുറത്ത് മുദ്രാവാക്യങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു. ആര്‍ത്തിരമ്പുന്ന ജനങ്ങള്‍ക്ക്‌ മുന്നില്‍ എപ്പോഴോ ആ വാതിലുകള്‍ തുറന്ന് പുഞ്ചിരിക്കുന്ന മുഖവും ആയി സാദിക്‌ രാജ വീടിന്‍റെ ബാല്‍ക്കണിയില്‍  പ്രത്യക്ഷനായി. കാതടപ്പിക്കുന്ന തെറികളും ചീറിപാഞ്ഞ കല്ലുകളും അയാളെ വരവേറ്റു. 'ഹേ റാം' മന്ത്രങ്ങളും, തക്ബീര്‍ വിളികളും, സുവിശേഷ വചനങ്ങളും ആ കല്ലേറിനകമ്പടി സേവിച്ചു. കല്ലില്‍ നിന്നും തല രക്ഷിക്കാന്‍ അയാള്‍ വീടിനകത്തേക്ക്‌ കുതിച്ചപ്പോള്‍ ക്രമസമാധനപാലനത്തിനായി നിന്നിരുന്ന ദ്രുതകര്‍മസേന അക്രമികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. കാവിയും പച്ചയും വെള്ളയും കൊടികള്‍ ഒന്നായി ഒരു ദണ്ഡില്‍ നില്‍ക്കാതെ പല പല ദണ്ഡുകളിൽ നിന്ന് ആ സേനയെ എതിരിട്ടു.  സ്വാതന്ത്ര്യാനന്തര ഇന്ത്യാമഹാരാജ്യത്തിന്‍റെ ചരിത്രത്തില്‍ യുദ്ധത്തിനായി അല്ലാതെ ആദ്യമായി ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സഹോദരന്മാര്‍ ഒന്നിച്ചു നിന്ന് പൊരുതുന്ന ആ സുന്ദര നിമിഷം ഒപ്പാന്‍  വിദേശമാധ്യമങ്ങള്‍ പോലും അവിടേക്ക് തങ്ങളുടെ ലേഖകരെ ക്യാമറയും നല്‍കി വിട്ടിരുന്നു. മതമേതായാലും വാര്‍ത്തകള്‍ മതി എന്ന് ഉരുവിടുന്ന അഭിനവ സ്വദേശാഭിമാനികള്‍ മത്സരിച്ച് ആ കലാപം ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.

പുറത്ത് കലാപം പടരുമ്പോള്‍ ആ വലിയ വീടിന്‍റെ ഉള്ളില്‍ ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍ ഒരു പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു. കസേരകള്‍ വലിച്ചിട്ട്,  ചാനല്‍ ചര്‍ച്ചയില്‍ കീറിമുറിക്കാന്‍ പറ്റിയ  ഒരു വാക്ക്‌ വീണുകിട്ടാനായി  അവര്‍ ക്ഷമയോടെ ഇറച്ചികടയില്‍ പട്ടി ഇരിക്കും പോലെ കാത്തിരുന്നു. ആ ക്ഷമാശീലരെ ഒട്ടും നിരാശപ്പെടുത്താതെ രാജ അവരുടെ മുന്നില്‍ എത്തി തനിക്കായി ഒരുക്കിയിരുന്ന കറങ്ങുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. ആ മുഖത്ത് ഇപ്പോളും പുഞ്ചിരി പ്രകടമായിരുന്നു. പുറത്ത് നടക്കുന്ന ബഹളങ്ങളോ തന്‍റെ രക്തത്തിനായി മുറവിളികൂട്ടുന്ന സാമുദായിക സംഘടനകളുടെ ഭീഷണികളോ അയാളെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്ന് ആ പുഞ്ചിരി വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

ആ ശാന്തരൂപി തന്നെ വളഞ്ഞിരിക്കുന്ന പത്രപ്രവത്തകര്‍ക്ക് വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ക്കിടയില്‍ തളംകെട്ടിക്കിടന്ന നിശബ്ദത ഭേദിച്ചു.

"ചോദിക്കാം നിങ്ങള്‍ക്ക്‌, എന്ത് ചോദ്യം വേണെങ്കിലും. എനിക്ക് കഴിയുന്ന രീതിക്ക് സത്യസന്ധമായി തന്നെ എല്ലാത്തിനും മറുപടി തരാന്‍ ഞാന്‍ ശ്രെമിക്കാം"

ആ പുഞ്ചിരിക്കുന്ന മുഖത്തേക്ക് ചോദ്യശരങ്ങള്‍ തൊടുക്കാന്‍ ആ നിമിഷം ഓരോ മാധ്യമപ്രവര്‍ത്തകനും വെമ്പല്‍ കൊണ്ടു, ആ വെമ്പലില്‍ നിന്ന് ആക്കം ഉള്‍ക്കൊണ്ട് ആദ്യശരം ലക്‌ഷ്യം തേടിപ്പറന്നു.

"ഈ സിനിമയിലൂടെ താങ്കള്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മതവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന വാദം ശക്തം ആണ്. ഈ വാദത്തോട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു??"

"ഈ സിനിമയിലൂടെ ഞാന്‍ ആരെയും അപമാനിക്കുന്നില്ല. ഞാന്‍ എന്‍റെ ജീവതത്തില്‍ നേരിട്ട സംഭവങ്ങള്‍ ആണ് സിനിമയുടെ ആദ്യ പകുതിയില്‍ പരാമര്‍ശിക്കുന്നത്. 20 വര്‍ഷംമുമ്പ് നടന്ന വര്‍ഗീയ ലഹളയില്‍ അച്ഛനേയും അമ്മയേയും നഷ്ടമായവനാണ് ഞാന്‍; പിന്നീട് ഇങ്ങോട്ട് മുത്തശ്ശി ആയിരുന്നു എല്ലാം. എന്നില്‍ വര്‍ഗീയത നിറയാതെയിരിക്കാനും  മതം എന്നെ ഭരിക്കുന്നത് തടയാനുമായി മുത്തശ്ശി എന്‍റെ പേരില്‍ പോലും മാറ്റം വരുത്തി. ജോസഫ്‌ സാദിക്‌ രാജ എന്ന ഞാന്‍ പേരുകൊണ്ടുപോലും ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ അല്ല. ഈശ്വര വിശ്വാസിയായ മനുഷ്യനാണ് ഞാന്‍.; ഇത് തന്നെ ആണ് കഥയുടെ ഇതിവൃത്തവും. ഇന്നത്തെ സാമൂഹിക അവസ്ഥ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? വര്‍ഗീയത അല്ലെങ്കില്‍ മത ധ്രുവീകരണം ആണ് നാം നേരിടുന്ന പ്രശ്നം. മനുഷ്യന്‍ ദൈവത്തെ കച്ചവടത്തിന് ഉപയോഗിക്കുന്നതുകണ്ട് സഹികെട്ട കൃഷ്ണനും ജീസസും അള്ളാഹുവും ഒന്നിച്ചുനിന്ന് മനുഷ്യനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ശ്രെമിക്കുന്നതാണ് ഈ സിനിമയുടെ രണ്ടാം പകുതിയില്‍ പ്രതിപാദിക്കുന്നത്.  ഹിന്ദു ദൈവം അഹിന്ദു ദൈവത്തെ തൊട്ടതിനാല്‍  ഹിന്ദു ദൈവത്തെ ഞാന്‍ അശുദ്ധിപ്പെടുത്തി, ജീസസ്‌ മറ്റുദൈവങ്ങള്‍ക്കൊപ്പം നിന്നതിനാല്‍ ക്രൈസ്തവരുടെ ഏകദൈവ വിശ്വാസത്തെ ഞാന്‍ തകര്‍ത്തു, അല്ലാഹുവിനെ കാണിച്ചതിനാല്‍ ദൈവത്തിനു രൂപം നല്‍കി ഞാന്‍ ഇസ്ലാം മതത്തിനെ അപമാനിച്ചു. ഇങ്ങനെ ആണ് മതവിശ്വാസങ്ങളെ ഞാന്‍ തകര്‍ത്തത്. എന്നാല്‍ എനിക്ക് പറയാന്‍ സാധിക്കും ഈ എതിര്‍പ്പ് ദൈവങ്ങള്‍ അപമാനപ്പെട്ടതിനാല്‍ അല്ല, സ്വപ്നത്തില്‍ പോലും മനുഷ്യന് ഒന്നിക്കാന്‍ സാധിക്കില്ല എന്നാല്‍ ദൈവങ്ങള്‍ സിനിമയില്‍ എങ്കിലും ഒന്നിച്ചു. ദൈവം ഒന്നിച്ചതിനാല്‍ അപമാനിതനായ മനുഷ്യന്‍ ആണ് ഈ സിനിമയെ എതിര്‍ക്കുന്നത്. ദൈവങ്ങള്‍ ഒന്നിച്ചതാണ് ഇതില്‍ അപമാനം ആയി വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മനുഷ്യന് സാധിക്കാത്തത് ചെയാന്‍ സാധിക്കുന്നത് തന്നെ അല്ലെ ദൈവത്തെ ദൈവം ആക്കി നിര്‍ത്തുന്നതും? "


"അപ്പോള്‍ ജനങ്ങള്‍ കാണിക്കുന്ന ഈ എതിര്‍പ്പിനെ എങ്ങനെ നേരിടും?" ആരോ അടുത്ത ചോദ്യശരം തൊടുത്തു


ചോദ്യത്തിനുള്ള ഉത്തരമെന്നോണം മുഖത്തെ പുഞ്ചിരിയില്‍ ഒരു പുച്ഛം കടന്നു വന്നത് ക്യാമറാ കണ്ണുകള്‍ അയാള്‍ പോലും അറിയാതെ ഒപ്പിയെടുത്തു.

"അള്ളാഹുവിനേയോ, ജീസസിനെയോ, കൃഷണനേയോ ഞാന്‍ കളിയാക്കിയില്ല. അവനവന്‍റെ മതമാണ് വലുതെന്ന് പറഞ്ഞ്, ആ ഗര്‍വ്വിന് ഒരു പോറല്‍ പറ്റിയാല്‍ അതിനു കാരണമായവനെ ദൈവനാമത്തില്‍ ശിക്ഷിക്കാന്‍ ഇറങ്ങുന്ന കപട ദൈവ വിശ്വാസികളെ ആണ് ഞാന്‍ കളിയാക്കിയത്. അവരുടെ കാപട്യം കാണുമ്പോള്‍ യഥാര്‍ഥ വിശ്വാസികള്‍, അവര്‍ ആരും ആയിക്കൊള്ളട്ടെ, ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യനോ ആരും, ഈ കള്ളനാണയങ്ങളെ തള്ളിപ്പറയും. കേവലം ഒരു ഭ്രൂണമായ മനുഷ്യനു പോലും ഇത്തരം കപട വിശ്വാസികളെ വെറുക്കാന്‍ തോന്നുന്നു എങ്കില്‍ സര്‍വശക്തനായ ഈശ്വരന്‍ ഇത്തരക്കാരെ ശിക്ഷിക്കാന്‍ ഉറപ്പായും യുദ്ധം ചെയ്യും. ഇത് തന്നെ അല്ലെ ഞാന്‍ എന്‍റെ സിനിമയില്‍ കാണിച്ചതും, ഇതില്‍ എന്ത് ആണ് തെറ്റ്?

"ബഹുദൈവങ്ങളെ പ്രതിപാദിച്ച് താങ്കള്‍ ശരിക്കും ഏകദൈവ മതങ്ങളെ അപമാനിക്കുക തന്നെ അല്ലെ ചെയ്തത്?" 

ഒരു നിമിഷം അയാള്‍ എന്തോ ആലോചിച്ചു പിന്നെ ഒരു നെടുവീര്‍പ്പോടെ അയാള്‍ സംസാരിച്ചു തുടങ്ങി

"ഈശ്വരന്‍ ഒന്നേ ഉള്ളു എന്നും മനുഷ്യന്‍ തന്നെ ആണ് അവനെ  പങ്കുവെച്ചതെന്നും ചിന്തിക്കുന്നവനാണ് ഞാന്‍.; മതവിശ്വാസങ്ങളിലും ആചാരങ്ങളിലും അതത് ദേശത്തെ സംസ്കാരം പ്രതിഫലിക്കുന്നത് തന്നെയാണ് ഞാന്‍ പറഞ്ഞതിന്‍റെ തെളിവ്‌. പ്രാചീന ഭാരതീയര്‍ സസ്യഭുക്കുകള്‍ ആയതിനാല്‍ അവര്‍ അവരുടെ ദൈവങ്ങള്‍ക്ക് സസ്യഭുക്ക് പരിവേഷം നല്‍കി. പ്രാചീന കാലം മുതല്‍ ഭൂമിയുടെ ഓരോ വശങ്ങളില്‍ മനുഷ്യന്‍ അവന്‍റെ കുലത്തിന്‍റെതായ സംസ്കാരം കെട്ടിപ്പൊക്കിവരുന്നത് കണ്ട സര്‍വശക്തന്‍, മനനം ചെയ്യാന്‍ കഴിവുള്ളജീവികള്‍ വഴിതെറ്റിപ്പോകാതെയിരിക്കാന്‍, അവരില്‍ ഒരാള്‍ ആയി അവരുടെ ഭാഷ സംസാരിക്കുന്നവന്‍ ആയി, അവരുടെ ഭക്ഷണരീതികള്‍ പിന്തുടര്‍ന്നുവനായി അവരുടെ ഇടയില്‍ എത്തി. വത്യസ്ഥ ദേശത്ത് വത്യസ്ഥ സമയത്ത് വത്യസ്ഥ സംസ്കാരത്തില്‍ അവന്‍ ജനിച്ചു. പരദേശി രൂപത്തില്‍ മനുഷ്യന് ഇടയിലേക്ക്‌ വന്നാല്‍ മനുഷ്യന്‍ അവനെ കൂട്ടത്തില്‍ കൂട്ടാതെയിരിക്കുമോ എന്ന ചിന്ത ആകാം ഈശ്വരനെ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിച്ചതും. കൃഷ്ണന്‍  സസ്യഭുക്കും, കര്‍ത്താവ്‌ വൈന്‍ കുടിക്കുന്നവനും, പ്രവാചകന്‍ മാംസം കഴിച്ച് മദ്യം വര്‍ജിച്ചവന്‍ ആയതും ഇതിനാല്‍ ആകാം.പക്ഷേ, ഈശ്വരന് പിഴച്ചു. തങ്ങളുടെ ഇടയില്‍ വന്നവന്‍ എന്ത് ചെയ്യുന്നുവോ അത് മാത്രം ആണ് ശരി എന്ന് ചിന്തിച്ച് തമ്മില്‍ തമ്മില്‍ അവര്‍ യുദ്ധം ചെയ്തുകൊണ്ടേ ഇരിക്കുന്നു.ആര്‍ക്കുവേണ്ടി രക്തം ചിന്തുന്നുവോ അവന്‍ രക്ത ദാഹിയല്ല കരുണാമയനാണെന്ന്  ഈ വിഡ്ഢികള്‍ അറിയുന്നില്ല"

"താങ്കള്‍ വിഡ്ഢികള്‍ എന്ന് വിളിച്ചത് ആത്മീയ നേതാക്കളെ ആണോ?"

ചോദ്യം ഉതിര്‍ത്ത ലേഖകനെ നോക്കി രാജ സംസാരിച്ചു തുടങ്ങി

"ഹ ഹ ഹ.. ആത്മീയ നേതാക്കളോ അങ്ങനെ ഒരു നേതാവിന്‍റെ ആവശ്യം ആത്മീയതക്ക് ഉണ്ടോ? രക്തം ചിന്താന്‍ ആഹ്വാനം ചെയുന്ന ആത്മീയ വാദികള്‍ ആരുംതന്നെ ആത്മീയമായി ഉണര്‍ന്നവന്‍ അല്ല എന്ന് എനിക്ക് നിസംശയം പറയാന്‍ സാധിക്കും. കാരണം ആത്മീയത നിങ്ങളെ ഒന്നില്‍ നിന്നും തടയുന്നില്ല. മനോ വിഷമമില്ലാതെ എല്ലാം ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ആണ് യഥാര്‍ത്ഥ ആത്മീയത വിഭാവനം ചെയ്യുന്നത്. ആ വഴി നടക്കുന്നവന്‍ ഒരിക്കലും അനാചാരം അനുഷ്ഠിക്കില്ല എന്തെന്നാല്‍  അവന്‍ എല്ലാരിലും ഈശ്വരനെ കാണുന്നവന്‍ ആയിരിക്കും. അല്ലെങ്കില്‍ ചെയുന്ന പ്രവൃത്തികള്‍ക്കെല്ലാം അന്ത്യനാളില്‍ ആ സര്‍വശക്തന്റെ മുന്നില്‍ കണക്കുകള്‍ അവതരിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്ന ചിന്ത അവന് ഉണ്ടായിരിക്കും; ഉമര്‍ ഖലീഫയെ പോലെ. ഈശ്വരനെ സ്നേഹിക്കുന്നവന് ഈശ്വരനെ വഞ്ചിക്കാനും നിന്ദിക്കാനും ആവില്ലലോ."

"വര്‍ഗീയവാദികളോട് താങ്കള്‍ക്ക് പറയാന്‍ ഉള്ളത്?""

"അവനവന്‍ വിശ്വസിക്കുന്ന മതം ഈ ലോകം മുഴുവന്‍ വേണമെന്ന് വാശിപിടിച്ച് എന്തിനു നിങ്ങള്‍ രക്തം ചിന്തണം? ഈ പറയുന്ന ദൈവങ്ങളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ലോകം മുഴുവന്‍ തന്‍റെ മതത്തിന്‍റെ അധീനതയില്‍ വരണം എന്ന് തോന്നിയിരുന്നെങ്കില്‍ അയാള്‍ എന്നേ മറ്റുള്ള മതങ്ങളുടെ ദൈവങ്ങളെ കീഴടക്കിയേനെ. എന്നാല്‍ ദൈവങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല. പിന്നെ എന്തിന് നാം ചെയ്യണം? ഏതെങ്കിലും ഒരു മതം ഈ ലോകം മുഴുവന്‍ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ? പണ്ട് ഭാരതം മുഴുവന്‍ ഹിന്ദുമതം ആയിരുന്നപ്പോള്‍ ശൈവരും വൈഷ്ണവരും തമ്മില്‍ ഏറ്റുമുട്ടി ക്ഷേത്രങ്ങള്‍ക്കും ജനങ്ങള്‍ക്കും നാശം വരുത്തിയത് ഹിന്ദു വാദികള്‍ മറന്നോ? ജാതിയുടെ പേരില്‍ ഉള്ള വേര്‍തിരിവ്‌ നിങ്ങള്‍ കാണുന്നില്ലെ? ക്രൈസ്തവരില്‍  ഇന്നലെയും ഇന്നും ഉള്ളത് വലിപ്പം പറഞ്ഞ് തമ്മില്‍ അടിക്കുന്ന ഒരുകൂട്ടം സഭകള്‍ അല്ലെ? സമാധാനത്തിന്‍റെ മതമായ ഇസ്ലാമില്‍ ഷിയകളും സുന്നികളും തമ്മില്‍ ഉള്ള അധികാര വടംവലികള്‍ മതനേതാക്കള്‍ മറന്നോ?? സമാധാനത്തോടെ കഴിയാന്‍ അല്ലെങ്കില്‍ പിന്നെ എന്തിന് ലോകം മുഴുവന്‍ ഒറ്റമതം മതി എന്ന് വാശിപിടിക്കണം?

ഇന്ന് രക്തം ഊറ്റി നാളെ രക്തരൂഷിതം ആക്കാന്‍ നമ്മള്‍ പരിശ്രമിക്കുന്നു. അവസാനമായി എനിക്ക് നിങ്ങളോടും ഈ ലഹളക്കാരോടും ഒന്നേ പറയാന്‍ ഉള്ളു  ഒരു സിനിമകൊണ്ട് കളങ്കപ്പെടുന്നതാണ് നിങ്ങളുടെ ഈശ്വരനെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെ പൂര്‍ണമായി വിശ്വസിക്കുന്നില്ല എന്നല്ലെ? അവിശ്വാസികള്‍ എന്തിന് ബഹളം കൂട്ടണം??

ഇനിയും നിങ്ങള്‍ക്ക്‌ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം പക്ഷേ, അത് മറ്റൊരു അവസരത്തില്‍ ആവട്ടെ. ഇപ്പോള്‍ നമുക്ക്‌ പിരിയാം. ഈ കലാപകാരികള്‍ കാല്‍ അറുത്തുമാറ്റിയ എന്‍റെ 4 വയസുകാരി മോള്‍ക്ക് എന്‍റെ സാമീപ്യം ആവശ്യം ആണ്. അവള്‍ക്കൊപ്പം ചിലവഴിക്കാന്‍ എനിക്ക് കുറച്ചു സമയം വേണം.അതിനാല്‍ ഈ സംഭാഷണം നമുക്ക്‌ ഇവിടെ നിര്‍ത്താം. എല്ലാവര്‍ക്കും എന്‍റെ നമസ്കാരം."

ഭാവഭേദങ്ങള്‍ ഒട്ടുമില്ലാതെ അയാള്‍ ആ തിരക്കില്‍ നിന്നും മെല്ലെ തല വലിച്ചു. അപ്പോഴും മതഭേദമന്യേ ആ മുറ്റത്ത് മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടെ ഇരുന്നു.
*******************************************************************************
സമയരഥം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. വീല്‍ചെയറില്‍ മകളെ ഇരുത്തി അയാള്‍ ടിവിക്ക് മുന്നില്‍ വന്നിരുന്നു. നേരം ഇരുട്ടിയതിനാല്‍ ആയിരിക്കാം ആ വീടിന്‍റെ പരിസരം ശാന്തമായത്. ഇപ്പോള്‍ അവിടെ മുദ്രാവാക്യങ്ങള്‍ ഇല്ല, കാതടപ്പിക്കുന്ന അശ്ലീല വര്‍ഷങ്ങളുമില്ല. ആ ശാന്തതയില്‍ അയാള്‍ സ്നേഹത്തില്‍ ചാലിച്ച ചോറുരുളകള്‍ ആ കുഞ്ഞുവായില്‍ വെച്ചുകൊടുത്തു. പിന്നീട് എന്തോ ഓര്‍മ്മവന്നപ്പോള്‍  കാര്‍ട്ടൂണ്‍ ചാനെല്‍ മാറ്റി അയാള്‍ വാര്‍ത്താ ചാനലുകളിലേക്ക് കുതിച്ചു.

മലയാളരമ ന്യൂസില്‍ സ്ക്രോളിംഗ്  ആയി പോകുന്ന വരികള്‍ കണ്ട് ആദ്യമായ്‌ അയാളുടെ പുഞ്ചിരി ഒന്ന് മങ്ങി.

"യേശുദേവന്‍ മദ്യപാനി: സാദിക്‌ രാജ " ആദ്യ ഞെട്ടല്‍ മാറിയ നിമിഷം അയാള്‍ അടുത്ത ചാനെലിലേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വിവിധ ചാനലില്‍ കൂടി അയാള്‍ ഒരു പ്രദക്ഷിണം തന്നെ നടത്തി.

"ദൈവങ്ങള്‍ യുദ്ധകൊതിയന്മാര്‍  - സാദിക്‌ രാജ"

"ആത്മീയ നേതാക്കള്‍ കള്ളന്മാര്‍ - സാദിക്"

ഇങ്ങനെ വര്‍ണാഭമായ ബ്രേക്കിംഗ് ന്യൂസ്‌ തലക്കെട്ടുകള്‍ എല്ലാ പ്രമുഖ ചാനലുകളിലും കൂടി ഒഴുകുന്നതും അവയെ കീറിമുറിച്ച് വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്യുന്നതും മങ്ങിയ പുഞ്ചിരിയോടെ തന്നെ അയാള്‍ കണ്ടിരുന്നു എങ്കിലും കാര്‍ട്ടൂണ്‍ ചാനല്‍ വെക്കാനായി മകള്‍ നിര്‍ബന്ധിക്കുന്നത് മാത്രം രാജ അറിഞ്ഞില്ല.
*************************************************************************
എന്തൊക്കെയോ കോലാഹലങ്ങള്‍  കേട്ടാണ് അയാള്‍ ഉണര്‍ന്നത്. അരികില്‍ കിടക്കുന്ന മകളേയും ഭാര്യയേയും നോക്കിയശേഷം ജോസഫ്‌ സാദിക് രാജ മെല്ലെ റൂമിനു പുറത്തേക്ക് ഇറങ്ങി. ബാല്ക്കണിയില്‍ നിന്ന് അയാള്‍ ചുറ്റുപാടും നിരീക്ഷിച്ചു. അകലെ നിന്നും തീപന്തങ്ങള്‍ ഏന്തിയ ജനസഞ്ചയം തന്‍റെ വീട് ലക്ഷ്യമാക്കി പ്രകടനം നടത്തുന്നത് മായാത്ത പുഞ്ചിരിയോടെ അവന്‍ നോക്കി നിന്നു. ആ പ്രകടനക്കാര്‍ തന്‍റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടും ആ പുഞ്ചിരി മാഞ്ഞില്ല. കയ്യില്‍ ഏന്തിയ വിവിധ വര്‍ണ്ണ പതാകകളില്‍ പച്ചയും വെള്ളയും കാവിയും കണ്ടു, പക്ഷേ മൂവര്‍ണ്ണക്കൊടി മാത്രം ആരുടെ കയ്യിലും കണ്ടില്ല.

ബാല്‍ക്കണിയില്‍ ആ ശാന്തരൂപനെ കണ്ട മതഭ്രാന്തന്മാര്‍ക്ക് ശാന്തത നഷ്ടമായത് അതിവേഗം ആയിരുന്നു. "ഈശ്വരനെ കൊലപാതകിയും യുദ്ധകൊതിയനും ആയി പ്രഖ്യാപിച്ച സാമദ്രോഹിയെ കൊല്ലടാ" എന്ന് ആരോ അക്രോശിച്ചതും കല്ലുകള്‍ മഴപോലെ പതിച്ചതും ഒരുമിച്ചായിരുന്നു. ഒരു കല്ല്‌ നെറ്റിയില്‍ പതിച്ചതും ആര്‍ത്തനാദത്തോടെ അയാള്‍ മുകളില്‍ നിന്ന് നിലത്തേക്ക് പതിച്ചതും താങ്ങിയെടുക്കണ്ട ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയതും  കൃഷ്ണനോ അള്ളാഹുവോ ജീസസോ പറഞ്ഞിട്ടായിരുന്നില്ല. കൈത്തരിപ്പുകള്‍ തീര്‍ത്തശേഷം  ആ ജനക്കൂട്ടം പിന്‍വാങ്ങുമ്പോള്‍  ഇനിയും വിരിയാത്ത മതസൗഹാര്‍ദം തേടി ആത്മീയജീവികളും മതമില്ലാത്ത മനുഷ്യനെ തേടി ഒരാത്മാവും  ആ ശരീരം വിട്ടകന്നിരുന്നു. 

Sunday, November 18, 2012

ദി വാള്‍ സ്ട്രീറ്റ്‌ ജേര്‍ണലിലെ കഷണ്ടി


"എന്‍റെ കൊച്ചനേ, ഇപ്പോള്‍ നീ ഒരു കിളവന്‍ ആയല്ലോ? വെള്ളത്തിന്‍റെ ആണോ? എന്ത് പറ്റിയതാ? എണ്ണ ഒന്നും പുരട്ടുന്നില്ലെ? പെണ്ണ് കിട്ടുകേല പറഞ്ഞേക്കാം"

ഒരു വര്‍ഷത്തിന് ശേഷം കണ്ട അനന്തരവനോട് ഒറ്റ ശ്വാസത്തില്‍ അമ്മായി ഇത്രയും ചോദിച്ചു നിര്‍ത്തി; അതും സുഖവിവരങ്ങള്‍ പോലും തിരക്കാതെ. ഈ അമ്മായിക്ക് ഒരു പണിയും ഇല്ലേ എന്ന് മനസ്സില്‍ ആലോചിച്ചുവെങ്കിലും അത് അങ്ങ് തുറന്ന് പറയാന്‍ ഒരു കുഞ്ഞി മടി തോന്നി. വന്നുകയറുമ്പോള്‍ തന്നെ ആളുകളെ വെറുപ്പിക്കുന്നത് മോശമല്ലെ!

"അമ്മായി, അമ്മായിക്ക് ഞങ്ങള്‍ ദുബായില്‍ നിന്ന് ഒരു വാച്ച് മേടിച്ചു . ചേട്ടന്‍റെ ബാഗില്‍ ആണ് സാധനം. ഇപ്പോള്‍ എടുത്തുതരാം" പന്ത് നേരെ ചേട്ടന്‍റെ കോര്‍ട്ടിലേക്ക് തിരിച്ച് വിടാനായി ദുബായ് വാച്ച് എടുത്തങ്ങ്‌ തൊടുത്തു.

"ഗള്‍ഫ്  വാച്ച് മേടിച്ചതിന് പകരം  നിനക്കൊരു ഗള്‍ഫ്‌ ഗേറ്റ് വാങ്ങാമായിരുന്നു." അമ്മായി വിടാന്‍ ഭാവമില്ല. ഇനി നിന്നാല്‍ എന്‍റെ ചരമഗീതം അവിടെ എഴുതപ്പെടുമെന്ന് ഉറപ്പായതിനാല്‍ ഓടി റൂമില്‍ കയറി, കതക്‌ കുറ്റിയിട്ട് അശരീരി മുഴക്കി.

"ഞാന്‍ കുളിക്കാന്‍ പോവ. അമ്മേ, ഞാന്‍ കുളിച്ചിട്ട് വന്നിട്ട് ഒന്നിച്ച് അമ്പലം പോകാം. ഭഗവതിയെ കണ്ടിട്ട് കുറെ നാള്‍ ആയില്ലേ"

കുളിമുറിയില്‍ കയറി കതകടച്ച് കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തിന്‍റെ അടിയില്‍ തല കാട്ടിയപ്പോള്‍ മാത്രമാണ് തലയെ പറ്റി തല പൊതിക്കുന്ന ചിന്തകള്‍ ഉയര്‍ന്നത്. ഭിത്തിയിലെ കണ്ണാടിയില്‍ തല കണ്ടപ്പോള്‍ ഉള്ളില്‍ ഒരു ചെറിയ അമ്പരപ്പ്‌ പടര്‍ന്നു. 25 വയസ്സില്‍ 35 ന്‍റെ പ്രകൃതം. തലയില്‍ മുടി ഇല്ലെങ്കില്‍ ഇത്ര വല്യ കുഴപ്പമുണ്ടാകും എന്ന് സ്വപനത്തില്‍ വിചാരിച്ചതല്ല. മുടിയില്ലാത്ത എനിക്കില്ലാത്ത ആധി ആണല്ലോ കണ്ട് നിക്കുന്നവര്‍ക്ക്. ഇനി ഈ കഷണ്ടി എന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ക്ക് എതിരെ പ്രസംഗം ഉടന്‍ തയ്യാര്‍ ആക്കണം, എന്നിട്ട് ആക്ഷേപം തുടങ്ങുമ്പോള്‍ സുരേഷ്ഗോപി സ്റ്റൈല്‍ അത് മുഖത്ത് നോക്കി അങ്ങ് കാച്ചണം. കുളിക്കിടയില്‍ ധീരമായ തീരുമാനം എടുത്ത സന്തോഷത്തില്‍ കുളി മതിയാക്കി പുറത്തിറങ്ങി.

അമ്പലത്തിലേക്ക് ഇറങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം അലയടിച്ചു. ഒരു വര്‍ഷത്തിന് ശേഷം അമ്മക്ക് ഒപ്പം ഉള്ള ഈ അമ്പല ദര്‍ശനം വല്ലാത്ത സന്തോഷം തരുന്നു. ശ്രീകോവിലില്‍ തൊഴുത് പ്രദക്ഷിണം തുടങ്ങിയപ്പോള്‍ തലയില്‍ അടിച്ച് പ്രതിഫലിച്ച സൂര്യ രശ്മികളുടെ ചൂട്‌ വീണ്ടും തലയില്‍ കഷണ്ടി ചിന്തകള്‍ ഉയര്‍ത്തി. മുടിയില്ലെങ്കില്‍ ചൂട് കൂടും എന്ന നഗ്ന സത്യം പ്രദക്ഷിണം എന്നെ ബോധ്യപ്പെടുത്തി. പക്ഷെ അതിന് ഒരു മറുവശം ഉണ്ടല്ലോ. മുടി ഉള്ളപ്പോള്‍ വിയര്‍പ്പ് തലയില്‍ താഴും; എന്നാല്‍ മുടി ഇല്ലെങ്കില്‍ ആ പ്രശ്നമില്ല. പനി പിടിക്കാനുള്ള സാധ്യത മുടി ഇല്ലെങ്കില്‍ കുറക്കാം. ബലെ ഭേഷ്‌ ! മുടി ഇല്ലെങ്കില്‍ പനിയില്ല. ബാര്‍ബര്‍ക്ക് കാശും കൊടുക്കണ്ട. ഹോ ലാഭം തന്നെ.

"ഇത് ആങ്ങള ആണോ?" മുന്നില്‍ നിന്നും ഉള്ള ചോദ്യം എന്‍റെ തലയിലെ ചിന്തകളെ തട്ടി മറിച്ചു. അമ്മക്ക് ഒപ്പം നടന്ന പ്രായം ആയ സ്ത്രീ സ്നേഹത്തോടെ അമ്മയുടെ കയ്യില്‍ നിന്നും പായസം വാങ്ങി കുശലം അന്വേഷിച്ച ചതിയായിരുന്നു എന്‍റെ കാതുകളില്‍ മുഴങ്ങിയത്.

ഒരു ഞെട്ടലോടെ ഞാന്‍ അമ്മയെ നോക്കി. ഒരു കുഞ്ഞി പുഞ്ചിരി എനിക്ക് സമ്മാനിച്ചുകൊണ്ട് അമ്മ അവര്‍ക്ക്‌ മറുപടി നല്‍കി.

"അല്ല, എന്‍റെ ഇളയ മകന്‍ ആണ്."

മുഖത്ത് നിറഞ്ഞ ചമ്മല്‍ മറക്കാന്‍ ഒരു പുഞ്ചിരി നല്‍കി ആ ഭക്ത പായസം വാങ്ങി വേഗം സ്ഥലം വിട്ടു. അവരുടെ ഓട്ടം കണ്ട് ഹരം പിടിച്ച അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഡാ, കൊച്ചുമോനെ എന്നെ കണ്ടാല്‍ പ്രായം പറയുകേയില്ല, അല്ലേ?"

"അമ്മേ കണ്ടാല്‍ പ്രായം പറയും. പക്ഷെ, എന്നെ കണ്ടപ്പോള്‍ അവര്‍ക്ക്‌ എന്‍റെ പ്രായം പറയാന്‍ പറ്റിയില്ല; അതാ അങ്ങനെ പറഞ്ഞത്." 

അമ്പലത്തിന്‍റെ പുറത്ത് എത്തി ഷര്‍ട്ട്‌ ധരിച്ച ശേഷം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ദൈവത്തിന് ഞാന്‍ നന്ദി പറഞ്ഞു. "ആങ്ങള അല്ലേ ആക്കിയത്! അത് അങ്ങ് സഹിക്കാം. അമ്മയുടെ കെട്ടിയോന്‍ ആക്കഞ്ഞത് നിന്‍റെ കൃപ ദേവി........"

"ഡാ, നീ ഒന്ന് എന്‍റെ കൂടെ വാ. നമുക്ക്‌ അനിലിന്‍റെ വീട് വരെ ഒന്ന് പോയിട്ട് ഓടി വരാം." വീട്ടിലെത്തിയ ഉടന്‍ ചേട്ടന്‍റെ ക്ഷണമെത്തി. അനിലിന്‍റെ വീട് എങ്കില്‍ വീട്. എങ്ങോട്ടെങ്കിലും ഒന്ന് മാറിയാല്‍ തല്കാലത്തേക്ക് തല തകര്‍ക്കുന്ന കഷണ്ടി ചിന്തകളില്‍ നിന്ന് ഒന്ന് രക്ഷപെടാം. ചേട്ടനൊപ്പം ബൈക്കില്‍ കയറി അനിലിന്‍റെ വീട് ലക്ഷ്യമാക്കി പാഞ്ഞു. പാതി വഴിയില്‍ ചേട്ടന്‍ വണ്ടി നിര്‍ത്തി.

"എന്താ ചേട്ടാ?"

"ഈ കട ലക്ഷ്മിയുടെ അമ്മാവന്‍റെ അല്ലേ. അവിടെ ഒന്ന് കയറിയാല്‍ ആ പണി അങ്ങ് തീരും. പിന്നെ ഇതിനായി മാത്രംഇവിടെ വരണ്ടല്ലോ."

"ശരി എങ്കില്‍ വണ്ടി അങ്ങോട്ട്‌ കേറ്റ്."

"ആഹാ, ആരൊക്കെയാ ഇത്. വരണം വരണം. എപ്പോള്‍ വന്നു?"

ബൈക്ക് അകത്തേക്ക് കയറിയപ്പോള്‍ തന്നെ അമ്മാവന്‍ കുശലച്ചോദ്യം തുടങ്ങി. ബൈക്കില്‍ നിന്ന് ഇറങ്ങാതെ തന്നെ ചേട്ടന്‍ മറുപടി നല്‍കി.

"ഞങള്‍ ഒന്നിച്ചാണ് വന്നത്. ഇന്ന് വെളുപ്പിനെ വീട്ടില്‍ എത്തി."

"ലക്ഷിമി എവിടെ?" ബൈക്ക് ഓടിക്കുന്ന ലക്ഷ്മിയുടെ ഭര്‍ത്താവിന്‍റെ മുഖത്ത് നോക്കി ചോദിക്കാതെ ആ വൃദ്ധനമ്മാവന്‍ എന്‍റെ മുഖത്ത് നോക്കി ചോദ്യം തൊടുത്തു. ചേട്ടത്തിയെ പറ്റിയുള്ള ചോദ്യത്തിന് ഞാന്‍ എന്തിനാ മറുപടി നല്‍കുന്നതെന്ന ചിന്തയില്‍ ഞാന്‍ മിണ്ടാതെ നിന്നു. അതിന് മറുപടിയും ചേട്ടന്‍ തന്നെ നല്‍കി.

"അവിടെ ഉണ്ട്. ഞങ്ങള്‍ ചുമ്മാ കൂട്ടുകാരന്‍റെ വീട്ടിലേക്ക്‌ ഇറങ്ങിയതാ"

"കുഞ്ഞിന് സുഖം അല്ലേ? അച്ഛനെ കണ്ടിട്ട് കുഞ്ഞിന് മനസ്സിലായോ? കയ്യില്‍ വന്നോ?" മൂപ്പിലാന്‍ വീണ്ടും ചോദ്യങ്ങള്‍ എന്‍റെ മുഖത്ത് തന്നെ നോക്കി ആവര്‍ത്തിച്ചു.

അതിന്‍റെ മറുപടിയും ചേട്ടന്‍ തന്നെ നല്‍കി. "പിന്നെ അവള്‍ക്കും സുഖം. എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ ചാടി കയ്യില്‍ വന്നു"

"ലക്ഷ്മിയെ ഇത്തവണ കൊണ്ടുപോകുന്നോ കൂടെ?" ആ ചോദ്യവും എന്നോട് തന്നെ  ആയപ്പോളെനിക്ക് കാര്യം മണത്തു. മൂപ്പീന്‍എന്‍റെ ഈ ചൊട്ട തല കണ്ട് ഞാന്‍ ആണ് ജേഷ്ഠന്‍ എന്ന് ധരിച്ചിരിക്കുന്നു.

ഇത്തവണയും മറുപടി വന്നത് ചേട്ടന്‍റെ വായില്‍ നിന്ന്. ഇത് കൂടി ആയപ്പോള്‍ മൂപ്പിന്‍റെ നിയന്ത്രണം നഷ്ടമായി. "അല്ല എന്ത് ചോദ്യം ചോദിച്ചാലും ഉത്തരം അനിയന് മാത്രമെ ഉള്ളോ? അത്രയ്ക്ക് നാണം ആണോ? പെണ്ണുമ്പിള്ളയെ പറ്റി ചോദിച്ചാലും ഉത്തരം അനിയന്‍ ആണല്ലോ തരുന്നത്."

ഇത്തവണ വെള്ളിടി ചേട്ടന് തന്നെ വെട്ടി. "അമ്മാവ. ഞാന്‍ തന്നെ ആണ് എന്‍റെ ഭാര്യയുടെ ഭര്‍ത്താവ്. ഇത് എന്‍റെ അനിയനാ. അവന്‍റെ മുടി പോയ കാരണം ഇപ്പോള്‍ എന്നെ കണ്ടാല്‍ അവന്‍റെ അനിയന്‍ ആണെന്ന് പറയും."

മൂപ്പിലാന്‍റെ ചമ്മിയ മുഖം കണ്ടിട്ട് എനിക്ക് കലിപ്പ് കൂടി. ദേഷ്യ ച്ചൂടില്‍ ബാക്കി ഉള്ള മുടി കൂടി പോകുമോ എന്ന് വെച്ച് ചേട്ടനോട് വണ്ടി വിടെന്ന് ആഗ്യം കാട്ടി. ബൈക്ക്‌ പറക്കുമ്പോള്‍ മനസ്സിനും കഷണ്ടി ആകുന്നോ എന്ന് ഒരു സംശയം തോന്നാതെ ഇരുന്നില്ല.

അനിലിന്‍റെ ഭവനം സന്ദര്‍ശിച്ച ശേഷം വിയര്‍പ്പ് പൊടിയുന്ന തലയും ആയി വീട്ടില്‍ വന്നു കയറിയപ്പോള്‍ ഒരു പരിചിത മുഖം പുഞ്ചിരിയോടെ എതിരേറ്റു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ മനസ്സിലായി. ചേട്ടന്‍റെ കല്യാണം നടത്തിയ മൂന്നാന്‍; ചന്ദ്രക്കല തോല്‍ക്കുന്ന പുഞ്ചിരിയുമായി അടിമുടി കീറിമുറിച്ച് നോക്കുന്നു. സമീപം ഒരു ഗൂഡസ്മിതവും ആയി അമ്മയും

"സോമന്‍ മാമന്‍ എപ്പോള്‍ വന്നു? എന്തൊക്കെ ഉണ്ട് വിശേഷം?"

"വിശേഷങ്ങള്‍ ഉണ്ടാക്കല്‍ അല്ലെ നമ്മുടെ പണി. ഒരു വിശേഷം ഒപ്പിക്കാന്‍ വന്നതാ ഇവിടെ. ഒരു പെങ്കൊച്ച് ഉണ്ട്. ഡോക്ടര്‍ ആണ്. ഇട്ടുമൂടാന്‍ ഉള്ള പണം ഉണ്ട്. ആ കേസ് കയ്യില്‍ കിട്ടിയപ്പോള്‍ മോനെ പറ്റി ആലോചിച്ചു. അത് അമ്മയോട് പറയുവരുന്നു. ആലോചിക്കട്ടെ???"

"എന്‍റെ സമാധാനം കൂടി നശിച്ചു കാണാന്‍ നല്ല താല്പര്യം ആണ് അല്ലേ മാമന്? ഇപ്പോള്‍ ആലോചിക്കണ്ട. കുറച്ചൂടെ ഒക്കെ ഇങ്ങനെ പോട്ടെ."

"കുറച്ചൂടെ കഴിയാന്‍ നിക്കണ്ട. നിന്നാല്‍ തലയില്‍ ഒരു മുടി പോലും നിക്കില്ല. വേഗം പെണ്ണ് കെട്ട്. ഇല്ലെങ്കില്‍ പിന്നെ പെണ്ണ് കിട്ടില്ല. "

നാട്ടില്‍ എത്തി 6 മണിക്കൂര്‍ തികയും മുന്‍പ്‌ ഇത് അറുപതാം വട്ടം കേള്‍ക്കുകയാണ് ഈ കഷണ്ടി ആക്ഷേപം. നെല്ലിപലക എന്ന പലക കണ്ടു, ഇനിയും അയാള്‍ ഇത് തന്നെ പറഞ്ഞാല്‍ ആ പലക എടുത്ത് ഞാന്‍ ഈ മണ്ട പോളിച്ചേക്കും എന്ന് സ്വയം തോന്നാതെ ഇരുന്നില്ല. ഇനി ആരെങ്കിലും ഈ മണ്ടയെ പറ്റി പറഞ്ഞാല്‍ ഒരുപക്ഷേ എനിക്ക് സഹിക്കാന്‍ ആവും എന്ന് ഞാന്‍ കരുതുന്നില്ല. 

തിരിഞ്ഞ് മുറിയിലേക്ക്‌ കയറാം എന്ന് ഉറപ്പിച്ച എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് വീണ്ടും വന്നു ഒരു കൂട്ട കമെന്റ്റ്‌.; 

"ഇനി ഇവനെ ഏതെങ്കിലും പെണ്ണിന് ഇഷ്ടം ആകും എന്ന് എനിക്ക് തോന്നുന്നില്ല." പരിഹാസത്തിന് ഒപ്പം ഒരു കൂട്ടച്ചിരിയുയര്‍ന്നു. ക്രോധാഗ്നി മനസ്സില്‍ ആളിയതിനാല്‍ ആരാണ് ആ ശബ്ദരേഖയുടെ ഉടമ എന്ന് തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും എന്‍റെ ദേഷ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാലെന്ന പോലെ പുറത്തേക്കു കുതിച്ചു.

"ഒന്ന് നിര്‍ത്തുന്നുണ്ടോ എല്ലാരുടേം കിണി." ചിരികള്‍ക്ക് ഇടയില്‍ മുഴങ്ങിയ എന്‍റെ ആക്രോശം ആ ചിരിമേളത്തിന്‍റെ അന്ത്യകൂദാശ നടത്തി. എന്‍റെ ഭാവമാറ്റത്തിന്‍റെ അലയൊലികള്‍ ആ മുഖങ്ങളിലെ പുഞ്ചിരിയെ നിമിഷാര്‍ദ്ധത്തില്‍ മായിച്ചു. 

"വന്ന് കയറിയ നിമിഷം മുതല്‍ പറയാന്‍ തുടങ്ങിയതാ നാട്ടുകാരും വീട്ടുകാരും മുടിയില്ലാ മുടിയില്ലാ മുടിയില്ലാ എന്ന്. എന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ എന്താ? ഞാന്‍ മുടി ചീകുവോ, ചീകാതെ ഇരിക്കുവോ ചെയ്യും.അതും അല്ലെങ്കില്‍ പറിച്ചു കളയും. അതില്‍ ആര്‍ക്കാ ഖേദം? 
 ശരീരത്തെ മറ്റു  ഭാഗങ്ങളില്‍ രോമം വളര്‍ന്നാല്‍ അത് വൃത്തികേടെന്ന് മുദ്രകുത്തി രേസറും ക്രീമും എന്ന് വേണ്ട നൂല്‍ വരെ ഉപയോഗിച്ച് കളയാന്‍ മത്സരിക്കുന്ന ഒരു സമൂഹം തലയിലെ രോമം ഒരു ചിലവും ഇല്ലാതെ ശരീരം തന്നെ പൊഴിച്ച് കളയുന്നത് ഒരു വൈരൂപ്യമായി കാണുന്നതിലെ ബൌദ്ധികതലം എനിക്ക് മനസ്സിലാകുന്നില്ല. കഷണ്ടി ബുദ്ധിയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ തഴച്ചു വളരുന്ന മുടിയിലാണ് സൌന്ദര്യമെന്ന് മറുകൂട്ടര്‍. ; അപ്പോള്‍ സൗന്ദര്യവും ബുദ്ധിയും ഉള്ള ഒരു മനുഷ്യ ജീവി പോലും ഈ ലോകത്ത് ഇല്ലേ? ആണിന്‍റെ തലയില്‍ മുടിയില്ലെങ്കില്‍ പെണ്ണ് കിട്ടില്ല എന്ന് പറയുന്ന സകല അവന്മാരോടും കഷണ്ടി പയ്യനെ വേണ്ടാ എന്ന് പറയുന്ന സകല അവളുമാരോടും ഒന്ന് ചോദിച്ചോട്ടെ അവരുടെ ഒക്കെ തലയിലെ അലങ്കാരമായ ഈ പൂട അവിടുന്ന് കൊഴിഞ്ഞ് ചോറില്‍ വീണാല്‍ അവരൊക്കെ  'കേശാലങ്ക്രിത ഭോജനം' എന്ന് കരുതി രുചിയോടെ ആ ചോറു തിന്നുമോ? "

"പോരാത്തതിന് കുറെ പരസ്യങ്ങളും. ഇതെല്ലം 'ജനിടിക്‌' ആണെന്നറിയാതെ അതില്‍ പോയി വീഴുന്ന കുറെ മനുഷ്യരും. ഒരു മരുന്നായി ഇറക്കുന്ന ഈ ഉത്പന്നങ്ങള്‍ ശരിയ്ക്കും കഷണ്ടി മാറ്റുമെങ്കില്‍ പരസ്യത്തിന് താഴെ എന്തിന് ഉറുമ്പിനെക്കാള്‍ ചെറിയ അക്ഷരത്തില്‍ എഴുതി കാട്ടണം, ഈ പറയുന്നത് എല്ലാം പരസ്യ മോഡല്‍ ആക്ടര്‍സ് ആണെന്ന്? ഒരു ക്ലിനിക്കല്‍ ട്രയല്‍ പോലും ഇല്ലാതെ പരസ്യത്തിന്‍റെ മാത്രം പിന്‍ബലത്തില്‍ വരുന്ന ഇത്തരം ഉത്പന്നങ്ങളുടെ പരസ്യത്തില്‍ വീണ് വേഗം ആ എണ്ണ വാങ്ങിച്ചോളൂ എന്ന് ഉപദേശിക്കുന്ന കുറെ ബന്ധുക്കളും കൂടി ആകുമ്പോള്‍ ശുഭം."

"കെട്ടിയോന്‍റെ തലയില്‍ മുടി ഇരുന്നാല്‍ അലങ്കാരം, ചോറിലും  തറയിലും വീണാല്‍ അത് അഴുക്കും അഹങ്കാരവും. ഈ ഇരട്ടത്താപ്പ്‌ ശരിയാണോ?
കഷണ്ടി ആയാല്‍ പ്രായമായി എന്ന് പറയുന്ന പുന്നാര മക്കള്‍ ഒന്ന് മനസ്സിലാക്കിക്കോ. കേരളത്തില്‍ ഇങ്ങനെ ആണ് എന്ന് കരുതി ലോകത്തെല്ലാം ഇങ്ങനെ ആണെന്ന് കരുതരുത്. "

വായും പൊളിച്ച് നിക്കുന്ന സോമന് നേര്‍ക്ക് വെട്ടി തിരഞ്ഞ് തീപാറുന്ന നോട്ടത്തില്‍ തുടര്‍ന്നു.  

"വാള്‍ സ്ട്രീറ്റ്‌ ജേര്‍ണല്‍ കഷണ്ടിയെ പറ്റി എന്താ പറഞ്ഞത് എന്ന് അറിയോടോ തനിക്ക്‌?"

"ഇല്ല." ഞെട്ടിത്തരിച്ച സോമന്‍ തെല്ലൊരു അമ്പരപ്പോടെ തലയാട്ടി.

"Baldness can be a business advantage എന്ന്. കഷണ്ടി ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന്. എന്തും നേരിടാന്‍ ശക്തി തരുമെന്ന്. ഇപ്പോള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും കഷണ്ടി അല്ലാത്ത പല ബിസിനസ്‌ പ്രമുഖരും ആത്മവിശ്വാസം കൂട്ടാന്‍ തല വടിച്ച് നടക്കുകയാണ് . അറിയാമോ തനിക്കൊക്കെ ഇത്? എവിടുന്ന് അറിയാന്‍? തനിക്ക്‌ കേരളത്തിലെ മുടിയന്മാരുടെ കല്യാണം നടത്തിക്കഴിഞ്ഞ് സമയം കിട്ടിയാല്‍ ലോകത്തേക്ക് ഒക്കെ ഒന്ന് എത്തി നോക്ക്. അപ്പോള്‍ മനസ്സിലാകും ഞങ്ങള്‍ കഷണ്ടികളുടെ വില. എല്ലാരും കേക്കാന്‍ ആണ് ഈ പറഞ്ഞത്"  

പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു ഷാജി കൈലാസ്‌ പടം അവസാനിച്ചിരുന്നു. ഇത്രയും വല്യ ഉപന്യാസം ഒറ്റശ്വാസത്തില്‍ പറഞ്ഞ് തീര്‍ത്ത ശേഷം ചുറ്റിനും ഒന്ന് കണ്ണോടിച്ചു. എല്ലാവരും എന്തോ മഹാസംഭവത്തിന് സാക്ഷ്യം വഹിച്ചപോലെ അന്തം വിട്ട് കുന്തം വിഴുങ്ങി നിക്കുന്നു. എല്ലാവരുടേയും മുഖത്ത് ഒരു ഭയവും ബഹുമാനവും നിറയുന്നത്   ഞാന്‍ ആസ്വദിച്ചു. വിജയി ഭാവത്തില്‍ വെട്ടിത്തിരിഞ്ഞ് ഒരു സ്ലോ മോഷന്‍ വോക് മനസ്സില്‍ കണ്ട് കിടപ്പറ ലക്ഷ്യമായി ഞാന്‍ നടന്നു. അമ്മയടക്കം ഏവരും ശ്വാസം അടക്കി അത് നോക്കി നിന്നു.

"കുഞ്ഞ് അവിടെ ഒന്ന് നിന്നേ." പിന്തിരിഞ്ഞ് നടന്ന എന്നെ സോമന്‍റെ ശബ്ദം പിടച്ച് നിര്‍ത്തി.

"എന്താടോ തന്‍റെ സംശയം ഇത് വരെ തീര്‍ന്നില്ലെ?"

"തീര്‍ന്നു കുഞ്ഞേ. പക്ഷേ, കുഞ്ഞേ... എനിക്ക് അമേരിക്കയിലേം ഇംഗ്ലണ്ടിലേം കാര്യങ്ങള്‍ അറിയില്ല, എങ്കിലും ഇവിടുത്തെ കാര്യം അറിയാം. അതെന്താന്ന് കുഞ്ഞിന് അറിയോ?"

"ഇല്ല"

"എങ്കില്‍ കേട്ടോളു. ഇവിടെ 'റോഡ്‌ ഇല്ലാത്ത വസ്തുവും മുടിയില്ലാത്ത പയ്യനും ഒരു പോലെ ആണ്. വെറുതെ കൊടുത്താലും ഒരു പട്ടിക്കും വേണ്ട'"

ആ ഒരു നിമിഷത്തില്‍ കുറെ 'വായ്'കള്‍ ഒന്നിച്ച് തുറന്നു. ആദ്യത്തെ അമ്പരപ്പിന് ശേഷം പൊട്ടിത്തെറിക്കുന്ന ശക്തിയില്‍ ഒരു കൂട്ടപ്പൊട്ടിച്ചിരി അവിടെ ഒഴുകി നടന്നു. ഹിറ്റ്‌ ആകും എന്ന് പ്രതീക്ഷിച്ച ഷാജികൈലാസ് പടം വീണ്ടും തകര്‍ന്ന അവസ്ഥയില്‍ ചമ്മിയ മുഖവും. കപ്പലുകയറിയ മാനവും, പട്ടിക്കുപോലും വേണ്ടാത്ത കഷണ്ടിയുമായി തിരകെ ഓടി റൂമില്‍ കയറുമ്പോള്‍ മനസ്സ് ഉരുവിട്ടു. 

"കേരളമേ നിന്നേ ഭ്രാന്താലയമെന്നു വിളിച്ച വിവേകാനന്ദന്‍ തലമണ്ട മറച്ച് നടന്നതിന്‍റെ പൊരുള്‍ ഇന്ന് ഞാന്‍ അറിയുന്നു. തലയിലെ കഷണ്ടി കണ്ടാല്‍ മാത്രം ഭ്രാന്ത് ഇളകുന്ന ഭ്രാന്തന്മാര്‍ ഉള്ള നാട്ടില്‍ തലയല്ലാതെ പിന്നെന്ത് മറയ്ക്കാന്‍??"

Wednesday, November 14, 2012

തന്തക്ക് പിറക്കാത്തവള്‍

ഒക്ടോബര്‍ ലക്കം ഇ-മഷിയില്‍ പ്രസിദ്ധീകരിച്ച കഥ

"അമ്മേ ഈ 'തന്തക്ക് പിറക്കാത്തവള്‍' എന്നാല്‍ എന്താ അര്‍ഥം?"

കുഞ്ഞുലക്ഷ്മിയുടെ ചോദ്യത്തിന് മുന്‍പില്‍ അമ്മിണിയമ്മ ഒരു നിമിഷം പകച്ചുപോയി എങ്കിലും സമചിത്തത വീണ്ടെടുത്ത അമ്മിണി കുഞ്ഞിലക്ഷ്മിയെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു. കുടിലിന്‍റെ വാതില്‍ മെല്ലെ ചാരിക്കൊണ്ട് അമ്മിണിയമ്മ ചോദിച്ചു

"മോള്‍ക്ക്‌ വിശക്കുന്നോ?"

"ഇല്ല"

തഴപ്പായ വിരിക്കുന്നതിനിടയില്‍ കുഞ്ഞുലക്ഷ്മി അവളുടെ ചോദ്യം ആവര്‍ത്തിച്ചു.

"അമ്മേ, പറ ഈ 'തന്തക്ക് പിറക്കാത്തവള്‍' എന്നാല്‍ എന്താ?"

"മോളോട് ആരാ ഇത് പറഞ്ഞത്? അങ്ങനെ ഒന്നും ഇല്ല"

"എന്നിട്ടിന്ന് അരീം കൂട്ടാനും കളിച്ചപ്പോള്‍ കണ്ണനും  രാധേം പറഞ്ഞല്ലോ ഞാന്‍ തന്തക്ക് പിറക്കാത്തവളാനെന്ന്‍''

"അങ്ങനെ ഒന്നുമില്ല, എന്‍റെ മോള്‍ ഉറങ്ങിയാട്ടെ. അമ്മ പാടി ഉറക്കട്ടെ?"

സംഗീതം  എന്നും അവളുടെ ജീവനായിരുന്നു. അമ്മാവന്‍റെ വീട്ടില്‍ നിന്നും റേഡിയോ ഗാനം ഉയരുമ്പോള്‍ അവളുടെ ഹൃദയം അതിലേക്ക് ആകര്‍ഷിക്കപെടാറുണ്ട്. പക്ഷെ, അവസാനം അമ്മായിയുടെ ശകാരം വാങ്ങി, കണ്ണുകള്‍ നിറച്ച് അവള്‍ മടങ്ങിവരുന്നത് നീറുന്ന ഹൃദയത്തോടെ അമ്മിണി നോക്കി നിന്നിരുന്നു. എങ്കിലും ഒരു തവണ പോലും തന്‍റെ മകളെ ശകാരിച്ചവരെ എതിര്‍ക്കാന്‍ അമ്മിണിയുടെ നാവ് ഉയര്‍ന്നിരുന്നില്ല. നിരാലംബരും നിസഹായരും ആയവരുടെ നീറ്റല്‍ ആരെയും കാണിക്കാന്‍ ആവില്ലല്ലോ! അങ്ങനെ കാട്ടിയാല്‍ ചിലപ്പോള്‍ കേറി കിടക്കാനായി തന്ന  കുടിലില്‍ നിന്നും പൊന്നാങ്ങള ഇറക്കി വിടുമോ എന്ന ഭയം എന്നും അമ്മിണിയെ വേട്ടയാടിയിരുന്നു.

കുഞ്ഞുലക്ഷ്മി അമ്മയുടെ മടിയിലേക്ക് തല ചായിച്ചു. അമ്മിണിയുടെ താരാട്ടുപാട്ടിന്‍റെ മാധുര്യത്തില്‍ നിദ്രാദേവത ആ കുഞ്ഞുമാലാഘയെ തഴുകി പക്ഷെ, അമ്മിണിക്ക് മാത്രം ഉറക്കം വന്നില്ല. അമ്മിണിയില്‍ നിന്നും ഉറക്കം മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് കുഞ്ഞുലക്ഷ്മിയോളം പ്രായം ആയിരിക്കുന്നു. കുഞ്ഞുലക്ഷ്മിയുടെ  അച്ഛനെ കുറിച്ചുള്ള ചിന്തകള്‍ ആയിരുന്നു അവള്‍  ജനിക്കും മുന്‍പ്‌ ഉറക്കം കെടുത്തിയിരുന്നതെങ്കില്‍ ഇന്ന് അതിനുകാരണം അച്ഛനെ പറ്റിയുള്ള അവളുടെ ചോദ്യങ്ങള്‍ ആണ്. 

അച്ഛന്‍ ആരാ? അച്ഛന്‍ എവിടെയാ? കാണാന്‍ എങ്ങനെയാ? എന്നാ കാണാന്‍ വരുക? എന്താ എല്ലാരും അച്ഛനെ കുറ്റം പറയുന്നത്? തന്തയില്ലാത്തവളാണോ? ഇങ്ങനെ  എണ്ണിയാല്‍ തീരാത്ത ചോദ്യങ്ങള്‍ ആണ് കുഞ്ഞുലക്ഷ്മിയില്‍ നിന്നും അമ്മിണി ദിനംപ്രതി അഭിമുഖീകരിക്കുന്നത്. ചിലതിനു മറുപടി നല്‍കിയും മറ്റുചില ചോദ്യങ്ങള്‍ കേട്ടില്ലാന്ന്‍ നടിച്ചും അമ്മിണി അതിനെ നേരിട്ടു. 

അമ്മിണി മോളെ നോക്കി. അവള്‍ നല്ല ഉറക്കത്തില്‍ ആയിരിക്കുന്നു. അവളുടെ തല മെല്ലെ എടുത്തു തലയിണയില്‍ വെച്ചശേഷം റാന്തല്‍ അണക്കാന്‍ കൈയില്‍ എടുത്തു. അതില്‍ നിന്നും നിര്‍ഗമിക്കുന്ന പ്രഭാകിരണങ്ങള്‍ ആ കുടിലിനെ പ്രഭാപൂരിതമാക്കുന്നത് അവള്‍ അറിഞ്ഞു. എങ്ങോ കണ്ട നിഷ്കളങ്ക പുഞ്ചിരിപോലെ ആ പ്രകാശം അവള്‍ക്ക് മുന്നില്‍ നിറഞ്ഞു. തന്‍റെ പ്രിയതമന്‍റെ പുഞ്ചിരിപോലെ പ്രഭ നിറഞ്ഞതാണ് ആ പ്രകാശം എന്ന് അവള്‍ക്കു തോന്നി.

എപ്പോഴും പുഞ്ചിരിച്ചിരുന്ന മനുഷ്യന്‍., ആരിലും ബഹുമാനം നിറക്കുന്ന പെരുമാറ്റത്തിന്‍റെ ഉടമ. ഒരു നിമിഷം പോലും ആ മുഖത്ത് നോക്കി ആര്‍ക്കും മറുത്ത് ഒരക്ഷരം പറയാന്‍ സാധിച്ചിരുന്നില്ല. അവളെ ജീവനേക്കാള്‍ ഏറെ സ്നേഹിച്ചിരുന്ന അവളുടെ സ്വന്തം അപ്പു. ഇന്ന് അയാള്‍ എവിടെ ആയിരിക്കും? സുഖമായി ജീവിക്കുന്നുണ്ടാകുമോ? തന്നെയും മോളെയും ഓര്‍ക്കുന്നുണ്ടാകുമോ? ഒരായിരം ചിന്തകള്‍ അമ്മിണിയുടെ മനസ്സില്‍ മിന്നിമാഞ്ഞു.

ആ ദിവസങ്ങള്‍ എത്ര മനോഹരമായിരുന്നു. നാലാള്‍ കാണ്‍കെ വീട്ടുകാരുടെ അനുമതിയോടെ പുടവ തന്ന  ആണ്‍പിറന്നോന്‍.., ഒരുപാട് സ്നേഹം മാത്രം തന്ന, സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന പുരുഷന്‍;ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ജീവിതം  നല്‍കിയ സ്വന്തം അപ്പുവേട്ടന്‍ . അവള്‍ ഗര്‍ഭിണി ആണെന്ന് അറിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും അപ്പുവേട്ടന്‍ തന്നെ. അന്ന് ആ വയറ്റില്‍ തല വെച്ച് ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി ആണെന്ന് പ്രവചിച്ചതും അയാള്‍ തന്നെ. കുഞ്ഞുലക്ഷ്മി എന്ന പേര് മോളൂന് നല്‍കണം എന്നാഗ്രഹിച്ചതും മറ്റാരുമല്ലായിരുന്നു. എന്നിട്ടിപ്പോള്‍ തന്തക്ക് പിറക്കാത്തവള്‍ എന്ന പേരാണ് അവള്‍ക്ക്. 

ചിന്തകള്‍ അമ്മിണിയുടെ കണ്ണുകള്‍ നിറച്ചു. ആ കണ്ണീര്‍ തുടച്ചശേഷം റാന്തല്‍ വിളക്ക് അണച്ചവള്‍ ആ കുടിലില്‍ ഇരുട്ട് പരത്തി. തന്‍റെ പ്രിയന്‍റെ പുഞ്ചിരി തന്നില്‍ നിന്നും, കുടിലില്‍ നിന്നും മായിക്കാന്‍ ഇതല്ലാതെ മറ്റു വഴികള്‍ അവള്‍ക്കില്ലായിരുന്നു. ഉറങ്ങാന്‍ ആഗ്രഹിച്ച അമ്മിണിയില്‍ അന്ധകാരം അപ്പുവിന്‍റെ വാടിയ മുഖത്തിന്‍റെ ഓര്‍മ്മകള്‍ നിറച്ചു. 

ആ മുഖം ഒരിക്കലും വാടി അവള്‍ കണ്ടിട്ടില്ല. ഓര്‍മ്മകളിലെ ഏതോ ഒരു ദിവസം അവളുടെ ഉദരത്തില്‍ വളരുന്ന ജീവനെ തൊട്ട് യാത്ര പറയുമ്പോള്‍ അയാള്‍ പതിവുപോലെ പുഞ്ചിരിച്ചിരുന്നു. 

"ഇന്ന് ദാമോദരന്‍ മീനാക്ഷിയെ കെട്ടും. അവന്‍റെ വീട്ടുകാരുടെ എതിര്‍പ്പ് മാറില്ലെന്ന് ഉറപ്പായി. ഇന്ന് മീനാക്ഷിയും വീട്ടുകാരും മാവേലിക്കര കച്ചേരിയില്‍.വരും. അവന്‍ ഒരു 11 മണിക്ക്‌ അവിടെ എത്തും. 11.30നു കല്യാണം. അവന്‍റെ വീട്ടുകാര്‍ എതിര്‍പ്പും കൊണ്ട് വന്നാല്‍ എന്‍റെ കൈതരിപ്പ് അവര്‍ അറിയും." ജീവന്‍ വളരുന്ന ഉദരത്തില്‍ കൈ ഓടിച്ച് അയാള്‍ അമ്മിണിയോട് പറഞ്ഞു.


"അയ്യോ അപ്പുവേട്ടാ, പ്രശ്നത്തിന് ഒന്നും പോകല്ലേ. ഏട്ടന് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്കാരാ? അമ്മിണിയുടെ മുഖം ഭീതിയില്‍ നിറഞ്ഞു. 

''നീ പേടിക്കണ്ട എനിക്ക് ഒന്നും സംഭവിക്കില്ല. നീ ധൈര്യം ആയിട്ടിരിക്ക്‌"''

അയാള്‍ യാത്ര പറയുന്നതും നോക്കി അമ്മിണി നിന്നു. വൈകുന്നേരം വരെ ആ മനസ്സില്‍ ഭീതി നിഴലിച്ചു നിന്നു. നേരം സന്ധ്യ ആകാറായപ്പോള്‍ മുറ്റത്ത്‌ കാല്‍ പെരുമാറ്റം കേട്ട അമ്മിണി മിന്നല്‍ വേഗത്തില്‍  വാതിലില്‍ പ്രത്യക്ഷയായി. അവളെ നിരാശ പെടുത്താതെ കുടിലിന്‍ വാതിലില്‍ അപ്പു ഇരുപ്പുണ്ടായിരുന്നു. പക്ഷെ അവള്‍ക്കു ആ മുഖത്ത് എന്തോ വിഷമം വലയം ചെയ്തിരിക്കുന്നത് ദര്‍ശിക്കാന്‍ സാധിച്ചു. 

അപ്പുവിന്‍റെ അരികിലായ്‌ അമ്മിണി ഇരുന്നു. ആ തോളില്‍ കൈ വെച്ച് അവള്‍ ചോദിച്ചു 

"എന്തെ മുഖത്ത് ഒരു മ്ലാനത? പോയ കാര്യം സാധിച്ചില്ലെ?"

മറുപടിയായി ഒരു നിശ്വാസം അയാളില്‍ നിന്ന് ഉയര്‍ന്നു. അവള്‍ ചോദ്യം വീണ്ടും അവര്‍ത്തിച്ചപ്പോള്‍ അപ്പുവിന്‍റെ മറുപടി എത്തി

"എനിക്ക് വിശക്കുന്നു. കുളിക്കാന്‍ തോന്നുനില്ല. നീ കുറച്ച് ചോര്‍ വിളമ്പ്"

ആണ്‍പിറന്നോന്‍റെ മ്ലാനത അവളില്‍ ഭയം നിറച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ അവള്‍ ഉഴറി. പക്ഷെ വീണ്ടും ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കാതെ അവള്‍ മെല്ലെ അകത്തേക്ക് പോയി. ചോര്‍ വിളമ്പി വെച്ച ശേഷം അവള്‍ സ്നേഹ പൂര്‍വ്വം അപ്പുവിനെ വിളിച്ചു. കൈ കഴുകി അയാള്‍ ചമ്രം പിണഞ്ഞ് ചാണകം മെഴുകിയ തറയില്‍ ഇരുന്നു. അയാള്‍ക് അരികിലായി അമ്മിണിയും ഇരിപ്പുറപ്പിച്ചു. അപ്പു ചോറില്‍ മോരോഴിച്ച് മെല്ലെ കുഴച്ച് ഒരു ഉരുള സ്നേഹപൂര്‍വ്വം തന്‍റെ ഭാര്യക്ക്‌ നീട്ടി. അവള്‍ പ്രണയം നിറഞ്ഞ മനസ്സോടെ അത് ചുണ്ടാല്‍ സ്വീകരിച്ചു. അടുത്ത നിമിഷം അയാള്‍ ഇടം കൈയാല്‍ നിറഞ്ഞ് തുളുമ്പിയ കണ്ണുകള്‍ തുടച്ചു. എന്താണ് തന്‍റെ പ്രിയന് സംഭവിച്ചതു എന്ന് അറിയാതെ അമ്മിണി പകച്ചു. അപ്പുവിന്‍റെ കൈകള്‍  മാറോടണച്ചു വിതുമ്പലോടെ അവള്‍ ചോദിച്ചു

"ഏട്ടാ എന്താ പറ്റിയെ? എന്നോട് പറയൂ"

അപ്പു അവളുടെ തോളില്‍ തല ചേര്‍ത്ത് വിതുമ്പി.

"എന്നെ നീ വെറുക്കുമോ?"

"എന്താ അപ്പുവേട്ടാ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല!."

"മോളെ, ദാമോദരന്‍ ചതിച്ചു. അവന്‍ കച്ചേരിയില്‍ വന്നില്ല"

"ഓ, അതിനാണോ ഇത്ര വിഷമം. ഇതിന് ഞാന്‍ എന്തിനാ എന്‍റെ ഏട്ടനെ വെറുക്കുന്നത്? നിങ്ങളുടെ കൂട്ടുകാരന്‍ തന്നെ; പക്ഷെ അയാളെ വിശ്വസിക്കാന്‍ കൊള്ളില്ലന്ന്‍ എനിക്ക് പണ്ടേ തോന്നിയതാ. ഇപ്പോളെങ്കിലും ഏട്ടന് മനസ്സിലായല്ലോ. അതിന് ഈ കുട്ടികളെ പോലെ കരയണോ? ഇനി നോക്കിയും കണ്ടും ഒക്കെ അങ്ങ് നിന്നാ മതി. ആട്ടെ, സംഭവിച്ചതെല്ലാം ഒന്ന് തെളിച്ച് പറ"

അപ്പു ഒരു നിമിഷം ഭാര്യയുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി നിര്‍നിമേഷനായി നിന്നു. 

"രാവിലെ കച്ചേരിയില്‍ എത്താം എന്നാ ദാമോദരന്‍ പറഞ്ഞത്. 10 മണി ആയപ്പോള്‍ തന്നെ പെണ്ണിന്‍റെ വീട്ടുകാരും കുറച്ച് നാട്ടുകാരും വന്നു. പക്ഷെ 12 മണി ആയിട്ടും അവന്‍ മാത്രം വന്നില്ല. അവന്‍ ചതിച്ചു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ അല്പം വൈകി പോയി മോളെ"

വിതുംബലില്‍ അപ്പുവിന്‍റെ വാക്കുകള്‍ മുറിഞ്ഞു

"ഏട്ടാ, എന്തിനാ ഇങ്ങനെ കരയുന്നത്. ഞാന്‍ ഇല്ലേ ഏട്ടന്" 

അവളുടെ കരം ഗ്രഹിച്ചുകൊണ്ട് അയാള്‍ തുടര്‍ന്ന്.

"ഞാന്‍ ഇനി പറയുന്നത്   നീ സമചിത്തതയോടെ കേക്കണം"

മുഖവുര അവളില്‍ ഭയം നിറച്ചു. അരുതാത്ത് ഒന്നും സംഭാവിച്ച് കാണല്ലേ എന്നവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.

"അവന്‍ ചതിച്ചെന്ന് മനസ്സിലാക്കാന്‍ വൈകിയത്‌ എന്‍റെ തെറ്റ്. ഒരുപാട് പ്രതീക്ഷയോടെ പുതിയ ജീവിതത്തിലേക്ക്‌ കാല്‍ എടുത്ത് വെക്കാന്‍ വന്ന ഒരു പെണ്‍കുട്ടി അവിടെ ആ കച്ചേരിയില്‍ മാലോകരുടെ മുന്നില്‍ മാറത്തടിച്ചു കരയണ്ടി വന്നത് നീറുന്ന നെഞ്ചോടെ നോക്കി നിക്കാനെ എനിക്ക് സാധിച്ചുള്ളൂ.എന്‍റെ ഉറപ്പില്‍ ഇറങ്ങി വന്ന പെണ്ണും, കുടുംബവും അപമാനിതരാകുന്നത് കണ്ട് നിക്കണ്ടി വന്നെനിക്ക്. പക്ഷെ എല്ലാം തിരിഞ്ഞത് വളരെ പെട്ടന്നായിരുന്നു. നാട്ടുക്കാരില്‍ ഏതോ ഒരുവന്‍ ഞാന്‍ കൂടി ചേര്‍ന്നാണ് ഈ ചതി ചെയ്തതെന്ന് ആരോപിച്ചു. അതോടെ എല്ലാം മാറി. എല്ലാവരും എന്നെ ഒറ്റപെടുത്തി. ആക്രമം എനിക്കെതിരെ ആയി. ഒടുവില്‍ പരിഹാരമായി അവര്‍ പറഞ്ഞത്‌ ഞാന്‍ അവളെ വിവാഹം ചെയ്യണം എന്നായിരുന്നു. ആദ്യം ഒരുപാട് എതിര്‍ത്തു പക്ഷെ അവരുടെ ഗുണ്ടായിസത്തിന് മുന്നില്‍ എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഭീഷണിപ്പെടുത്തി ബലമായി കച്ചേരിയില്‍ വെച്ച് എനിക്ക്  മീനാക്ഷിയെ സ്വീകരിക്കണ്ടി വന്നു. നീ എന്നോട് ക്ഷമിക്കില്ലേ?"

വെള്ളിടി വെട്ടിയപോലെ അമ്മിണി പകച്ചു നിന്നു. പ്രിയതമന്‍റെ വാക്കുകള്‍ അവളുടെ മനസ്സില്‍  വേദനയുടെ ആഴക്കടല്‍ സൃഷ്ടിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വേദന ഒരു മരവിപ്പായി. ആ മരവിപ്പ്‌ ഘനീഭവിച്ച് കണ്ണീര്‍ ചാലുകള്‍ ആയി ഒഴുകി. അമ്മിനിക്ക്‌ അവളുടെ കരച്ചില്‍ നിയന്ത്രിക്കാന്‍ ആയില്ല. അവന്‍റെ മാറോട്‌ ചേര്‍ന്ന് അവള്‍ കരഞ്ഞു.

"എന്നെ ചതിച്ചു അല്ലേ? പക്ഷെ വിട്ടുകൊടിക്കില്ല.... ആര്‍ക്കും. അപ്പുവേട്ടന്‍ എന്‍റെയാ. എന്‍റെ മാത്രം" 

അപ്പു അവളെ മാറില്‍ നിന്നും മെല്ലെ വേര്‍പെടുത്തി. 

"ഞാന്‍ നിന്‍റെയാ നിന്‍റെ മാത്രം. പക്ഷെ ഇപ്പോള്‍ എനിക്ക് ഞാന്‍ അറിയാതെ മറ്റൊരു അവകാശി കൂടി ആയിരിക്കുന്നു മോളെ എന്നോട് നീ ക്ഷമിക്കില്ലേ?"

"ക്ഷമിക്കാം, അല്ല ക്ഷമിച്ചു. ഏട്ടന്‍ എന്‍റെ തന്നെയാ. എന്‍റെ മാത്രം. ആര്‍ക്കും കൊടുക്കില്ല എങ്ങും പോകല്ലേ എന്നെ വിട്ട്" വീണ്ടും അവള്‍ ആ മാറോട് ചേരാന്‍ ശ്രെമിച്ചു. പക്ഷെ അവളെ തടഞ്ഞ് കൊണ്ട്ഒരു ഭ്രാന്തനെ പോലെ ആ കുടിലില്‍ ഓടി നടന്നു  കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു

"അല്ല മോളെ എനിക്ക് പോയെ പറ്റു. അവളുടെ ആങ്ങള പോലീസുകാരന്‍ കുട്ടപ്പന്‍ എനിക്ക് തന്നിരിക്കുന്ന അന്ത്യശാസനം എന്താണെന്നോ, നിന്നെ ഉപേക്ഷിച്ചില്ലെങ്കില്‍ നീ നക്സല്‍ ആണെന്ന് കള്ളക്കേസ് ഉണ്ടാക്കി എന്‍റെ മോളെ  ജയിലില്‍ തള്ളുമെന്ന്. അതിനല്ല ഞാന്‍ നിന്നെ സ്നേഹിച്ചത്, എനിക്ക് പോയെ പറ്റു. നമ്മുടെ ജനിക്കാത്ത കുഞ്ഞിന് വേണ്ടി, നിനക്ക് വേണ്ടി. നിന്‍റെ നന്മക്ക് വേണ്ടി, എനിക്ക് പോയെ മതിയാകു. എന്നെ ശപിക്കരുത് മോളെ"

പറഞ്ഞ് തീരുമ്പോള്‍ അവര്‍ ഇരുവരും പരസ്പരം കെട്ടിപിടിച്ച് അലമുറയിടുകയായിരുന്നു. 

"നീ കരയരുത്. നിനക്കും നമ്മുടെ മോള്‍ക്കും നല്ലത് മാത്രമെ വരൂ. എന്‍റെ മോളെ നീ വിഷമിപ്പിക്കരുത്. അവളുടെ അച്ഛന്‍ ഒരു ചതിയന്‍ ആയിരുന്നു എന്ന് അവളോട്‌ ഒരിക്കലും പറയരുത്. ഇനി ഞാന്‍ നിക്കുന്നില്ല. ഞാന്‍ ഇറങ്ങുന്നു. മറക്കരുത് അവളുടെ പേര് കുഞ്ഞുലക്ഷ്മി എന്ന് തന്നെ വെക്കണം."

അപ്പു അമ്മിണിയുടെ നിറവയറില്‍ അവസാനമായി ഒന്ന് ചുംബിച്ചു. 

"അച്ഛന്‍ പോവ മോളെ. അച്ഛന്‍ മോളെ ഒരുപാട് സ്നേഹിക്കുന്നു. മോള്‍ വലുതാകുമ്പോള്‍ അമ്മയെ വിഷമിപ്പിക്കരുത്. അച്ഛന്‍ പോട്ടെ."

അമ്മിണി കൈകള്‍ കൊണ്ട് അയാളുടെ തല ആ ഉദരത്തിലേക്ക് വീണ്ടും ചേര്‍ത്ത് വെച്ചു. കരഞ്ഞ് കൊണ്ട് അവള്‍ പറഞ്ഞു

"എവിടെ പോയാലും ആരോഗ്യം ശ്രേധിക്കണം. രുക്മിണിക്കൊപ്പം ജീവിക്കുമ്പോള്‍ അവളെ വേദനിപ്പിക്കരുത്.ആ കുട്ടി എന്ത് പിഴച്ചു? എന്നെ ഓര്‍ത്ത്‌ വിഷമിക്കണ്ട. ഒരു ജീവിതകാലം മുഴുവന്‍ ജീവിക്കാന്‍ വേണ്ട ഓര്‍മ്മകള്‍ എനിക്ക് ഉണ്ടല്ലോ. പൊക്കോ. പോയി ജീവിച്ചോ"

അയാളെ ആലിംഗനത്തില്‍ നിന്നും വേര്‍പെടുത്തി അവള്‍ പിന്തിരിഞ്ഞു. പിന്നില്‍ കുടിലിന്‍റെ വാതില്‍ തുറക്കുന്നതും അടയുന്നതും അമ്മിണി അറിഞ്ഞു. ഒരു നിമിഷത്തില്‍ അമ്മിണി തിരിഞ്ഞു നോക്കി പ്രതീക്ഷയോടെ; പക്ഷെ, അവിടെ അവള്‍ക്ക് പ്രിയനെ കാണാന്‍ സാധിച്ചില്ല. കാറ്റിന്‍ വേഗത്തില്‍ അവള്‍ പുറത്തേക്ക് ഓടി. ഇരുട്ടില്‍ മറയുന്ന ഒരു രൂപം മാത്രം അവള്‍ കണ്ടു. അടുത്ത നിമിഷം അവളുടെ കണ്ണുകളില്‍ കൂരിരുട്ട് മാത്രം ആയി. ആ ഇരുട്ടില്‍ ചീവിടുകലുടെ മൂളല്‍ മാത്രം അവള്‍ക്ക്  അകമ്പടിയായി ഇരുട്ടിനോപ്പം ആ വാതിലില്‍ നിറഞ്ഞു.

ഇരുട്ടില്‍ ഒരു മൂളല്‍ അവള്‍ വീണ്ടും കേട്ടു. ആ ശബ്ദത്തിന്‍റെ ഉറവിടം കുഞ്ഞുലക്ഷ്മിയായിരുന്നു. അമ്മിണി മെല്ലെ കാതുകള്‍ കൂര്‍പ്പിച്ചു. ഉറക്കത്തിന്‍റെ ആഴത്തില്‍ സംസാരിക്കുന്ന കുഞ്ഞുലക്ഷ്മിയുടെ ശബ്ദം  കൂടുതല്‍ വ്യക്തമായി അവള്‍ കേട്ടു

"അമ്മേ ഞാന്‍ തന്ത ഇല്ലാത്തവളാണോ?"

"അല്ല മോളെ അല്ല, മോളെ ഒരുപാട് സ്നേഹിക്കുന്ന ഒരച്ഛന്‍റെയും ഭാഗ്യദോഷിയായ ഒരമ്മയുടേം ഒറ്റ മോളാണ് നീ."

നിറകണ്ണുകള്‍ തുടച്ച്  അമ്മിണി ആ കുഞ്ഞി നെറുകയില്‍ ചുംബിച്ചു, പിന്നെ കണ്ണുകള്‍ മെല്ലെ അടച്ച്, പണ്ടെങ്ങോ രുചിച്ച പ്രണയത്തിന്‍റെ മാധുര്യത്തിലേക്ക്അവള്‍ മെല്ലെ ഊളിയിട്ടു.

Tuesday, September 4, 2012

ശവത്തിന്‍റെ കണ്ണുകള്‍ നിറയുമോ????

   സെപ്റ്റംബര്‍ ലക്കം ഇ-മഷി ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കഥ

പെട്രോള്‍ അടിക്കാന്‍ ഉള്ള കാശുമായി അമ്മ വരുന്നതും നോക്കി  സ്റ്റാര്‍ട്ടാക്കിയ ബൈക്കില്‍  കാത്തുനില്‍ക്കുന്നതിനിടക്ക് ശബ്ദം ഉണ്ടാക്കിക്കൊണ്ടൊരു   എസ്എംഎസ് വന്നിറങ്ങി. പോക്കെറ്റില്‍ നിന്ന് മൊബൈല്‍ എടുത്തപ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ കമന്‍റ് എത്തി.

"ഈ പെണ്ണിന് ഈ കൊച്ചു വെളുപ്പിന് ഒരു പണിയുമില്ലേ?? അവളോട്‌ പോയി 4 അക്ഷരം പഠിക്കാന്‍ പറയടാ ചെക്കാ."

"അമ്മ ഇപ്പോളേ അവളോട് അമ്മായിയമ്മ പോരാണെങ്കില്‍ ഞാന്‍ നാളെ അവളെ ഇവിടെ കൊണ്ടുവന്നാല്‍ എന്നും 'ഇടിനാശം ആന്‍ഡ്‌ വെള്ളപൊക്കം' ആരിക്കുമല്ലോ അമ്മേ??"

''പോടാ അഹങ്കാരി'' എന്ന് വാത്സല്യത്തോടെ അമ്മ പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ മൊബൈല്‍ സ്ക്രീനില്‍ പ്രാണസഖിയുടെ നിശബ്ദതയില്‍ നിന്നും പൊട്ടിവീണ സന്ദേശത്തിലൂടെ പായുകയായിരുന്നു

"ഓള്‍ ദി ബെസ്റ്റ്‌; ടൂ വെല്‍; മൈ പ്രയര്‍സ് ആര്‍ വിത്ത്‌ യു. ലവ് യു."  

ഹ്മ്! കാര്യമായിട്ടൊന്നും കിട്ടിയില്ല. ഈ ഓള്‍ ദി ബെസ്റ്റ്‌ 15 മിനിറ്റ്‌ മുന്‍പും അവള്‍ പറഞ്ഞതാ. ഇന്ന്  ഒരു 30 തവണ ഇത് തന്നെ പറഞ്ഞു കാണുമവള്‍ . ഇന്റര്‍വ്യൂന് പോകുന്ന എനിക്കില്ലാത്ത ടെന്‍ഷനാണ് എന്‍റെ അമ്മക്കും ഇവള്‍ക്കും. 

"മോനേ, നന്നായിട്ട് ചെയ്യണേ. ഇപ്പോളേ നിന്‍റെ ചേട്ടത്തിയമ്മക്ക് ഇഷ്ടമാകുന്നില്ല നീ ജോലി ഇല്ലാതെ ഇവിടെ നില്‍ക്കുന്നത്. അവളുടെ കുത്തുവാക്കുകള്‍ ഒഴിവാക്കാനെങ്കിലും മോന്‍ ഇത് നേടണം കേട്ടോ"

" ചേച്ചി  വല്ലതും പറഞ്ഞോ ?"

"ഇല്ലട കുട്ടാ. നീ ഇപ്പോള്‍ അത് ഒന്നും ആലോചിക്കണ്ട പോയിട്ട് വാ"

അമ്മയുടെ കവിളില്‍ തലോടി, ബൈക്ക് ഓടിച്ച് ഞാന്‍ ദൂരേക്കകലുമ്പോളും എനിക്ക് ഉറപ്പാണ്‌ കണ്‍വെട്ടത്ത് നിന്നും ഞാനകലും വരെ എന്നെ നോക്കി നില്‍ക്കുന്നുണ്ടാകുമെന്‍റെ അമ്മ. അതാണെന്‍റെ അമ്മ. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മ. മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ചക്കര അമ്മ. ഒരുപക്ഷെ എല്ലാ അമ്മമാരും ഇങ്ങനെ തന്നെയായിരിക്കും. ആയിരിക്കുമെന്നല്ല ആണ്, ഇങ്ങനെ തന്നെ ആണ്. കേവലം രണ്ട് അക്ഷരത്തില്‍ നിര്‍വചിക്കാനാവാത്ത, ഒരു ആയുഷ്കാലത്തില്‍ വര്‍ണിച്ച് തീര്‍ക്കാനാവാത്ത ഒരു പ്രതിഭാസമാണ് ഓരോ മകനും അവന്‍റെ അമ്മ. 

കൗമാരം മുതല്‍ വിവാഹം വരെ ഏതൊരു മകനും അമ്മ കഴിഞ്ഞാല്‍ പിന്നെ  പ്രിയപ്പെട്ട സ്ത്രീ അവന്‍റെ കാമുകി ആയിരിക്കും. ചിലര്‍ക്ക് കാമുകിമാരോട് അമ്മയേക്കാള്‍ സ്നേഹവും, വിശ്വാസവും തോന്നാറുമുണ്ട്. എങ്കിലും അമ്മക്ക് തുല്യമാകില്ല  ഒരു കാമുകിയും. ചിലപ്പോള്‍ ജീവിതത്തില്‍ ഒരു പ്രളയം വന്നാല്‍ പ്രണയിനി  ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ അമ്മ അങ്ങനെ അല്ലാലോ. മുങ്ങിച്ചാകുന്നതിനുമുന്‍പും അമ്മ നോക്കുക മകനെ രെക്ഷിക്കാന്‍ ആയിരിക്കും.

എന്‍റെ അമ്മോ!!! എന്‍റെ പെണ്ണ് കേക്കണ്ട. പിന്നിതുമതി അവള്‍ക്ക്. 'നിങ്ങള്‍ക്ക്‌ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞ് കീറ്റല്‍ തുടങ്ങാന്‍' മോങ്ങാന്‍ ഇരിക്കുന്ന പട്ടിയും പ്രേമിക്കുന്ന പെണ്ണും ഒരുപോലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ, പറയാന്‍ പറ്റില്ലലോ!! വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിക്കില്ലേ!! എന്തൊക്കെ പറഞ്ഞാലും അവളുടെ മെസ്സേജ് കണ്ടില്ലെങ്കില്‍ പിന്നെ ഒരു മൂഡ്‌ ഉണ്ടാകില്ല. 

ബൈക്കില്‍ പോകുമ്പോള്‍ മുഖത്തേക്കടിക്കുന്ന തണുത്ത  കാറ്റുപോലയാണവളുടെ പുഞ്ചിരി. വെയിലിനെ തണുപ്പിക്കാന്‍ ഈ കാറ്റിനുകഴിയുമെങ്കില്‍ മനസ്സിലെ നീറ്റലുകളെ തണുപ്പിക്കാന്‍ അവളുടെ പുഞ്ചിരിക്കാവും. ജോലി കിട്ടാതെ നട്ടം തിരിയുമ്പോള്‍ അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം തന്ന ധൈര്യം ചെറുതല്ല. സ്വന്തം പ്രണയിനിയെ പറ്റി ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി എന്‍റെ മാത്രം പ്രത്യേകതയാണോ? അതോ അഖിലലോക കാമുകന്മാര്‍ക്കും ഈ പുഞ്ചിരി വരാറുണ്ടോ?

"എവിടെ നോക്കിയാടോ ഓടിക്കുന്നത്?" ശബ്ദം എനിക്കെതിരെകടന്നു പോയ കാറില്‍ നിന്നും ആണെന്ന് തോന്നുന്നു. ഞാന്‍ അതിനെന്ത് കാണിച്ചു? ആര്‍ക്കറിയാം? എന്തെങ്കിലും പൊട്ടത്തരം കാട്ടിയിട്ടുണ്ടാകും. മനസ്സില്‍ നിറയെ പ്രേയസി ഇരിക്കുമ്പോള്‍ പരിസരബോധം ആര്‍ക്കും ഉണ്ടാകാന്‍ തരമില്ല; പിന്നെ അല്ലേ എനിക്ക്. 

അവളുടെ ഒരു ഒറ്റവരി മെസ്സേജ് വായിച്ചാല്‍ പോലും മുഖത്തൊരു പുഞ്ചിരി വിരിയും. അവളെ പറ്റി ഓര്‍ത്താലും വരും പുഞ്ചിരി. ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ വിചാരിച്ചാലും, സംസാരിച്ചകാര്യങ്ങള്‍ ഓര്‍ത്താലും, ഒന്നിച്ച് കണ്ട സ്വപങ്ങള്‍ അയവിറക്കിയാലും മനസ്സിലും ചുണ്ടിലും ചിരി വിരിയും. ഇത്ര മനോഹരമോ പ്രണയം!!!!  ഇടതടവില്ലാതെ അവളുടെ മെസ്സേജുകള്‍ വന്നുകൊണ്ടേയിരിക്കും. മെസ്സേജ് വരാത്തപ്പോള്‍ പോലും കാതുകളില്‍ ആ മെസ്സേജ് ട്യൂണ്‍ മുഴങ്ങാറുണ്ട്; ഇപ്പോളും മുഴങ്ങുന്നോ എന്നൊരു സംശയം!

കാതില്‍ മുഴങ്ങിയ മെസ്സേജ് ട്യൂണിനെ ഭേദിച്ചുകൊണ്ട് ഒരു വലിയ ശബ്ദം മുഴങ്ങി, ആരോ എടുത്തെറിഞ്ഞപോലെ ഞാന്‍ തെറിച്ചുപോയിരിക്കുന്നു ഒപ്പം ബൈക്കും. എല്ലുനുറുങ്ങുന്ന വേദന. എഴുനേക്കാന്‍ ഒരു വൃഥാശ്രമം നടത്തി. കണ്ണുകളില്‍ കാമുകിക്ക് പകരം ചുറ്റും കൂടിയ കാഴ്ചക്കാരെ കണ്ടു. കണ്ണുകള്‍ മെല്ലെ അടഞ്ഞു. അടഞ്ഞ കണ്ണുകളിലെ നിറയുന്ന അന്ധകാരത്തില്‍ അറിയാന്‍ സാധിച്ചത് ശരീരത്തില്‍ പടരുന്ന ചുടുചോരയുടെ ചെറുനനവ്‌. മാത്രം.

"ഇങ്ങനെ എന്തെങ്കിലും തോന്നുമ്പോള്‍ പറയണം എന്ന് ഒരു 100 തവണ പറഞ്ഞിട്ടില്ലേ കുഞ്ഞേ? എത്രായാലും നീ അനുസരിക്കില്ലെന്നുവെച്ചാല്‍ കഷ്ടമാ കേട്ടോ" .

അമ്മയുടെ ശബ്ദം കേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ ഒരിക്കല്‍ കൂടി എനിക്ക് മനസ്സിലായി, ഭൂതകാലത്തിലെ ദുരന്തത്തില്‍ വാര്‍ന്നൊലിച്ച രക്തമല്ല നനവ് പടര്‍ത്തിയത് മറിച്ച് ഞാന്‍ അറിയാതെ എന്നില്‍ നിന്നും എന്‍റെ ശരീരം പുറന്തള്ളിയ മൂത്രമാണ് ഇനിയും മരവിക്കാത്ത കൈകള്‍ക്ക് ചൂട്, നനവ് എന്നീ സംവേദനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന്. ഭൂതകാല പ്രണയ സ്വപ്നങ്ങളുടെ തിരുശേഷിപ്പ്; തളര്‍ന്ന ശരീരവും മരവിക്കാത്ത കൈകളും. എന്‍റെ നിറമില്ലാത്ത സ്വപ്നങ്ങളില്‍ ആ ദുരന്തം ഇപ്പോളും ഒരു കാട്ടാളനെ പോലെ വന്ന് ഇടയ്ക്കിടയ്ക്ക് നീറ്റലുകള്‍ സമ്മാനിച്ച്‌ മടങ്ങാറുണ്ട്. എന്‍റെ നീറ്റലൊപ്പാന്‍ പാല്‍പുഞ്ചിരി പൊഴിച്ചിരുന്ന സുന്ദരി ഇന്ന് മറ്റൊരുവന്‍റെ ജീവിതത്തില്‍ പ്രകാശം പരത്തുന്നു. ജീവച്ഛവത്തില്‍ പ്രേമം കണ്ടെത്താന്‍ അവള്‍ അഗോറി സന്യാസി അല്ലല്ലോ! പ്രകാശം നഷ്ടമായതോ എന്‍റെ അമ്മയുടെ ചിരിക്കും.

'ഞാന്‍ ഒന്നും അറിയാറില്ലല്ലോ അമ്മേ' എന്ന് പറയണമെന്നുണ്ടായിട്ടും പറഞ്ഞില്ല, കാരണം അമ്മയ്ക്കും അറിയാം എന്‍റെ നിയന്ത്രണങ്ങള്‍ എന്നെന്നേക്കുമായിത്തന്നെ എനിക്ക് നഷ്ടമായിരിക്കുന്നെന്ന്. നിസംഗതയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അമ്മയും ചിരിച്ചു. ഒരു പക്ഷേ, മൂത്രത്തില്‍ കിടന്നുള്ള എന്‍റെ ചിരി അമ്മയെ എന്‍റെ ബാല്യകാലം ഒര്‍മ്മപെടുത്തിയിരിക്കാം. പുഞ്ചിരിയിലും തുളുമ്പുന്നു കണ്ണുമായി അമ്മ എന്‍റെ വസ്ത്രം മാറ്റി. തറ തുടക്കാന്‍ വെള്ളം എടുത്തപ്പോള്‍ ചേട്ടത്തിയുടെ ശബ്ദം മുഴങ്ങി.

"ശവം, പിന്നെയും വൃത്തികേടാക്കിയോ? ട്യൂബ് ആരാ ഊരി മാറ്റിയത്‌? എന്തൊരു നാറ്റമാ നാറിക്ക്. എവിടെ എങ്കിലും കൊണ്ടുക്കളയരുതോ ഇതിനേ? അതെങ്ങനെ? സമ്പാദിച്ച് തരാന്‍ എന്‍റെ ഭര്‍ത്താവ്‌ ഉണ്ടല്ലോ രണ്ടിനും!!"

ശവം! തികച്ചും യോജിക്കുന്ന പ്രയോഗം, ഒരുപക്ഷേ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ആ ഒരു വാക്ക് യാഥാര്‍ത്ഥ്യമാകണമെന്നുതന്നെയല്ലേ!! പക്ഷേ, ദൈവങ്ങള്‍ ഇങ്ങനെ ആണ്. നരകിക്കുന്നവനെ ഒന്നുകൂടി നരകത്തിലേക്കെറിയും. ഇപ്പോള്‍ ഒരു സംശയം ബാക്കി ആകുന്നു; ശവത്തിന്‍റെ കണ്ണുകള്‍ നിറയുമോ???   

"മോന് വിശക്കുന്നോ? അമ്മ കൊണ്ടുവരട്ടെ ചോര്‍?"

"വേണ്ട"

"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. മരുന്ന് കഴിക്കണ്ടതല്ലേ?"

"വേണ്ടമ്മേ. ഇപ്പോള്‍ അങ്ങോട്ട് പോയാല്‍ ചേച്ചി അമ്മയെ വല്ലതും പറയും"

"നീ അവിടെ അടങ്ങി കിടക്ക്" അമ്മ അടുക്കളയിലേക്ക് പോയി.

അമ്മക്ക് ആ ചോറില്‍ ഒരല്പം വിഷം കലക്കി എനിക്ക് തന്നാലെന്താ? സ്വപ്‌നങ്ങള്‍ നശിച്ചവനെന്തിനീ മൃത ജീവിതം? അമ്മ ഉള്ളോരു കാലമത്രയും ആട്ടും തുപ്പും കൊണ്ടാലും ദാഹജലം ലഭിക്കും. പലപ്പോഴുമെന്‍റെ ഈ ചോദ്യത്തിന് അമ്മ ഉത്തരം പറയാറുണ്ട്‌; അമ്മക്ക് വയ്യാതെ വരുന്ന അന്ന് എന്നേകൊന്നിട്ട് അമ്മ മരിക്കുമെന്ന്. ആ ഒരു കാലം വേഗം വരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നുമില്ല, ആഗ്രഹിക്കുന്നുമില്ല, കാരണം അങ്ങനെ സംഭവിച്ചാല്‍  എന്‍റെ അമ്മയും മരിക്കും. അമ്മ മരിക്കുന്നതേതു മകനാണ് സഹിക്കനാവുക?

ഒരു പാത്രം നിലത്ത് വീഴുന്ന ശബ്ദം കേട്ടു. ഒപ്പം ചേട്ടത്തിയുടെ ആക്രോശവും.

"തള്ളയും മോനും ഇവിടം മുടിപ്പിക്കാന്‍ ആയി ജീവിക്കുവാണോ? എന്‍റെ 20000 രൂപയുടെ ഡിന്നര്‍ സെറ്റാണ് നിങ്ങളിപ്പോള്‍ തള്ളി ഇട്ടു നശിപ്പിച്ചത്‌ തള്ളേ."

പാവം അമ്മക്ക് എന്തോ കൈയബദ്ധം പറ്റിയിരിക്കുന്നു, അതും ഈ ഞാന്‍ കാരണം. ഇനിയും എന്തൊക്കെ എന്‍റെ അമ്മക്ക് അനുഭവിക്കാന്‍ നീ ബാക്കി വെച്ചിരിക്കുന്നു ഭഗവാനെ?

''മോളെ... അവന് കുറച്ച് ചോര്‍ കൊടുക്കാനായി.....''

"പിന്നെ അവന്‍ പട്ടാളത്തില്‍ പോവല്ലേ?? കുറച്ച് തിന്നാല്‍ മതി. അത്രേം കുറച്ചല്ലേ തൂറി നാറ്റിക്കൂ"

"അയ്യോ കുഞ്ഞിന്‍റെ ചോറെടുത്ത് കളയാതെ മോളേ....''

വീണ്ടും ഒരു പാത്രം വീഴുന്ന ശബ്ദം മുഴങ്ങി, ഒപ്പം അമ്മയുടെ വിലാപവും

"എന്നേ തല്ലാതെ മോളേ... ആ തളര്‍ന്നു കിടക്കുന്ന പ്രാണിക്ക് ഒരു വറ്റ് കൊടുക്കനല്ലേ മോളേ..... അയ്യോ.... എന്നേ തല്ലല്ലേ... തല്ലല്ലേ....."

അമ്മയുടെ വിലാപം  കാതുകളില്‍ അലയടിച്ചു.ഇനിയും മരിക്കാത്ത മനസ്സിന്‍റെ വികൃതിയായി ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങി. മെല്ലെ കണ്ണുകള്‍ ഇറുക്കി അടച്ചു. ഇനി ഒരിക്കലും തുറക്കാതിരിക്കാന്‍ മരവിച്ച ശരീരവും മരവിക്കാത്ത മനസ്സും കൂടുതല്‍ തീവ്രതയോടെ  പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു.