Wednesday, February 6, 2013

അവിശ്വാസികള്‍ എന്തിന് ബഹളം കൂട്ടണം??



ജോസഫ്‌ സാദിക്‌ രാജാ കുളികഴിഞ്ഞ് തന്‍റെ ആരാധനാ മുറിയില്‍ പ്രവേശിച്ചു. വീടിന്‍റെ ഇടനാഴിയിലും മുറ്റത്തുമായി തിങ്ങി നിറഞ്ഞു നിന്ന ജനങ്ങളേയും വാര്‍ത്താലേഖകരേയും ശ്രദ്ധിക്കാതെ അയാള്‍ മുറിയില്‍ കയറി വാതിലുകള്‍ അടച്ചു.  കുളികഴിഞ്ഞുള്ള അവന്‍റെ ആദ്യ അരമണിക്കൂര്‍ അനന്തതയിലെ അദൃശ്യ ശക്തികള്‍ക്ക് അവകാശപ്പെട്ടതാണ്. കുട്ടിക്കാലം മുതല്‍ ശീലിച്ചതും ഇത് തന്നെ. ശീലിച്ചു എന്ന് പറഞ്ഞുകൂടാ, ശീലിപ്പിച്ചു എന്ന് തന്നെ പറയണം. ആ ശീലം അവനില്‍ വളര്‍ത്തിയ മുത്തശ്ശി, ഇന്ന് ആ അദൃശ്യശക്തികള്‍ക്കൊപ്പം അതേ ധ്യാനമുറിയില്‍ ഒരു തിരിനാളത്തിന്‍റെ പ്രകാശത്തില്‍ അവനെ നോക്കി പുഞ്ചിരിക്കുന്നുണ്ടാകം. പൂജാമുറി വിട്ട് പുറത്തെത്തുമ്പോള്‍ നിത്യവും അവന്‍റെ  ചുണ്ടുകളില്‍  വിരിയുന്ന പുഞ്ചിരി ഒരുപക്ഷെ ഏതോ മായിക ലോകത്തിരുന്ന്‍ മുത്തശ്ശി അവനായി വിതച്ചതാകം.അയാളും അയാളുടെ ആരാധനാമുറിയും ശാന്തമായിരുന്നെങ്കിലും ആ ശാന്തതതെയെ ഇടക്കിടക്ക് ഭേദിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും മതസൂക്തങ്ങളും ഭിത്തികളില്‍ തട്ടി പ്രതിഫലിച്ചുകൊണ്ടേയിരുന്നു.

അകത്ത് ധ്യാനം മുറുകുമ്പോള്‍ പുറത്ത് മുദ്രാവാക്യങ്ങള്‍ അതിന്‍റെ പാരമ്യത്തില്‍ എത്തിയിരുന്നു. ആര്‍ത്തിരമ്പുന്ന ജനങ്ങള്‍ക്ക്‌ മുന്നില്‍ എപ്പോഴോ ആ വാതിലുകള്‍ തുറന്ന് പുഞ്ചിരിക്കുന്ന മുഖവും ആയി സാദിക്‌ രാജ വീടിന്‍റെ ബാല്‍ക്കണിയില്‍  പ്രത്യക്ഷനായി. കാതടപ്പിക്കുന്ന തെറികളും ചീറിപാഞ്ഞ കല്ലുകളും അയാളെ വരവേറ്റു. 'ഹേ റാം' മന്ത്രങ്ങളും, തക്ബീര്‍ വിളികളും, സുവിശേഷ വചനങ്ങളും ആ കല്ലേറിനകമ്പടി സേവിച്ചു. കല്ലില്‍ നിന്നും തല രക്ഷിക്കാന്‍ അയാള്‍ വീടിനകത്തേക്ക്‌ കുതിച്ചപ്പോള്‍ ക്രമസമാധനപാലനത്തിനായി നിന്നിരുന്ന ദ്രുതകര്‍മസേന അക്രമികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. കാവിയും പച്ചയും വെള്ളയും കൊടികള്‍ ഒന്നായി ഒരു ദണ്ഡില്‍ നില്‍ക്കാതെ പല പല ദണ്ഡുകളിൽ നിന്ന് ആ സേനയെ എതിരിട്ടു.  സ്വാതന്ത്ര്യാനന്തര ഇന്ത്യാമഹാരാജ്യത്തിന്‍റെ ചരിത്രത്തില്‍ യുദ്ധത്തിനായി അല്ലാതെ ആദ്യമായി ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ സഹോദരന്മാര്‍ ഒന്നിച്ചു നിന്ന് പൊരുതുന്ന ആ സുന്ദര നിമിഷം ഒപ്പാന്‍  വിദേശമാധ്യമങ്ങള്‍ പോലും അവിടേക്ക് തങ്ങളുടെ ലേഖകരെ ക്യാമറയും നല്‍കി വിട്ടിരുന്നു. മതമേതായാലും വാര്‍ത്തകള്‍ മതി എന്ന് ഉരുവിടുന്ന അഭിനവ സ്വദേശാഭിമാനികള്‍ മത്സരിച്ച് ആ കലാപം ഒപ്പിയെടുത്തുകൊണ്ടേയിരുന്നു.

പുറത്ത് കലാപം പടരുമ്പോള്‍ ആ വലിയ വീടിന്‍റെ ഉള്ളില്‍ ഒരുകൂട്ടം പത്രപ്രവര്‍ത്തകര്‍ ഒരു പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ കൂട്ടുകയായിരുന്നു. കസേരകള്‍ വലിച്ചിട്ട്,  ചാനല്‍ ചര്‍ച്ചയില്‍ കീറിമുറിക്കാന്‍ പറ്റിയ  ഒരു വാക്ക്‌ വീണുകിട്ടാനായി  അവര്‍ ക്ഷമയോടെ ഇറച്ചികടയില്‍ പട്ടി ഇരിക്കും പോലെ കാത്തിരുന്നു. ആ ക്ഷമാശീലരെ ഒട്ടും നിരാശപ്പെടുത്താതെ രാജ അവരുടെ മുന്നില്‍ എത്തി തനിക്കായി ഒരുക്കിയിരുന്ന കറങ്ങുന്ന കസേരയില്‍ ഇരിപ്പുറപ്പിച്ചു. ആ മുഖത്ത് ഇപ്പോളും പുഞ്ചിരി പ്രകടമായിരുന്നു. പുറത്ത് നടക്കുന്ന ബഹളങ്ങളോ തന്‍റെ രക്തത്തിനായി മുറവിളികൂട്ടുന്ന സാമുദായിക സംഘടനകളുടെ ഭീഷണികളോ അയാളെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്ന് ആ പുഞ്ചിരി വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.

ആ ശാന്തരൂപി തന്നെ വളഞ്ഞിരിക്കുന്ന പത്രപ്രവത്തകര്‍ക്ക് വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവര്‍ക്കിടയില്‍ തളംകെട്ടിക്കിടന്ന നിശബ്ദത ഭേദിച്ചു.

"ചോദിക്കാം നിങ്ങള്‍ക്ക്‌, എന്ത് ചോദ്യം വേണെങ്കിലും. എനിക്ക് കഴിയുന്ന രീതിക്ക് സത്യസന്ധമായി തന്നെ എല്ലാത്തിനും മറുപടി തരാന്‍ ഞാന്‍ ശ്രെമിക്കാം"

ആ പുഞ്ചിരിക്കുന്ന മുഖത്തേക്ക് ചോദ്യശരങ്ങള്‍ തൊടുക്കാന്‍ ആ നിമിഷം ഓരോ മാധ്യമപ്രവര്‍ത്തകനും വെമ്പല്‍ കൊണ്ടു, ആ വെമ്പലില്‍ നിന്ന് ആക്കം ഉള്‍ക്കൊണ്ട് ആദ്യശരം ലക്‌ഷ്യം തേടിപ്പറന്നു.

"ഈ സിനിമയിലൂടെ താങ്കള്‍ ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മതവിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നു എന്ന വാദം ശക്തം ആണ്. ഈ വാദത്തോട്‌ താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു??"

"ഈ സിനിമയിലൂടെ ഞാന്‍ ആരെയും അപമാനിക്കുന്നില്ല. ഞാന്‍ എന്‍റെ ജീവതത്തില്‍ നേരിട്ട സംഭവങ്ങള്‍ ആണ് സിനിമയുടെ ആദ്യ പകുതിയില്‍ പരാമര്‍ശിക്കുന്നത്. 20 വര്‍ഷംമുമ്പ് നടന്ന വര്‍ഗീയ ലഹളയില്‍ അച്ഛനേയും അമ്മയേയും നഷ്ടമായവനാണ് ഞാന്‍; പിന്നീട് ഇങ്ങോട്ട് മുത്തശ്ശി ആയിരുന്നു എല്ലാം. എന്നില്‍ വര്‍ഗീയത നിറയാതെയിരിക്കാനും  മതം എന്നെ ഭരിക്കുന്നത് തടയാനുമായി മുത്തശ്ശി എന്‍റെ പേരില്‍ പോലും മാറ്റം വരുത്തി. ജോസഫ്‌ സാദിക്‌ രാജ എന്ന ഞാന്‍ പേരുകൊണ്ടുപോലും ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യാനിയോ അല്ല. ഈശ്വര വിശ്വാസിയായ മനുഷ്യനാണ് ഞാന്‍.; ഇത് തന്നെ ആണ് കഥയുടെ ഇതിവൃത്തവും. ഇന്നത്തെ സാമൂഹിക അവസ്ഥ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക്‌ അറിയാമല്ലോ? വര്‍ഗീയത അല്ലെങ്കില്‍ മത ധ്രുവീകരണം ആണ് നാം നേരിടുന്ന പ്രശ്നം. മനുഷ്യന്‍ ദൈവത്തെ കച്ചവടത്തിന് ഉപയോഗിക്കുന്നതുകണ്ട് സഹികെട്ട കൃഷ്ണനും ജീസസും അള്ളാഹുവും ഒന്നിച്ചുനിന്ന് മനുഷ്യനെ നേര്‍വഴിക്ക് കൊണ്ടുവരാന്‍ ശ്രെമിക്കുന്നതാണ് ഈ സിനിമയുടെ രണ്ടാം പകുതിയില്‍ പ്രതിപാദിക്കുന്നത്.  ഹിന്ദു ദൈവം അഹിന്ദു ദൈവത്തെ തൊട്ടതിനാല്‍  ഹിന്ദു ദൈവത്തെ ഞാന്‍ അശുദ്ധിപ്പെടുത്തി, ജീസസ്‌ മറ്റുദൈവങ്ങള്‍ക്കൊപ്പം നിന്നതിനാല്‍ ക്രൈസ്തവരുടെ ഏകദൈവ വിശ്വാസത്തെ ഞാന്‍ തകര്‍ത്തു, അല്ലാഹുവിനെ കാണിച്ചതിനാല്‍ ദൈവത്തിനു രൂപം നല്‍കി ഞാന്‍ ഇസ്ലാം മതത്തിനെ അപമാനിച്ചു. ഇങ്ങനെ ആണ് മതവിശ്വാസങ്ങളെ ഞാന്‍ തകര്‍ത്തത്. എന്നാല്‍ എനിക്ക് പറയാന്‍ സാധിക്കും ഈ എതിര്‍പ്പ് ദൈവങ്ങള്‍ അപമാനപ്പെട്ടതിനാല്‍ അല്ല, സ്വപ്നത്തില്‍ പോലും മനുഷ്യന് ഒന്നിക്കാന്‍ സാധിക്കില്ല എന്നാല്‍ ദൈവങ്ങള്‍ സിനിമയില്‍ എങ്കിലും ഒന്നിച്ചു. ദൈവം ഒന്നിച്ചതിനാല്‍ അപമാനിതനായ മനുഷ്യന്‍ ആണ് ഈ സിനിമയെ എതിര്‍ക്കുന്നത്. ദൈവങ്ങള്‍ ഒന്നിച്ചതാണ് ഇതില്‍ അപമാനം ആയി വര്‍ഗീയ സംഘടനകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. മനുഷ്യന് സാധിക്കാത്തത് ചെയാന്‍ സാധിക്കുന്നത് തന്നെ അല്ലെ ദൈവത്തെ ദൈവം ആക്കി നിര്‍ത്തുന്നതും? "


"അപ്പോള്‍ ജനങ്ങള്‍ കാണിക്കുന്ന ഈ എതിര്‍പ്പിനെ എങ്ങനെ നേരിടും?" ആരോ അടുത്ത ചോദ്യശരം തൊടുത്തു


ചോദ്യത്തിനുള്ള ഉത്തരമെന്നോണം മുഖത്തെ പുഞ്ചിരിയില്‍ ഒരു പുച്ഛം കടന്നു വന്നത് ക്യാമറാ കണ്ണുകള്‍ അയാള്‍ പോലും അറിയാതെ ഒപ്പിയെടുത്തു.

"അള്ളാഹുവിനേയോ, ജീസസിനെയോ, കൃഷണനേയോ ഞാന്‍ കളിയാക്കിയില്ല. അവനവന്‍റെ മതമാണ് വലുതെന്ന് പറഞ്ഞ്, ആ ഗര്‍വ്വിന് ഒരു പോറല്‍ പറ്റിയാല്‍ അതിനു കാരണമായവനെ ദൈവനാമത്തില്‍ ശിക്ഷിക്കാന്‍ ഇറങ്ങുന്ന കപട ദൈവ വിശ്വാസികളെ ആണ് ഞാന്‍ കളിയാക്കിയത്. അവരുടെ കാപട്യം കാണുമ്പോള്‍ യഥാര്‍ഥ വിശ്വാസികള്‍, അവര്‍ ആരും ആയിക്കൊള്ളട്ടെ, ഹിന്ദുവോ, മുസ്ലിമോ, ക്രിസ്ത്യനോ ആരും, ഈ കള്ളനാണയങ്ങളെ തള്ളിപ്പറയും. കേവലം ഒരു ഭ്രൂണമായ മനുഷ്യനു പോലും ഇത്തരം കപട വിശ്വാസികളെ വെറുക്കാന്‍ തോന്നുന്നു എങ്കില്‍ സര്‍വശക്തനായ ഈശ്വരന്‍ ഇത്തരക്കാരെ ശിക്ഷിക്കാന്‍ ഉറപ്പായും യുദ്ധം ചെയ്യും. ഇത് തന്നെ അല്ലെ ഞാന്‍ എന്‍റെ സിനിമയില്‍ കാണിച്ചതും, ഇതില്‍ എന്ത് ആണ് തെറ്റ്?

"ബഹുദൈവങ്ങളെ പ്രതിപാദിച്ച് താങ്കള്‍ ശരിക്കും ഏകദൈവ മതങ്ങളെ അപമാനിക്കുക തന്നെ അല്ലെ ചെയ്തത്?" 

ഒരു നിമിഷം അയാള്‍ എന്തോ ആലോചിച്ചു പിന്നെ ഒരു നെടുവീര്‍പ്പോടെ അയാള്‍ സംസാരിച്ചു തുടങ്ങി

"ഈശ്വരന്‍ ഒന്നേ ഉള്ളു എന്നും മനുഷ്യന്‍ തന്നെ ആണ് അവനെ  പങ്കുവെച്ചതെന്നും ചിന്തിക്കുന്നവനാണ് ഞാന്‍.; മതവിശ്വാസങ്ങളിലും ആചാരങ്ങളിലും അതത് ദേശത്തെ സംസ്കാരം പ്രതിഫലിക്കുന്നത് തന്നെയാണ് ഞാന്‍ പറഞ്ഞതിന്‍റെ തെളിവ്‌. പ്രാചീന ഭാരതീയര്‍ സസ്യഭുക്കുകള്‍ ആയതിനാല്‍ അവര്‍ അവരുടെ ദൈവങ്ങള്‍ക്ക് സസ്യഭുക്ക് പരിവേഷം നല്‍കി. പ്രാചീന കാലം മുതല്‍ ഭൂമിയുടെ ഓരോ വശങ്ങളില്‍ മനുഷ്യന്‍ അവന്‍റെ കുലത്തിന്‍റെതായ സംസ്കാരം കെട്ടിപ്പൊക്കിവരുന്നത് കണ്ട സര്‍വശക്തന്‍, മനനം ചെയ്യാന്‍ കഴിവുള്ളജീവികള്‍ വഴിതെറ്റിപ്പോകാതെയിരിക്കാന്‍, അവരില്‍ ഒരാള്‍ ആയി അവരുടെ ഭാഷ സംസാരിക്കുന്നവന്‍ ആയി, അവരുടെ ഭക്ഷണരീതികള്‍ പിന്തുടര്‍ന്നുവനായി അവരുടെ ഇടയില്‍ എത്തി. വത്യസ്ഥ ദേശത്ത് വത്യസ്ഥ സമയത്ത് വത്യസ്ഥ സംസ്കാരത്തില്‍ അവന്‍ ജനിച്ചു. പരദേശി രൂപത്തില്‍ മനുഷ്യന് ഇടയിലേക്ക്‌ വന്നാല്‍ മനുഷ്യന്‍ അവനെ കൂട്ടത്തില്‍ കൂട്ടാതെയിരിക്കുമോ എന്ന ചിന്ത ആകാം ഈശ്വരനെ ഇങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിച്ചതും. കൃഷ്ണന്‍  സസ്യഭുക്കും, കര്‍ത്താവ്‌ വൈന്‍ കുടിക്കുന്നവനും, പ്രവാചകന്‍ മാംസം കഴിച്ച് മദ്യം വര്‍ജിച്ചവന്‍ ആയതും ഇതിനാല്‍ ആകാം.പക്ഷേ, ഈശ്വരന് പിഴച്ചു. തങ്ങളുടെ ഇടയില്‍ വന്നവന്‍ എന്ത് ചെയ്യുന്നുവോ അത് മാത്രം ആണ് ശരി എന്ന് ചിന്തിച്ച് തമ്മില്‍ തമ്മില്‍ അവര്‍ യുദ്ധം ചെയ്തുകൊണ്ടേ ഇരിക്കുന്നു.ആര്‍ക്കുവേണ്ടി രക്തം ചിന്തുന്നുവോ അവന്‍ രക്ത ദാഹിയല്ല കരുണാമയനാണെന്ന്  ഈ വിഡ്ഢികള്‍ അറിയുന്നില്ല"

"താങ്കള്‍ വിഡ്ഢികള്‍ എന്ന് വിളിച്ചത് ആത്മീയ നേതാക്കളെ ആണോ?"

ചോദ്യം ഉതിര്‍ത്ത ലേഖകനെ നോക്കി രാജ സംസാരിച്ചു തുടങ്ങി

"ഹ ഹ ഹ.. ആത്മീയ നേതാക്കളോ അങ്ങനെ ഒരു നേതാവിന്‍റെ ആവശ്യം ആത്മീയതക്ക് ഉണ്ടോ? രക്തം ചിന്താന്‍ ആഹ്വാനം ചെയുന്ന ആത്മീയ വാദികള്‍ ആരുംതന്നെ ആത്മീയമായി ഉണര്‍ന്നവന്‍ അല്ല എന്ന് എനിക്ക് നിസംശയം പറയാന്‍ സാധിക്കും. കാരണം ആത്മീയത നിങ്ങളെ ഒന്നില്‍ നിന്നും തടയുന്നില്ല. മനോ വിഷമമില്ലാതെ എല്ലാം ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം ആണ് യഥാര്‍ത്ഥ ആത്മീയത വിഭാവനം ചെയ്യുന്നത്. ആ വഴി നടക്കുന്നവന്‍ ഒരിക്കലും അനാചാരം അനുഷ്ഠിക്കില്ല എന്തെന്നാല്‍  അവന്‍ എല്ലാരിലും ഈശ്വരനെ കാണുന്നവന്‍ ആയിരിക്കും. അല്ലെങ്കില്‍ ചെയുന്ന പ്രവൃത്തികള്‍ക്കെല്ലാം അന്ത്യനാളില്‍ ആ സര്‍വശക്തന്റെ മുന്നില്‍ കണക്കുകള്‍ അവതരിപ്പിക്കാന്‍ ബാധ്യസ്ഥനാണെന്ന ചിന്ത അവന് ഉണ്ടായിരിക്കും; ഉമര്‍ ഖലീഫയെ പോലെ. ഈശ്വരനെ സ്നേഹിക്കുന്നവന് ഈശ്വരനെ വഞ്ചിക്കാനും നിന്ദിക്കാനും ആവില്ലലോ."

"വര്‍ഗീയവാദികളോട് താങ്കള്‍ക്ക് പറയാന്‍ ഉള്ളത്?""

"അവനവന്‍ വിശ്വസിക്കുന്ന മതം ഈ ലോകം മുഴുവന്‍ വേണമെന്ന് വാശിപിടിച്ച് എന്തിനു നിങ്ങള്‍ രക്തം ചിന്തണം? ഈ പറയുന്ന ദൈവങ്ങളില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് ഈ ലോകം മുഴുവന്‍ തന്‍റെ മതത്തിന്‍റെ അധീനതയില്‍ വരണം എന്ന് തോന്നിയിരുന്നെങ്കില്‍ അയാള്‍ എന്നേ മറ്റുള്ള മതങ്ങളുടെ ദൈവങ്ങളെ കീഴടക്കിയേനെ. എന്നാല്‍ ദൈവങ്ങള്‍ അങ്ങനെ ചെയ്യുന്നില്ല. പിന്നെ എന്തിന് നാം ചെയ്യണം? ഏതെങ്കിലും ഒരു മതം ഈ ലോകം മുഴുവന്‍ ആയാല്‍ പ്രശ്നങ്ങള്‍ തീരുമോ? പണ്ട് ഭാരതം മുഴുവന്‍ ഹിന്ദുമതം ആയിരുന്നപ്പോള്‍ ശൈവരും വൈഷ്ണവരും തമ്മില്‍ ഏറ്റുമുട്ടി ക്ഷേത്രങ്ങള്‍ക്കും ജനങ്ങള്‍ക്കും നാശം വരുത്തിയത് ഹിന്ദു വാദികള്‍ മറന്നോ? ജാതിയുടെ പേരില്‍ ഉള്ള വേര്‍തിരിവ്‌ നിങ്ങള്‍ കാണുന്നില്ലെ? ക്രൈസ്തവരില്‍  ഇന്നലെയും ഇന്നും ഉള്ളത് വലിപ്പം പറഞ്ഞ് തമ്മില്‍ അടിക്കുന്ന ഒരുകൂട്ടം സഭകള്‍ അല്ലെ? സമാധാനത്തിന്‍റെ മതമായ ഇസ്ലാമില്‍ ഷിയകളും സുന്നികളും തമ്മില്‍ ഉള്ള അധികാര വടംവലികള്‍ മതനേതാക്കള്‍ മറന്നോ?? സമാധാനത്തോടെ കഴിയാന്‍ അല്ലെങ്കില്‍ പിന്നെ എന്തിന് ലോകം മുഴുവന്‍ ഒറ്റമതം മതി എന്ന് വാശിപിടിക്കണം?

ഇന്ന് രക്തം ഊറ്റി നാളെ രക്തരൂഷിതം ആക്കാന്‍ നമ്മള്‍ പരിശ്രമിക്കുന്നു. അവസാനമായി എനിക്ക് നിങ്ങളോടും ഈ ലഹളക്കാരോടും ഒന്നേ പറയാന്‍ ഉള്ളു  ഒരു സിനിമകൊണ്ട് കളങ്കപ്പെടുന്നതാണ് നിങ്ങളുടെ ഈശ്വരനെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഈശ്വരനെ പൂര്‍ണമായി വിശ്വസിക്കുന്നില്ല എന്നല്ലെ? അവിശ്വാസികള്‍ എന്തിന് ബഹളം കൂട്ടണം??

ഇനിയും നിങ്ങള്‍ക്ക്‌ ചോദ്യങ്ങള്‍ ഉണ്ടാകുമെന്ന് എനിക്കറിയാം പക്ഷേ, അത് മറ്റൊരു അവസരത്തില്‍ ആവട്ടെ. ഇപ്പോള്‍ നമുക്ക്‌ പിരിയാം. ഈ കലാപകാരികള്‍ കാല്‍ അറുത്തുമാറ്റിയ എന്‍റെ 4 വയസുകാരി മോള്‍ക്ക് എന്‍റെ സാമീപ്യം ആവശ്യം ആണ്. അവള്‍ക്കൊപ്പം ചിലവഴിക്കാന്‍ എനിക്ക് കുറച്ചു സമയം വേണം.അതിനാല്‍ ഈ സംഭാഷണം നമുക്ക്‌ ഇവിടെ നിര്‍ത്താം. എല്ലാവര്‍ക്കും എന്‍റെ നമസ്കാരം."

ഭാവഭേദങ്ങള്‍ ഒട്ടുമില്ലാതെ അയാള്‍ ആ തിരക്കില്‍ നിന്നും മെല്ലെ തല വലിച്ചു. അപ്പോഴും മതഭേദമന്യേ ആ മുറ്റത്ത് മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടെ ഇരുന്നു.
*******************************************************************************
സമയരഥം അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു. വീല്‍ചെയറില്‍ മകളെ ഇരുത്തി അയാള്‍ ടിവിക്ക് മുന്നില്‍ വന്നിരുന്നു. നേരം ഇരുട്ടിയതിനാല്‍ ആയിരിക്കാം ആ വീടിന്‍റെ പരിസരം ശാന്തമായത്. ഇപ്പോള്‍ അവിടെ മുദ്രാവാക്യങ്ങള്‍ ഇല്ല, കാതടപ്പിക്കുന്ന അശ്ലീല വര്‍ഷങ്ങളുമില്ല. ആ ശാന്തതയില്‍ അയാള്‍ സ്നേഹത്തില്‍ ചാലിച്ച ചോറുരുളകള്‍ ആ കുഞ്ഞുവായില്‍ വെച്ചുകൊടുത്തു. പിന്നീട് എന്തോ ഓര്‍മ്മവന്നപ്പോള്‍  കാര്‍ട്ടൂണ്‍ ചാനെല്‍ മാറ്റി അയാള്‍ വാര്‍ത്താ ചാനലുകളിലേക്ക് കുതിച്ചു.

മലയാളരമ ന്യൂസില്‍ സ്ക്രോളിംഗ്  ആയി പോകുന്ന വരികള്‍ കണ്ട് ആദ്യമായ്‌ അയാളുടെ പുഞ്ചിരി ഒന്ന് മങ്ങി.

"യേശുദേവന്‍ മദ്യപാനി: സാദിക്‌ രാജ " ആദ്യ ഞെട്ടല്‍ മാറിയ നിമിഷം അയാള്‍ അടുത്ത ചാനെലിലേക്ക് കുതിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വിവിധ ചാനലില്‍ കൂടി അയാള്‍ ഒരു പ്രദക്ഷിണം തന്നെ നടത്തി.

"ദൈവങ്ങള്‍ യുദ്ധകൊതിയന്മാര്‍  - സാദിക്‌ രാജ"

"ആത്മീയ നേതാക്കള്‍ കള്ളന്മാര്‍ - സാദിക്"

ഇങ്ങനെ വര്‍ണാഭമായ ബ്രേക്കിംഗ് ന്യൂസ്‌ തലക്കെട്ടുകള്‍ എല്ലാ പ്രമുഖ ചാനലുകളിലും കൂടി ഒഴുകുന്നതും അവയെ കീറിമുറിച്ച് വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്യുന്നതും മങ്ങിയ പുഞ്ചിരിയോടെ തന്നെ അയാള്‍ കണ്ടിരുന്നു എങ്കിലും കാര്‍ട്ടൂണ്‍ ചാനല്‍ വെക്കാനായി മകള്‍ നിര്‍ബന്ധിക്കുന്നത് മാത്രം രാജ അറിഞ്ഞില്ല.
*************************************************************************
എന്തൊക്കെയോ കോലാഹലങ്ങള്‍  കേട്ടാണ് അയാള്‍ ഉണര്‍ന്നത്. അരികില്‍ കിടക്കുന്ന മകളേയും ഭാര്യയേയും നോക്കിയശേഷം ജോസഫ്‌ സാദിക് രാജ മെല്ലെ റൂമിനു പുറത്തേക്ക് ഇറങ്ങി. ബാല്ക്കണിയില്‍ നിന്ന് അയാള്‍ ചുറ്റുപാടും നിരീക്ഷിച്ചു. അകലെ നിന്നും തീപന്തങ്ങള്‍ ഏന്തിയ ജനസഞ്ചയം തന്‍റെ വീട് ലക്ഷ്യമാക്കി പ്രകടനം നടത്തുന്നത് മായാത്ത പുഞ്ചിരിയോടെ അവന്‍ നോക്കി നിന്നു. ആ പ്രകടനക്കാര്‍ തന്‍റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടിട്ടും ആ പുഞ്ചിരി മാഞ്ഞില്ല. കയ്യില്‍ ഏന്തിയ വിവിധ വര്‍ണ്ണ പതാകകളില്‍ പച്ചയും വെള്ളയും കാവിയും കണ്ടു, പക്ഷേ മൂവര്‍ണ്ണക്കൊടി മാത്രം ആരുടെ കയ്യിലും കണ്ടില്ല.

ബാല്‍ക്കണിയില്‍ ആ ശാന്തരൂപനെ കണ്ട മതഭ്രാന്തന്മാര്‍ക്ക് ശാന്തത നഷ്ടമായത് അതിവേഗം ആയിരുന്നു. "ഈശ്വരനെ കൊലപാതകിയും യുദ്ധകൊതിയനും ആയി പ്രഖ്യാപിച്ച സാമദ്രോഹിയെ കൊല്ലടാ" എന്ന് ആരോ അക്രോശിച്ചതും കല്ലുകള്‍ മഴപോലെ പതിച്ചതും ഒരുമിച്ചായിരുന്നു. ഒരു കല്ല്‌ നെറ്റിയില്‍ പതിച്ചതും ആര്‍ത്തനാദത്തോടെ അയാള്‍ മുകളില്‍ നിന്ന് നിലത്തേക്ക് പതിച്ചതും താങ്ങിയെടുക്കണ്ട ജനങ്ങള്‍ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങിയതും  കൃഷ്ണനോ അള്ളാഹുവോ ജീസസോ പറഞ്ഞിട്ടായിരുന്നില്ല. കൈത്തരിപ്പുകള്‍ തീര്‍ത്തശേഷം  ആ ജനക്കൂട്ടം പിന്‍വാങ്ങുമ്പോള്‍  ഇനിയും വിരിയാത്ത മതസൗഹാര്‍ദം തേടി ആത്മീയജീവികളും മതമില്ലാത്ത മനുഷ്യനെ തേടി ഒരാത്മാവും  ആ ശരീരം വിട്ടകന്നിരുന്നു.