Sunday, June 17, 2012

പുണ്യാഹം

ആദ്യമായി എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു . ഒരുപാട് നാള്‍ ആയി ഇവിടെ എന്തെങ്കിലും എഴിതിയിട്ട്. പരീക്ഷയും അസൈന്‍മെണ്ടും കൂടി ശ്വാസം മുട്ടിക്കുക ആയിരുന്നു. ഇനി ഇപ്പോള്‍ പ്രൊജക്റ്റ്‌ ടൈം ആണ്. എങ്കിലും എന്തെങ്കിലും എഴുതാന്‍ സമയം കിട്ടും. ഒരുവട്ടം കൂടി മാപ്പ് ചോദിച്ച്‌ കൊണ്ട് ഞാന്‍ തുടങ്ങട്ടെ......
           *****************************************************************
ഇന്ത്യയിലെ മഹത്തായ യൂണിവേര്‍സിറ്റികളില്‍  ഒന്നായ അണ്ണാ യൂണിവേര്‍സിറ്റിയുടെ എക്സാം കന്ട്രോള്‍ ഓഫീസില്‍ നിന്ന് പുറത്തു  ഇറങ്ങുമ്പോള്‍ മനസ് ആകെ നീറുകയായിരുന്നു. ഓഫീസ് പാതയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന നവ-ഗ്രഹ വിഗ്രഹത്തില്‍ ഒരു നിമിഷം നോക്കി നിന്നപ്പോള്‍ ഉള്ളിലെ ദുഃഖങ്ങള്‍ കാര്‍മേഘമായി ദൃഷ്ടിയെ മറച്ചു. എന്‍റെ ഉള്ളിലെ തീ അണക്കാനായി അവ ജലകണികകളായി  കവിളിലൂടെ പെയ്തിറങ്ങുന്നത് ഞാന്‍ അറിഞ്ഞു.  കണ്ണുകള്‍ തുടച്ച്‌ യൂണിവേര്‍സിറ്റി കവാടം കടന്ന് അടുത്തതായി വന്ന ബസില്‍ കയറി ഗിണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പോകാന്‍ പാര്‍ക്ക്‌ സ്റ്റേഷന്‍ വരെ പോകുന്ന ട്രെയിനില്‍ കയറി ഇരുന്നപ്പോള്‍ ഉള്ളില്‍ ഒരായിരം ഓര്‍മ്മകള്‍ നിറഞ്ഞു.

ഒരുപാട് പ്രതീക്ഷകളോടെ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന കാലം. ഹോസ്റ്റല്‍ റൂമിന്‍റെ ഉള്ളില്‍ നിന്ന് തുടങ്ങിയ സൗഹൃദങ്ങള്‍;  ആദ്യമായി രക്ഷിതാക്കളെ വിട്ട്‌ മാറി നിക്കുന്ന കുറെ കുട്ടികളില്‍ ഒരുവന്‍ ആയി ഈ ഞാനും. ആ സൗഹൃദങ്ങള്‍ മെല്ലെ വളര്‍ന്നു. പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായ സൗഹൃദങ്ങള്‍; എനിക്ക് ഒരു ആവശ്യം വന്നാല്‍ എന്‍റെ ബാച്ച് മുഴുവന്‍ എനിക്ക് ഒപ്പം ഉണ്ടാകുമെന്ന  മിഥ്യാ ധാരണയുംപേറി സുഹൃത്തുകള്‍ക്കൊപ്പം ഞാന്‍ പറന്നുനടന്നു. മറ്റുള്ള ബാച്ച് എല്ലാം ഞങ്ങളുടെ അടിമകള്‍ എന്ന് തെളിയിക്കാന്‍ ആയി സാഹസികത മുഖമുദ്ര ആക്കി ഞങ്ങള്‍ പലതും കാണിച്ചു. സീനിയെര്‍ വിദ്യാര്‍ത്ഥികളെ അടിച്ചും, ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചും, മദിച്ച് നടന്ന സമയം; കഴുത്തില്‍ പിടി വീണത്‌ മാത്രം അറിഞ്ഞില്ല; അതും ചെയാത്ത തെറ്റിന്! തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പം ഉണ്ടാകും എന്ന് കരുതിയ, കുടുംബക്കാര്‍ എന്ന് ഞാന്‍ വിശ്വസിച്ച, എന്‍റെ സഹപാഠികള്‍, സ്വയ രക്ഷക്കായി എന്നെ തന്നെ ചൂണ്ടി കാട്ടി രംഗം ഒഴിയുന്ന മനോഹരമായ ചിത്രം മനസ്സില്‍ ഇന്നും ഒളിമങ്ങാതെ കിടക്കുന്നു. ആദ്യ വര്‍ഷ 'വിദ്യാര്‍ഥികളെ റാഗ് ചെയ്തു' എന്ന കുറ്റം ആരോപിച്ച് ധനലക്ഷ്മി ശ്രിനിവാസന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എന്നെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു, അതും ഒരു അദ്ധ്യായന വര്‍ഷത്തേക്ക്. അതായതു ഇനി ഞാന്‍ പഠിക്കണ്ടത് എന്‍റെ ജൂനിയര്‍ സടുടെന്‍സിനൊപ്പം!!  തടസമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്ന  എന്‍റെ വിദ്യാഭ്യാസ യാത്ര താല്‍കാലികമായി നിന്നിരിക്കുന്നു. 

അതെ!! നിന്നിരിക്കുന്നു... ഓര്‍മകള്‍ക്ക് ഒപ്പം ട്രെയിനും നിന്നിരിക്കുന്നു. പാര്‍ക്ക്‌ സ്റ്റേഷന്‍, ഇനി നടക്കണം ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വരെ. ഇനി പുനരാരംഭിക്കാം യാത്രയും ഓര്‍മകളും. റോഡിനപ്പുറത്ത് എനിക്ക് കാണാം : ആ ചുവന്ന കോട്ട. സിനിമകളില്‍ നായകന്‍ ചെന്നൈ എത്തി എന്ന് അറിയിക്കാന്‍ ആയി കാട്ടുന്ന ആ സുപരിചിതമായ ചുവപ്പ് കോട്ട, 'ചെന്നൈ സെന്‍ട്രല്‍' . ഞാനും എന്‍റെ ചുവപ്പ് കോട്ട തേടി ഉള്ള യാത്രയില്‍ ആയിരുന്നു. വിദ്യാഭ്യസം ആണ് എന്‍റെ ചുവപ്പുകോട്ടയിലേക്കുള്ള വഴി എന്ന് അറിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും ആ കോളേജില്‍ മടങ്ങി എത്തി. ജൂനിയര്‍ സ്ടുടെന്‍സിനൊപ്പം അവരില്‍ ഒരാള്‍ ആയി ഇരുന്ന് പഠിച്ച് ഞാനും പാസ്‌ ആയി. എന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ ആ കോളേജില്‍ നിന്ന് ഡി-ബാര്‍ വാങ്ങിയ ശേഷം തിരിച്ച് വന്ന് 8th സെമ്മില്‍ തന്നെ എല്ലാ പേപ്പറും ക്ലിയര്‍ ആക്കി എഞ്ചിനീയര്‍ ആയ ആദ്യ സ്റ്റുടന്‍റ്. സന്തോഷം ആയിരുന്നു മനസ് നിറയെ പക്ഷെ അത് ഇത്ര വേഗം ദുഃഖം ആയി തീരും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിചിരുന്നില്ല.

യൂണിവേര്‍സിറ്റിയില്‍ നിന്ന് എല്ലാവരുടേയും സര്‍ട്ടിഫിക്കറ്റ് വന്നിരിക്കുന്നു. എന്നാല്‍ എനിക്ക് മാത്രം വന്നിട്ടില്ല. കോളേജില്‍ വിളിച്ച് ചോദിക്കാന്‍ തുടങ്ങിയിട്ട് മാസം 6 കഴിഞ്ഞു. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് സമയം കളയാന്‍ തുടങ്ങിയിട്ട് 6 മാസങ്ങള്‍. ഇപ്പോള്‍ എനിക്ക് ആ    സര്‍ട്ടിഫിക്കറ്റ്  അത്യാവശ്യം ആയിരിക്കുന്നു. ഇഗ്ലണ്ടില്‍ ഹയര്‍  സ്റ്റഡിക്ക് അഡ്മിഷന്‍ കിട്ടിയിരിക്കുന്നു. വിസ പ്രോസിസ്സിംഗ് തുടങ്ങാന്‍ സമയവും ആയി, പക്ഷെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എനിക്ക് പോകാന്‍ ആവില്ല. ഇപ്പോള്‍  യൂണിവേര്‍സിറ്റി പറയുന്നു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഇനിയും 2 മാസം എടുക്കുമെന്ന്. സസ്പെന്‍ഷന്‍ വാങ്ങി ഇടയ്ക്കു പുറത്ത് പോയവര്‍ക്ക് സര്‍ട്ടിഫിക്കററ് തരാന്‍ ചില നൂലാമാലകള്‍ ഉണ്ട് പോലും. അതായതു ഗ്രാജുവേഷെന്‍ സെറിമണിയില്‍ ആ കറുത്ത കോട്ട് ഇട്ടു സര്‍ട്ടിഫിക്കറ്റ് വാങ്ങുക എന്ന എന്‍റെ ആഗ്രഹം ഇനി നടക്കില്ല. ചിലപ്പോള്‍ കിട്ടിയ അഡ്മിഷന്‍ പോലും എനിക്ക് നഷ്ടമായേക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കിട്ടിയ ആ സസ്‌പെന്‍ഷന്‍ ഇന്നാണ് എന്‍റെ ജീവിതത്തില്‍ 'ഇടിത്തീ' ആയി പതിച്ചിരിക്കുന്നത്. 

"ഇതിനും മാത്രം വിഷമിപ്പികാന്‍ ഈശ്വര ഞാന്‍ ഇത്ര പാപി ആണോ? എനിക്ക് ഒന്നിന് പിറകെ ഒന്നായി നീ ദുഃഖങ്ങള്‍ തരുന്നു... എന്ത് കൊണ്ട് ഒരുതവണ പോലും നീ എന്നോട് കരുണ കാട്ടുന്നില്ല? എന്തിനാണ് എന്നെ ഇങ്ങനെ വെറുതെ ഈ മഹാ നഗരത്തില്‍ ഇടയ്ക്കു ഇടയ്ക്കു വരുത്തുന്നത്?  എന്‍റെ അത്രയും ദുഃഖങ്ങള്‍ ഈ ലോകത്ത് മറ്റൊരാള്‍ക്കും ഉണ്ടാകില്ല... നീ എന്തിനു എന്നെ ഇങ്ങനെ പരീക്ഷിച്ച് ദ്രോഹിക്കുന്നു.... നിനക്ക് ഇതുവരെ എന്നെ വേദനിപ്പിച്ചു മതിയായില്ലെ?" ഒരായിരം ചോദ്യ ശരങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ഞാന്‍ സര്‍വ ശക്തനായ ഭഗവാന് നേര്‍ക്ക്‌ തൊടുത്തു. ദൈവം പോലും വിചാരിച്ചു കാണില്ല ഈ വന്യമായ ആക്രമണം.

ഒരു ദാഹം.... ചുണ്ടുകള്‍ വരണ്ട് ഉണങ്ങിയിരിക്കുന്നു. ഇപ്പോള്‍ തോന്നിയ ഈ ദാഹം സ്ഥലകാല ബോധം തിരികെ തന്നിരിക്കുന്നു. പ്ലാറ്റ്ഫോം നമ്പര്‍ 3ല്‍ തന്നെ ആണ് ഞാന്‍. ചെന്നൈ മെയില്‍ വന്ന് നിക്കുന്ന പ്ലാറ്റ്ഫോം. ചിന്തകള്‍ എങ്ങോ ആയിരുനെങ്കിലും കാലുകള്‍ എന്നെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നു. ചുറ്റും നോക്കി ഒരു കടക്ക് വേണ്ടി, ഭാഗ്യം! പ്ലാറ്റ്ഫോമില്‍ തന്നെ ഒരു കടകാണുന്നു. അവിടുന്ന്‍ ഒരു കുപ്പി വെള്ളം വാങ്ങാം. മെല്ലെ കടയിലേക്ക് നടന്നു. 

"അണ്ണ, ഒരു ബാട്ടില്‍ തണ്ണി കൊടുന്ഗ" അവശ്യം അറിയിക്കുമ്പോള്‍  മനസിലെ ദുഖത്തെ വിസ്മൃതിയില്‍ ആക്കികൊണ്ട് ആ കടയില്‍ നിന്നും നല്ല ബിരിയാണിയുടെ മണം എന്‍റെ നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു. കുഞ്ഞി കട ആണെങ്കിലും ബിരിയാണിയും ലഖു ഭക്ഷണങ്ങളും അടക്കം എല്ലാം അവിടെ ഉണ്ട്. വൃതം ആയി പോയി അല്ലെങ്കില്‍ ഒന്ന് രുചിക്കാമായിരുന്നു. പലരും അവിടെ നിന്ന് വാങ്ങുന്നുണ്ട് ഭക്ഷണം, സാമാന്യം നല്ല ബിസിനസ്‌ ഉള്ള കട. വെള്ളം കയ്യില്‍കിട്ടി. കാശ് കൊടുത്തിട്ട് വെള്ളം കുടിക്കാന്‍ ഒരുങ്ങിയപ്പോള്‍  ആണ് വായിലെ ബബിള്‍ ഗം ഓര്‍മ്മ വന്നത്. അടുത്ത് വെച്ചിരിക്കുന്ന വേസ്റ്റ് ബിന്നിലേക്ക് അത് തുപ്പിയ ശേഷം ഒരു കവിള്‍ വെള്ളം ഇറക്കി.  ബിരിയാണി നല്‍കിയ മനോഹരമായ മണം കാറ്റില്‍ പറത്തിക്കൊണ്ട് അടുത്ത നിമിഷം എന്‍റെ മൂക്കിലേക്ക് മുഷിഞ്ഞു നാറിയ ഒരു മണം  തുളച്ചു കയറി.  അറിയാതെ എന്‍റെ കൈകള്‍ മൂക്കിന്‍റെ സംരക്ഷണം ഏറ്റെടുത്തു. വലത് വശത്തേക്ക് തിരിഞ്ഞ എനിക്ക് ആ കാഴ്ച കണ്ട് തോന്നിയത്‌ അറപ്പയിരുന്നു.

മുഷിഞ്ഞു നാറിയ വസ്ത്രത്തില്‍ ഒരു കൗമാരക്കാരന്‍; അവന്‍റെ വസ്ത്രങ്ങളിലെ ചെളിക്ക് അവനോളം പഴക്കം കാണും. മുഖത്ത് നോക്കിയാല്‍ അവന്‍ കഴിഞ്ഞ 3 ദിവസങ്ങളില്‍ എന്തൊക്കെ കഴിച്ചു എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. കണ്ണിലേക്ക് പാറി ഇറങ്ങുന്ന മുടികള്‍ക്ക് ചെമ്പിന്‍റെ നിറം. കൈല്‍ അങ്ങും ഇങ്ങും ഉണങ്ങിയതും ഉണങ്ങാത്തതും ആയ ചെറിയ ചെറിയ മുറിവുകള്‍. ചില മുറിവുകള്‍  പട്ടി കടിച്ചതോ, മാന്തിയതോ മൂലം ഉണ്ടായവ ആണോ എന്നുള്ള ഒരു സന്ദേഹം ആരിലുമുണ്ടാക്കും. കീറിയ മുണ്ടില്‍, പതിയിരിക്കുന്ന രക്ത കറയും ചെളിയും തമ്മില്‍ തിരിച്ചറിയാന്‍ ചിലപ്പോള്‍ ഒരു ലാബ് ടെസ്റ്റ്‌ തന്നെ നടത്തേണ്ടി വരുമെന്ന് എനിക്ക് തോന്നിപ്പോയി. എല്ലാം കൊണ്ടും വെറുപ്പ്‌ ഉളവാക്കുന്ന ഒരു രൂപം. അവന് കൂട്ടായി ഒരു നായികുട്ടി വാലും ആട്ടി കൂടെ... 

ഇവന്‍ എന്‍റെ ശരീരത്തില്‍ തൊട്ടാല്‍ ഒരു പക്ഷെ ട്രെയിനില്‍ കയറും മുന്‍പ്‌ എനിക്ക് കുളിക്കണ്ടി വരും. ഇപ്പോള്‍ അതിനുള്ള സമയമില്ല. ഒരു രീതിക്കും അവനും ആയി സ്പര്‍ശനത്തില്‍ വരാതെ ഇരിക്കാന്‍ എന്‍റെ കാലുകള്‍ മെല്ലെ പിന്നിലേക്ക്‌ ചലിച്ചു. ആ രൂപം വീണ്ടും അടുത്ത് വരുകയാണ്. എല്ലാവരും ഇപ്പോള്‍ അവനെ തന്നെ ആണ് നോക്കുന്നത്. അവന്‍ അടുത്തേക്ക് വരല്ലെ എന്ന് ഒരു നിമിഷം ഞാനും ആഗ്രഹിച്ചു. അവന്‍ അടുത്തേക്ക് വന്നില്ല. പകരം അവിടെ വെച്ചിരുന്ന, ഞാന്‍ തുപ്പിയ ആ വേസ്റ്റ് ബിന്നിലേക്ക് അവന്‍ കൈ ഇട്ടു. ആരോ ബിരിയാണി കഴിച്ച് ഉപേക്ഷിച്ചുപോയ പേപ്പര്‍ പ്ലേറ്റ് അതില്‍ നിന്നും അവന്‍ കോരി എടുത്തു. മാംസം മുഴുവന്‍ കടിച്ചു തിന്നിട്ട് ചപ്പിയിട്ടുപേക്ഷിച്ച ഒരു എല്ലിന്‍കഷണം അവന്‍ അതില്‍ നിന്നും എടുത്തു. ഇപ്പോള്‍ അവന്‍റെ കണ്ണില്‍ എനിക്ക് കാണാന്‍ കഴിയുന്നത് ലോകത്തെ എല്ലാ സൗഭാഗ്യങ്ങളേയും, അഷ്ടലക്ഷ്മികളേയും  പരിചാരകരായി കിട്ടിയ ചക്രവര്‍ത്തിയുടെ കണ്ണുകളിലെ തിളക്കമാണ്. കൊതിയോടെ അവന്‍ അത് എടുത്ത് ചുണ്ടോടുചേര്‍ത്ത് മെല്ലെ രുചിയോടെ നുണഞ്ഞു. ഒരു നിമിഷം കൊണ്ട് എന്‍റെ ഹൃദയം തകര്‍ന്നു പോയി. കാമവും ലോഭവും മനുഷ്യനെ മൃഗ തുല്യന്‍ ആക്കാറുണ്ട് എന്ന് കേട്ടിടുണ്ട്, പക്ഷെ ഇപ്പോള്‍ ഞാന്‍ കണ്ടത്‌ വിശപ്പ് ഒരു മനുഷ്യനെ മൃഗ തുല്യന്‍ ആക്കിയിരിക്കുന്നതാണ്. അവന്‍റെ സ്വഭാവം അല്ല മറിച്ച് അവന്‍റെ ജീവിതം തന്നെ മൃഗ തുല്യം ആയിരിക്കുന്നു. വിശപ്പ് അവനെ ഒരു ശുനക ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചിരിക്കുന്നു. ഒരു സഹോദരന്‍ മറ്റുള്ളവരുടെ എച്ചില്‍ തിന്ന് ജീവിക്കുന്നത് കണ്ണില്‍ കാണണ്ടി വന്നതിലും വല്യ ദുഃഖം ഒന്നിനുമില്ലായെന്ന്‍ എന്‍റെ മനസ് എന്നോട് മന്ത്രിച്ചു.

സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ എനിക്ക് ഒരു നിമിഷം വേണ്ടിവന്നു. എന്‍റെ കാലുകള്‍ ഇപ്പോള്‍ അവന് നേരെ ആണ് ചലിക്കുന്നത്. അവന്‍റെ അടുത്ത് എത്തി ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ തുടര്‍ന്നു. "തമ്പി അതേ കീള പൊടു തമ്പി. ഉനക്ക്‌ നാന്‍ പുതു ബിരിയാണി വാങ്ങിതരെ. കടവുളേ നിനച്ചു കീളെ പോടഡാ"

ഞാന്‍ പറഞ്ഞത്‌ മനസിലാകാത്തവനെ പോലെ അവന്‍ മെല്ലെ പിന്നിലേക്ക്‌ മാറി. ഒരു മന്ദബുദ്ധിയെ പോലെ അവ്യക്തമായ രീതിക്ക് എന്തൊക്കെയോ പുലമ്പി അവന്‍ വീണ്ടും ആ എല്ല് രുചിച്ചു. അടുത്ത നിമിഷം ആ കടയിലേക്ക് തിരിഞ്ഞ് ഒരു പൊതി ബിരിയാണി ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ബലമായി അവനെ കടന്നു പിടിച്ച് അവന്‍റെ കൈയില്‍ നിന്ന് ആ എല്ലിന്‍ കഷ്ണം ഞാന്‍ പിടിച്ചെടുത്തു. അമ്പരന്നുപോയ അവന്‍റെ മുന്നിലേക്ക്‌ ആ പുതിയ ബിരിയാണി പാക്കറ്റ്‌ ഞാന്‍ നീട്ടി. അവന്‍ അത് വാങ്ങി അടുത്ത പ്ലാട്ഫോര്‍മിലേക്ക് നീങ്ങി. അവിടെ നിലത്ത് ഇരുന്ന അവന്‍ ആദ്യം അതില്‍ നിന്ന് ചിക്കന്‍ കഷ്ണം എടുത്തു അവന്‍റെ പട്ടിക്ക് നല്‍കി. ബുധിയില്ലായ്മയിലും വിശപ്പിലും അവന്‍ അവന്‍റെ ഉറ്റ ചങ്ങാതിയെ മറന്നില്ല.  വേഗം കൈയില്‍ ഇരുന്ന വെള്ളകുപ്പി ഞാന്‍ അവന് നല്‍കി. അതും അവന്‍ വാങ്ങി. എന്തോ ഒരു സന്തോഷം ഇപ്പോള്‍ എന്‍റെ മനസ്സില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു. 

'ടപ്പെ' ഒരു അടി ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങി ഒപ്പം ആ അനാഥന്‍റെ ഒരു രോദനവും. ആക്രോശിച്ചു കൊണ്ട് മുന്നില്‍ റെയില്‍വേ പോലീസ്; "വാട്ട്‌ ദി ഹെല്‍ ആര്‍ യു ടൂയിംഗ്?" എന്ന് ചോദിച്ച എന്നെ കണ്ണുരുട്ടി കാട്ടി ആ പോലീസ് ഏമാന്‍ വീണ്ടും അവനെ ലാത്തിക്ക് കുത്തി. ഒരു അനാഥനെ ഒരു നേരത്തെ ആഹാരം കഴിക്കാന്‍ സമ്മതിക്കാതെ അയാള്‍ അയാളുടെ ഡ്യൂട്ടി ചെയുന്നു. നോക്കി നില്‍ക്കെ ആ പയ്യന്‍ പൊതിയും വാരി എടുത്തു ഓടി; കൂടെ അവന്‍റെ പട്ടികുട്ടിയും. ഓടുന്ന അവന്‍റെ കൈല്‍നിന്നും ചിക്കന്‍ കഷണം തെറിച്ചു വീണു. മിന്നല്‍ പോലെ അത് എടുത്ത് വീണ്ടും മാറോടുചേര്‍ത്തവന്‍ ഓടി, ആള്‍ക്കൂട്ടത്തിലേക്ക്. അവന്‍ കണ്ണില്‍ നിന്ന് മറയും വരെ ഞാന്‍ ഇമ ചിമ്മാതെ നോക്കി നിന്നു. എവിടെയോ അവന്‍ മറഞ്ഞു. വലിയ എന്തോ കര്‍ത്തവ്യം പൂര്‍ത്തീകരിച്ച ഭാവത്തോടെ ആ പോലീസ് കാരന്‍ മെല്ലെ നടന്നു നീങ്ങി. ആ പയ്യന്‍ ഇരുന്ന സ്ഥലത്ത് വെള്ളകുപ്പി വീണ് നനഞ്ഞിരിക്കുന്നു. എനിക്ക് അത് അവന്‍റെ പക്വത ഇല്ലാത്ത മനസ്സില്‍നിന്നും പൊടിഞ്ഞ കണ്ണീര്‍ ആയി തോന്നി. ഏതു മനസാക്ഷിയേയും ഉരുക്കാന്‍ ശക്തി ഉള്ള അവന്‍റെ കണ്ണീര്‍!

ട്രെയിനിന്‍റെ കൂകല്‍ എന്‍റെ കാതുകളില്‍ മുഴങ്ങി. ട്രെയിന്‍ പോകാന്‍ ടൈം ആയിരിക്കുന്നു. മെല്ലെ എന്‍റെ കമ്പാര്‍ട്ട്മെന്‍റ് ലക്ഷ്യമാക്കി ഞാന്‍ നടന്നു, ഇപ്പോള്‍ എന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും ദൈവം എനിക്ക് മറുപടി തന്നിരിക്കുന്നു. ഞാന്‍ അനുഭവിച്ചത്‌ എന്‍റെ അഹങ്കാരങ്ങള്‍ക്കുള്ള ശിക്ഷകള്‍. എന്നിട്ടും ദൈവം എന്നെ വിജയിപിച്ചു പക്ഷേ എന്‍റെ ആഗ്രഹങ്ങള്‍ വീണ്ടും എന്നെ സങ്കടപെടുത്തുന്നു. ഇന്നല്ലെങ്കില്‍ നാളെ എനിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് ഉറപ്പുണ്ട് പക്ഷേ എന്നെ വേദനിപ്പിക്കുന്നതെല്ലാം എന്‍റെ മനസിന്‍റെ കുഞ്ഞി ആഗ്രഹങ്ങള്‍ നടക്കില്ല എന്ന പേടി മാത്രം ആണ്. അതിനെ ഞാന്‍ ലോകത്തെ വല്യ ദുഃഖം ആയി കണ്ട് ഈശ്വരനെ വരെ ചോദ്യം ചെയുന്നു. എന്നാല്‍ ആ പയ്യനോ? അവന് നാളെ ആഹാരം കിട്ടുമോ എന്ന് അവനു ഉറപ്പില്ല. ഏതോ കുപ്പ തൊട്ടി ആണ് അവന് സ്വര്‍ഗം. ഇനി ആ കുപ്പ കൂനയില്‍ നിന്ന് അവന് കിട്ടാന്‍ പോകുന്നതോ ആരുടെയോ ഉച്ചിഷ്ടം! ആരെങ്കിലും ദയ തോന്നി എന്തെങ്കിലും നല്‍കിയാലോ ഈ സമൂഹം അവനെ സമാധാനത്തോടെ കഴിക്കാന്‍ അനുവദിക്കില്ല. എന്നിട്ടും അവന് പരാതികള്‍ ഇല്ല ആരോടും. ദൈവത്തിനോട് പോലും. പട്ടിണി ആണ് യഥാര്‍ത്ഥ ദുഃഖം. അത് ഇന്നെനിക്‌ കാട്ടി തന്നിരിക്കുന്നു ദൈവം. എന്‍റെ ഒരു ദിനം ഉണ്ടായാല്‍ ഈ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് അവസരം തരണേ ഈശ്വര എന്നാണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന. 

ട്രെയിനിന്‍റെ കുലുക്കം എന്‍റെ കണ്ണുകളിലേക്ക് മെല്ലെ ഉറക്കത്തെ ആവാഹിച്ചു. ഇമകള്‍ മെല്ലെ അടയുമ്പോള്‍ ആ പ്ലാട്ഫോര്‍മില്‍ തളം കെട്ടി കിടന്ന വെള്ളം വീണ്ടും എന്‍റെ മനസിലേക്ക് കയറി വന്നു. ഇപ്പോള്‍ എനിക്ക് അത് അവന്‍റെ കണ്ണീര്‍ അല്ല മറിച്ച് എന്‍റെ ഹൃദയത്തെ ശുദ്ധം ആക്കാനായി അവന്‍ തളിച്ചിട്ട് പോയ പുണ്യാഹം ആണ്; പുണ്യാഹം!!!!!