Tuesday, September 4, 2012

ശവത്തിന്‍റെ കണ്ണുകള്‍ നിറയുമോ????

   സെപ്റ്റംബര്‍ ലക്കം ഇ-മഷി ഓണ്‍ലൈന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച കഥ

പെട്രോള്‍ അടിക്കാന്‍ ഉള്ള കാശുമായി അമ്മ വരുന്നതും നോക്കി  സ്റ്റാര്‍ട്ടാക്കിയ ബൈക്കില്‍  കാത്തുനില്‍ക്കുന്നതിനിടക്ക് ശബ്ദം ഉണ്ടാക്കിക്കൊണ്ടൊരു   എസ്എംഎസ് വന്നിറങ്ങി. പോക്കെറ്റില്‍ നിന്ന് മൊബൈല്‍ എടുത്തപ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ കമന്‍റ് എത്തി.

"ഈ പെണ്ണിന് ഈ കൊച്ചു വെളുപ്പിന് ഒരു പണിയുമില്ലേ?? അവളോട്‌ പോയി 4 അക്ഷരം പഠിക്കാന്‍ പറയടാ ചെക്കാ."

"അമ്മ ഇപ്പോളേ അവളോട് അമ്മായിയമ്മ പോരാണെങ്കില്‍ ഞാന്‍ നാളെ അവളെ ഇവിടെ കൊണ്ടുവന്നാല്‍ എന്നും 'ഇടിനാശം ആന്‍ഡ്‌ വെള്ളപൊക്കം' ആരിക്കുമല്ലോ അമ്മേ??"

''പോടാ അഹങ്കാരി'' എന്ന് വാത്സല്യത്തോടെ അമ്മ പറയുമ്പോള്‍ എന്‍റെ കണ്ണുകള്‍ മൊബൈല്‍ സ്ക്രീനില്‍ പ്രാണസഖിയുടെ നിശബ്ദതയില്‍ നിന്നും പൊട്ടിവീണ സന്ദേശത്തിലൂടെ പായുകയായിരുന്നു

"ഓള്‍ ദി ബെസ്റ്റ്‌; ടൂ വെല്‍; മൈ പ്രയര്‍സ് ആര്‍ വിത്ത്‌ യു. ലവ് യു."  

ഹ്മ്! കാര്യമായിട്ടൊന്നും കിട്ടിയില്ല. ഈ ഓള്‍ ദി ബെസ്റ്റ്‌ 15 മിനിറ്റ്‌ മുന്‍പും അവള്‍ പറഞ്ഞതാ. ഇന്ന്  ഒരു 30 തവണ ഇത് തന്നെ പറഞ്ഞു കാണുമവള്‍ . ഇന്റര്‍വ്യൂന് പോകുന്ന എനിക്കില്ലാത്ത ടെന്‍ഷനാണ് എന്‍റെ അമ്മക്കും ഇവള്‍ക്കും. 

"മോനേ, നന്നായിട്ട് ചെയ്യണേ. ഇപ്പോളേ നിന്‍റെ ചേട്ടത്തിയമ്മക്ക് ഇഷ്ടമാകുന്നില്ല നീ ജോലി ഇല്ലാതെ ഇവിടെ നില്‍ക്കുന്നത്. അവളുടെ കുത്തുവാക്കുകള്‍ ഒഴിവാക്കാനെങ്കിലും മോന്‍ ഇത് നേടണം കേട്ടോ"

" ചേച്ചി  വല്ലതും പറഞ്ഞോ ?"

"ഇല്ലട കുട്ടാ. നീ ഇപ്പോള്‍ അത് ഒന്നും ആലോചിക്കണ്ട പോയിട്ട് വാ"

അമ്മയുടെ കവിളില്‍ തലോടി, ബൈക്ക് ഓടിച്ച് ഞാന്‍ ദൂരേക്കകലുമ്പോളും എനിക്ക് ഉറപ്പാണ്‌ കണ്‍വെട്ടത്ത് നിന്നും ഞാനകലും വരെ എന്നെ നോക്കി നില്‍ക്കുന്നുണ്ടാകുമെന്‍റെ അമ്മ. അതാണെന്‍റെ അമ്മ. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അമ്മ. മക്കളുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന ചക്കര അമ്മ. ഒരുപക്ഷെ എല്ലാ അമ്മമാരും ഇങ്ങനെ തന്നെയായിരിക്കും. ആയിരിക്കുമെന്നല്ല ആണ്, ഇങ്ങനെ തന്നെ ആണ്. കേവലം രണ്ട് അക്ഷരത്തില്‍ നിര്‍വചിക്കാനാവാത്ത, ഒരു ആയുഷ്കാലത്തില്‍ വര്‍ണിച്ച് തീര്‍ക്കാനാവാത്ത ഒരു പ്രതിഭാസമാണ് ഓരോ മകനും അവന്‍റെ അമ്മ. 

കൗമാരം മുതല്‍ വിവാഹം വരെ ഏതൊരു മകനും അമ്മ കഴിഞ്ഞാല്‍ പിന്നെ  പ്രിയപ്പെട്ട സ്ത്രീ അവന്‍റെ കാമുകി ആയിരിക്കും. ചിലര്‍ക്ക് കാമുകിമാരോട് അമ്മയേക്കാള്‍ സ്നേഹവും, വിശ്വാസവും തോന്നാറുമുണ്ട്. എങ്കിലും അമ്മക്ക് തുല്യമാകില്ല  ഒരു കാമുകിയും. ചിലപ്പോള്‍ ജീവിതത്തില്‍ ഒരു പ്രളയം വന്നാല്‍ പ്രണയിനി  ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. പക്ഷെ അമ്മ അങ്ങനെ അല്ലാലോ. മുങ്ങിച്ചാകുന്നതിനുമുന്‍പും അമ്മ നോക്കുക മകനെ രെക്ഷിക്കാന്‍ ആയിരിക്കും.

എന്‍റെ അമ്മോ!!! എന്‍റെ പെണ്ണ് കേക്കണ്ട. പിന്നിതുമതി അവള്‍ക്ക്. 'നിങ്ങള്‍ക്ക്‌ എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞ് കീറ്റല്‍ തുടങ്ങാന്‍' മോങ്ങാന്‍ ഇരിക്കുന്ന പട്ടിയും പ്രേമിക്കുന്ന പെണ്ണും ഒരുപോലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ, പറയാന്‍ പറ്റില്ലലോ!! വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിക്കില്ലേ!! എന്തൊക്കെ പറഞ്ഞാലും അവളുടെ മെസ്സേജ് കണ്ടില്ലെങ്കില്‍ പിന്നെ ഒരു മൂഡ്‌ ഉണ്ടാകില്ല. 

ബൈക്കില്‍ പോകുമ്പോള്‍ മുഖത്തേക്കടിക്കുന്ന തണുത്ത  കാറ്റുപോലയാണവളുടെ പുഞ്ചിരി. വെയിലിനെ തണുപ്പിക്കാന്‍ ഈ കാറ്റിനുകഴിയുമെങ്കില്‍ മനസ്സിലെ നീറ്റലുകളെ തണുപ്പിക്കാന്‍ അവളുടെ പുഞ്ചിരിക്കാവും. ജോലി കിട്ടാതെ നട്ടം തിരിയുമ്പോള്‍ അവളുടെ ആ പുഞ്ചിരിക്കുന്ന മുഖം തന്ന ധൈര്യം ചെറുതല്ല. സ്വന്തം പ്രണയിനിയെ പറ്റി ഓര്‍ക്കുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി എന്‍റെ മാത്രം പ്രത്യേകതയാണോ? അതോ അഖിലലോക കാമുകന്മാര്‍ക്കും ഈ പുഞ്ചിരി വരാറുണ്ടോ?

"എവിടെ നോക്കിയാടോ ഓടിക്കുന്നത്?" ശബ്ദം എനിക്കെതിരെകടന്നു പോയ കാറില്‍ നിന്നും ആണെന്ന് തോന്നുന്നു. ഞാന്‍ അതിനെന്ത് കാണിച്ചു? ആര്‍ക്കറിയാം? എന്തെങ്കിലും പൊട്ടത്തരം കാട്ടിയിട്ടുണ്ടാകും. മനസ്സില്‍ നിറയെ പ്രേയസി ഇരിക്കുമ്പോള്‍ പരിസരബോധം ആര്‍ക്കും ഉണ്ടാകാന്‍ തരമില്ല; പിന്നെ അല്ലേ എനിക്ക്. 

അവളുടെ ഒരു ഒറ്റവരി മെസ്സേജ് വായിച്ചാല്‍ പോലും മുഖത്തൊരു പുഞ്ചിരി വിരിയും. അവളെ പറ്റി ഓര്‍ത്താലും വരും പുഞ്ചിരി. ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ വിചാരിച്ചാലും, സംസാരിച്ചകാര്യങ്ങള്‍ ഓര്‍ത്താലും, ഒന്നിച്ച് കണ്ട സ്വപങ്ങള്‍ അയവിറക്കിയാലും മനസ്സിലും ചുണ്ടിലും ചിരി വിരിയും. ഇത്ര മനോഹരമോ പ്രണയം!!!!  ഇടതടവില്ലാതെ അവളുടെ മെസ്സേജുകള്‍ വന്നുകൊണ്ടേയിരിക്കും. മെസ്സേജ് വരാത്തപ്പോള്‍ പോലും കാതുകളില്‍ ആ മെസ്സേജ് ട്യൂണ്‍ മുഴങ്ങാറുണ്ട്; ഇപ്പോളും മുഴങ്ങുന്നോ എന്നൊരു സംശയം!

കാതില്‍ മുഴങ്ങിയ മെസ്സേജ് ട്യൂണിനെ ഭേദിച്ചുകൊണ്ട് ഒരു വലിയ ശബ്ദം മുഴങ്ങി, ആരോ എടുത്തെറിഞ്ഞപോലെ ഞാന്‍ തെറിച്ചുപോയിരിക്കുന്നു ഒപ്പം ബൈക്കും. എല്ലുനുറുങ്ങുന്ന വേദന. എഴുനേക്കാന്‍ ഒരു വൃഥാശ്രമം നടത്തി. കണ്ണുകളില്‍ കാമുകിക്ക് പകരം ചുറ്റും കൂടിയ കാഴ്ചക്കാരെ കണ്ടു. കണ്ണുകള്‍ മെല്ലെ അടഞ്ഞു. അടഞ്ഞ കണ്ണുകളിലെ നിറയുന്ന അന്ധകാരത്തില്‍ അറിയാന്‍ സാധിച്ചത് ശരീരത്തില്‍ പടരുന്ന ചുടുചോരയുടെ ചെറുനനവ്‌. മാത്രം.

"ഇങ്ങനെ എന്തെങ്കിലും തോന്നുമ്പോള്‍ പറയണം എന്ന് ഒരു 100 തവണ പറഞ്ഞിട്ടില്ലേ കുഞ്ഞേ? എത്രായാലും നീ അനുസരിക്കില്ലെന്നുവെച്ചാല്‍ കഷ്ടമാ കേട്ടോ" .

അമ്മയുടെ ശബ്ദം കേട്ട് കണ്ണുകള്‍ തുറന്നപ്പോള്‍ ഒരിക്കല്‍ കൂടി എനിക്ക് മനസ്സിലായി, ഭൂതകാലത്തിലെ ദുരന്തത്തില്‍ വാര്‍ന്നൊലിച്ച രക്തമല്ല നനവ് പടര്‍ത്തിയത് മറിച്ച് ഞാന്‍ അറിയാതെ എന്നില്‍ നിന്നും എന്‍റെ ശരീരം പുറന്തള്ളിയ മൂത്രമാണ് ഇനിയും മരവിക്കാത്ത കൈകള്‍ക്ക് ചൂട്, നനവ് എന്നീ സംവേദനങ്ങള്‍ നല്‍കിയിരിക്കുന്നതെന്ന്. ഭൂതകാല പ്രണയ സ്വപ്നങ്ങളുടെ തിരുശേഷിപ്പ്; തളര്‍ന്ന ശരീരവും മരവിക്കാത്ത കൈകളും. എന്‍റെ നിറമില്ലാത്ത സ്വപ്നങ്ങളില്‍ ആ ദുരന്തം ഇപ്പോളും ഒരു കാട്ടാളനെ പോലെ വന്ന് ഇടയ്ക്കിടയ്ക്ക് നീറ്റലുകള്‍ സമ്മാനിച്ച്‌ മടങ്ങാറുണ്ട്. എന്‍റെ നീറ്റലൊപ്പാന്‍ പാല്‍പുഞ്ചിരി പൊഴിച്ചിരുന്ന സുന്ദരി ഇന്ന് മറ്റൊരുവന്‍റെ ജീവിതത്തില്‍ പ്രകാശം പരത്തുന്നു. ജീവച്ഛവത്തില്‍ പ്രേമം കണ്ടെത്താന്‍ അവള്‍ അഗോറി സന്യാസി അല്ലല്ലോ! പ്രകാശം നഷ്ടമായതോ എന്‍റെ അമ്മയുടെ ചിരിക്കും.

'ഞാന്‍ ഒന്നും അറിയാറില്ലല്ലോ അമ്മേ' എന്ന് പറയണമെന്നുണ്ടായിട്ടും പറഞ്ഞില്ല, കാരണം അമ്മയ്ക്കും അറിയാം എന്‍റെ നിയന്ത്രണങ്ങള്‍ എന്നെന്നേക്കുമായിത്തന്നെ എനിക്ക് നഷ്ടമായിരിക്കുന്നെന്ന്. നിസംഗതയോടെ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. അമ്മയും ചിരിച്ചു. ഒരു പക്ഷേ, മൂത്രത്തില്‍ കിടന്നുള്ള എന്‍റെ ചിരി അമ്മയെ എന്‍റെ ബാല്യകാലം ഒര്‍മ്മപെടുത്തിയിരിക്കാം. പുഞ്ചിരിയിലും തുളുമ്പുന്നു കണ്ണുമായി അമ്മ എന്‍റെ വസ്ത്രം മാറ്റി. തറ തുടക്കാന്‍ വെള്ളം എടുത്തപ്പോള്‍ ചേട്ടത്തിയുടെ ശബ്ദം മുഴങ്ങി.

"ശവം, പിന്നെയും വൃത്തികേടാക്കിയോ? ട്യൂബ് ആരാ ഊരി മാറ്റിയത്‌? എന്തൊരു നാറ്റമാ നാറിക്ക്. എവിടെ എങ്കിലും കൊണ്ടുക്കളയരുതോ ഇതിനേ? അതെങ്ങനെ? സമ്പാദിച്ച് തരാന്‍ എന്‍റെ ഭര്‍ത്താവ്‌ ഉണ്ടല്ലോ രണ്ടിനും!!"

ശവം! തികച്ചും യോജിക്കുന്ന പ്രയോഗം, ഒരുപക്ഷേ ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതും ആ ഒരു വാക്ക് യാഥാര്‍ത്ഥ്യമാകണമെന്നുതന്നെയല്ലേ!! പക്ഷേ, ദൈവങ്ങള്‍ ഇങ്ങനെ ആണ്. നരകിക്കുന്നവനെ ഒന്നുകൂടി നരകത്തിലേക്കെറിയും. ഇപ്പോള്‍ ഒരു സംശയം ബാക്കി ആകുന്നു; ശവത്തിന്‍റെ കണ്ണുകള്‍ നിറയുമോ???   

"മോന് വിശക്കുന്നോ? അമ്മ കൊണ്ടുവരട്ടെ ചോര്‍?"

"വേണ്ട"

"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. മരുന്ന് കഴിക്കണ്ടതല്ലേ?"

"വേണ്ടമ്മേ. ഇപ്പോള്‍ അങ്ങോട്ട് പോയാല്‍ ചേച്ചി അമ്മയെ വല്ലതും പറയും"

"നീ അവിടെ അടങ്ങി കിടക്ക്" അമ്മ അടുക്കളയിലേക്ക് പോയി.

അമ്മക്ക് ആ ചോറില്‍ ഒരല്പം വിഷം കലക്കി എനിക്ക് തന്നാലെന്താ? സ്വപ്‌നങ്ങള്‍ നശിച്ചവനെന്തിനീ മൃത ജീവിതം? അമ്മ ഉള്ളോരു കാലമത്രയും ആട്ടും തുപ്പും കൊണ്ടാലും ദാഹജലം ലഭിക്കും. പലപ്പോഴുമെന്‍റെ ഈ ചോദ്യത്തിന് അമ്മ ഉത്തരം പറയാറുണ്ട്‌; അമ്മക്ക് വയ്യാതെ വരുന്ന അന്ന് എന്നേകൊന്നിട്ട് അമ്മ മരിക്കുമെന്ന്. ആ ഒരു കാലം വേഗം വരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നുമില്ല, ആഗ്രഹിക്കുന്നുമില്ല, കാരണം അങ്ങനെ സംഭവിച്ചാല്‍  എന്‍റെ അമ്മയും മരിക്കും. അമ്മ മരിക്കുന്നതേതു മകനാണ് സഹിക്കനാവുക?

ഒരു പാത്രം നിലത്ത് വീഴുന്ന ശബ്ദം കേട്ടു. ഒപ്പം ചേട്ടത്തിയുടെ ആക്രോശവും.

"തള്ളയും മോനും ഇവിടം മുടിപ്പിക്കാന്‍ ആയി ജീവിക്കുവാണോ? എന്‍റെ 20000 രൂപയുടെ ഡിന്നര്‍ സെറ്റാണ് നിങ്ങളിപ്പോള്‍ തള്ളി ഇട്ടു നശിപ്പിച്ചത്‌ തള്ളേ."

പാവം അമ്മക്ക് എന്തോ കൈയബദ്ധം പറ്റിയിരിക്കുന്നു, അതും ഈ ഞാന്‍ കാരണം. ഇനിയും എന്തൊക്കെ എന്‍റെ അമ്മക്ക് അനുഭവിക്കാന്‍ നീ ബാക്കി വെച്ചിരിക്കുന്നു ഭഗവാനെ?

''മോളെ... അവന് കുറച്ച് ചോര്‍ കൊടുക്കാനായി.....''

"പിന്നെ അവന്‍ പട്ടാളത്തില്‍ പോവല്ലേ?? കുറച്ച് തിന്നാല്‍ മതി. അത്രേം കുറച്ചല്ലേ തൂറി നാറ്റിക്കൂ"

"അയ്യോ കുഞ്ഞിന്‍റെ ചോറെടുത്ത് കളയാതെ മോളേ....''

വീണ്ടും ഒരു പാത്രം വീഴുന്ന ശബ്ദം മുഴങ്ങി, ഒപ്പം അമ്മയുടെ വിലാപവും

"എന്നേ തല്ലാതെ മോളേ... ആ തളര്‍ന്നു കിടക്കുന്ന പ്രാണിക്ക് ഒരു വറ്റ് കൊടുക്കനല്ലേ മോളേ..... അയ്യോ.... എന്നേ തല്ലല്ലേ... തല്ലല്ലേ....."

അമ്മയുടെ വിലാപം  കാതുകളില്‍ അലയടിച്ചു.ഇനിയും മരിക്കാത്ത മനസ്സിന്‍റെ വികൃതിയായി ഒരു തുള്ളി കണ്ണീര്‍ ഒലിച്ചിറങ്ങി. മെല്ലെ കണ്ണുകള്‍ ഇറുക്കി അടച്ചു. ഇനി ഒരിക്കലും തുറക്കാതിരിക്കാന്‍ മരവിച്ച ശരീരവും മരവിക്കാത്ത മനസ്സും കൂടുതല്‍ തീവ്രതയോടെ  പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. 

Thursday, August 2, 2012

അഹങ്കരിക്കാന്‍ കൊതിച്ചവന്‍


പത്താംക്ലാസ്സെന്ന മഹാസാഗരം നീന്തികടന്നതിന്‍റെ ഏകതെളിവായ S.S.L.C സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോള്‍ മനസ്സില്‍ ഒരു കുഞ്ഞി അഹങ്കാരം "ഈങ്ക്വിലാബ് സിന്ദാബാദ്" വിളിച്ചറമാദിക്കുന്നത് എനിക്കറിയാന്‍ സാധിക്കുന്നുണ്ടായിരുന്നു. സ്കൂളിനും സ്കൂള്‍മുറ്റത്തിനും എന്നോടടങ്ങാത്ത ഒരു വാശിയാണ്. ആ മുറ്റത്ത്‌ ഞാന്‍ നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ അന്ത്യം വിളിച്ചോതുന്ന ശംഖാണെനിക്കീ സര്‍ട്ടിഫിക്കറ്റ്. ഞാന്‍ എന്തൊക്കെയോ ആണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി നടത്തിയ യുദ്ധങ്ങളെല്ലാം ആ മുറ്റത്തായിരുന്നു. ഒരുതവണ പോലും വിജയത്തിന്‍റെ മധുരം നുണയാനാമുറ്റമെന്നെ കടാക്ഷിച്ചിട്ടില്ല. ചിലപ്പോള്‍ അമ്പേ പരാജിതനായും മറ്റുചിലപ്പോള്‍ ജയിച്ചിട്ടും പരാജിത പരിവേഷിതനായും ആ ഇടനാഴികളില്‍ ഞാന്‍ നിന്നിരുന്നു.വിജയിച്ചിട്ടും പരാജിതനായ നിമിഷങ്ങളിലെനിക്കെതിരെ നിന്നിരുന്നതോ സ്കൂളിന്‍റെ പ്രധാന അദ്ധ്യാപിക സാറാമ്മ ടീച്ചറും.

ഓരോ തവണ വിജയത്തോടടുക്കുംമ്പോളും മനസ്സിലൊരു കുഞ്ഞി അഹങ്കാരം പൊട്ടി മുളക്കുമായിരുന്നു. ഒരു തവണയെങ്കില്‍ ഒരു തവണ,  സാറാമ്മ ടീച്ചറിനു മുകളില്‍ എന്‍റെ വിജയത്തിന്‍റെ കൊടിക്കൂറ പാറുന്ന മനോഹരമായ നിമിഷത്തെ കുറിച്ചോര്‍ത്ത് മുളക്കുന്ന 'അഹങ്കാരം'. ആ അഹങ്കാര മുട്ടുകള്‍  വിരിയും മുന്‍പെ കൊഴിഞ്ഞിരുന്നു. ഇപ്പോള്‍ തോന്നുന്ന അഹങ്കാരം അങ്ങനെ കൊഴിയാന്‍ വഴിയില്ല. മലയാളം മീഡിയം പഠിച്ച കുട്ടികളില്‍ എനിക്കുമാത്രമാണ് ഡിസ്റ്റിന്‍ഗ്ഷന്‍., ഈ വിജയമെനിക്ക് ടീച്ചറുടെ മുന്നില്‍ അഹങ്കാരത്തോടെ നിവര്‍ന്ന് നില്‍ക്കാനുള്ള പിടിവള്ളിയാണ്. എങ്കിലും എന്‍റെ ഈ നേട്ടവും വിലകുറച്ച് കാണിക്കാന്‍ ടീച്ചര്‍ മടിക്കില്ലെന്ന ആശങ്ക ഉള്ളില്‍ നിറയുന്നുമുണ്ട്. അങ്ങനെ എന്‍റെ നേട്ടങ്ങള്‍ വിലകുറച്ചുകാട്ടിയ എത്രയെത്ര സംഭവങ്ങള്‍. അവ ഓരോന്നും ഇപ്പോളുമെന്‍റെ കണ്മുന്നില്‍ എനിക്ക് കാണാം. സൈക്കിള്‍ മുന്നിലേക്കും ഓര്‍മ്മകള്‍ ഞാനറിയാതെ പിന്നിലേക്കും നീങ്ങിക്കൊണ്ടേയിരുന്നു.

നാട്ടിന്‍പുറത്തെ  'ഹൈ-ഫൈ' സ്കൂളില്‍  പഠിക്കാന്‍ ലഭിച്ച അവസരമാണ് എന്നെ 'ബൂലോകം' അറിയുന്ന 'തെമ്മാടി' ആക്കി മാറ്റിയത്‌; എന്നാല്‍, കൂടെ പഠിച്ച ഒട്ടുമിക്കവരും പഠിക്കുന്ന കാലത്തോ അതിനുശേഷമോ 'ഭൂലോക തെമ്മാടിത്തരത്തില്‍' തന്നെ മാസ്റ്റര്‍സോ PhDയോ എടുത്തവരാണെന്നത് ഞാന്‍ അഭിമാനത്തോടെ സ്മരിക്കുന്നു. 9 A ല്‍ കൂടെ പഠിച്ച 47 പേരില്‍ 7 പേര്‍ മാത്രമാണ് S.S.L.Cക്ക് ശേഷം തുടര്‍ പഠനത്തിനായി പോയതെന്നുള്ളതുതന്നെ സ്കൂളിന്‍റെ ഗരിമ വിളിച്ചോതുന്നു. ക്ലാസ്സ്‌ ഫസ്റ്റ് എന്ന ബാഡ്ജ് കുത്തുന്നതിന്‍റെ അഹങ്കാരം ലവലേശം എനിക്ക് തോന്നിയിട്ടില്ല. അസ്സെംബ്ലിയില്‍ ബാഡ്ജ് കുത്തി തരുന്നനിമിഷമൊന്നഹങ്കരിക്കാമെന്ന്  വിചാരിക്കുംമ്പോള്‍ വരും, ബാഡ്ജ്  കുത്തിത്തരുന്ന ഹെട്മിസ്ട്രെസ്സ് സാറാമ്മ ടീച്ചറുടെ ഒരു 'കുത്ത്'  

"മൂക്കില്ല  രാജ്യത്തെ മുറിമൂക്കന്‍ രാജാവ്‌", 25 മാര്‍ക്ക്‌ വാങ്ങുന്നവന്‍ ക്ലാസ്സ്‌ ഫസ്റ്റ്, കാലം പോയ പോക്കെ?" ഈ കുത്ത് കൊള്ളുന്ന നിമിഷമെന്‍റെ അഹങ്കാരം കോമ്മയില്‍ ആകും.

ടീച്ചറിനെ മനസ്സില്‍ ഒന്ന് സ്നേഹിച്ചിട്ട്, വെളുക്കെ ചിരിച്ച്, ആഘോഷമവിടെ അവസാനിപ്പിച്ച് അസ്സെംബ്ലിലൈനില്‍  മുറിവേറ്റ കഴുതപ്പുലികണക്കെ നിന്ന എത്രയെത്ര സന്ദര്‍ഭങ്ങള്‍!!!!???

കഴുതപ്പുലി അല്ല,  ഒരു കരിമ്പുലി തന്നെയാണ് ഞാനെന്നു കാട്ടികൊടുക്കണമെന്ന് വിചാരിക്കാന്‍ തുടങ്ങിയതിങ്ങനെ ഒരു അസ്സെംബ്ലിയില്‍ നിന്ന് കിട്ടിയ കുത്തിനെതുടര്‍ന്നാണ്. അതിനുപറ്റിയ സ്ഥലം എക്സാം ഹാള്‍ അല്ല, മറിച്ച് യുവജനോത്സവ വേദി ആണെന്നെന്നെ ഉപദേശിച്ചതെന്‍റെ വലംകൈയും ക്ലാസ്സിലെ രണ്ടാമനുമായ അഖില്‍ ദാസ്‌ എന്ന ബുജിയും. 

എന്‍റെ സൃഷ്ടാക്കളില്‍ ഒരാളായ 'മാഡം ഇന്‍ഡിക്കാമ' (ഇന്‍ഡിക്ക ഓടിക്കുന്ന അമ്മ) പറഞ്ഞ പോലെ "നിന്‍റെ ആ പേരിനുമാത്രമെ (വിഗ്നേഷ്) 'വിഗ്നം' ഇല്ലാത്തതൊള്ളു ബാക്കി എല്ലാം നിനക്ക് 'ഇക്നം' തന്നെ!" ഇത്തവണ ഈ പറഞ്ഞ സാധനം വന്നിരിക്കുന്നത് അധ്യാപകരുടെ നിസ്സഹകരണ രൂപത്തിലാണെന്ന് മാത്രം.ഗ്രൂപ്പായി തിരിക്കാനും കുട്ടികളെ പരിശീലിപ്പിക്കാനും ടീച്ചര്‍സ് വരുന്നില്ല പോലും! എങ്ങനെ വരും? കഴിഞ്ഞ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു പെണ്‍കുട്ടിയോട് 'നിന്‍റെ  ഡാന്‍സ് ശരിയല്ല' എന്ന് ബെറ്റി ടീച്ചറൊന്ന് പറഞ്ഞുപോയി; തുടര്‍ന്നാകുട്ടിയുടെ കണ്ണില്‍ നിന്നും വീണ ഓരോ കണ്ണീരും 'ദളിത്‌ പീഡനത്തിന്‍റെ' മകുടോദാഹരണമാക്കി സ്കൂള്‍ എറിഞ്ഞുടക്കാന്‍ കൂടിയവുടെ കൂട്ടത്തില്‍ ഈ തെമ്മാടിയും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ 'അമ്മച്ചിയാണെ ഇല്ല'. 

അങ്ങനെ അദ്ധ്യാപകരുടെ സഹായമില്ലാതെ നടന്ന ആദ്യ യൂത്ഫെസ്റ്റിവലില്‍ പങ്കെടുത്ത അഞ്ചില്‍ നാലിലും ഫസ്റ്റ് ഈ തെമ്മാടിക്കടിച്ചു. ഫാന്‍സി ഡ്രസ്സ്‌, മോണോ ആക്റ്റ്‌., പ്രസംഗം പിന്നെ നാടകവും. പക്ഷെ, അഹങ്കരിക്കാന്‍ സമയം തന്നില്ല ഞങ്ങളുടെ സാറാമ്മ, വന്നു ഒരറിയിപ്പ്. നാടകം മാത്രമേ സബ്ജില്ല കലോല്‍സവത്തിന് കൊണ്ടുപോകു, ബാക്കി ഒന്നിനും നിലവാരമില്ല പോലും.
നാടകമെങ്കില്‍ നാടകം! ബെസ്റ്റ്‌ ആക്ടര്‍ അവാര്‍ഡ്‌ വാങ്ങാതെ വീട്ടിലെക്കില്ലെന്ന പ്രതിജ്ഞയില്‍ കൂട്ടുകാര്‍ക്കൊപ്പം റിഹേര്‍സല്‍ മുറിയില്‍ തന്നെ ദിവസങ്ങള്‍ അഭിനയിച്ചുതീര്‍ത്തു. നാടകം പഠിപ്പിക്കാന്‍ 'ഓച്ചിറ-ദ്വാരക' ബാലെ സമിതിയുടേ കര്‍ട്ടന്‍ വലിക്കുന്ന പ്രദീപ്‌ ചേട്ടനെ സ്പെഷ്യല്‍ പൈന്‍റ് നല്‍കി ഇറക്കി. പെട്ടന്നാണ് കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞത്, യൂത്ത്‌ഫെസ്റ്റിവലിന് തലേന്നെന്നെ ലേഖ ടീച്ചര്‍ വിളിപ്പിച്ചു. 

"വിഗ്നേഷ്, അതേ നമ്മള്‍ പ്ലാനൊന്ന് മാറ്റി. ഇവിടെ ഫസ്റ്റ് കിട്ടിയതില്‍ നിന്ന് താല്പര്യമുള്ള കുട്ടികളെ സബ്ജില്ലക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. പക്ഷെ മാക്സിമം 3 എണ്ണമേ ഒരു കുട്ടിക്ക് പറ്റു. വിഗ്നേഷ് ഏതൊക്കെയാ സെലെക്റ്റ് ചെയ്യുന്നത്?"

ആഹ! അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെ ആയോ? വീണ്ടും ഏറുപേടിച്ച് തീരുമാനം മാറ്റിയതാകാം പാവങ്ങള്‍; അല്ലെങ്കിലും എന്‍റെ എല്ലാമിങ്ങനെ തന്നെ ആണല്ലോ ആദ്യം മുടക്കം, അവസാനം കര്‍ത്താവിന് പെരിട്ടപോലെ 'യേ...."ശൂ"'  എന്‍റെ പേരെന്തായാലും കറക്റ്റ് തന്നെ കര്‍ത്താവെ! എന്തെങ്കിലും ആകട്ടെ കിട്ടിയ ചാന്‍സ് കളയണ്ട. നാടകത്തില്‍ നിന്ന് പിന്മാറിയാല്‍ പിള്ളാരെന്നെ തട്ടും. അത് കൊണ്ട് നാടകം ഒന്ന്, പിന്നെയും വേണം രണ്ടെണ്ണം; ഒന്നും നോക്കിയില്ല വായില്‍ തോന്നിയ രണ്ടെണ്ണം വിളിച്ചു പറഞ്ഞു.

"പ്രസംഗം, ഫാന്‍സി ഡ്രസ്സ്‌"''

"ഫാന്‍സി ഡ്രസ്സ്‌ നാളെ വൈകുന്നേരം 7 മണിക്കാണ്. ഒരു 3 മണിക്ക് പടന്നിലം സ്കൂളില്‍ എത്തണം, കേട്ടോ?"

എന്‍റെ ഐറ്റംസ് എഴുതുന്നതിനിടയില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍. നല്‍കി ടീച്ചര്‍ ഓഫീസ് റൂമിലേക്ക്‌ പോയി.

 റിഹെര്‍സല്‍ ക്യാമ്പിലെത്തി പിള്ളേരോട് കാര്യം പറഞ്ഞു. ബിനുമോന്‍റെ ചോദ്യം കേട്ടപ്പോള്‍ ലഡ്ഡു പോട്ടണ്ട സ്ഥലത്തെന്‍റെ കുരു പൊട്ടി.

"നീ എന്തെടുത്തുവെച്ചുണ്ടാക്കും ഈ ഫാന്‍സി ഡ്രസ്സ്‌ മത്സരത്തിന്?"

മില്യണ്‍ ഡോളര്‍ ചോദ്യം. ഓരോ സ്കൂളുകള്‍ പതിനായിരങ്ങളെറിഞ്ഞാണിത്തരം മല്‍സരങ്ങള്‍ക്ക് വരുന്നതെന്ന് കേട്ടിടുണ്ട്. പോരാത്തതിന് മക്കള്‍ക്ക്‌ കലാതിലകപട്ടം എന്ത് വില കൊടുത്തും വാങ്ങാന്‍ നില്‍ക്കുന്ന രക്ഷകര്‍ത്താക്കള്‍ വേറെയും. സമയം 4 കഴിഞ്ഞു, ഇനി ഇപ്പോള്‍ മാറ്റാനും പറ്റില്ല. എന്ത് ചെയ്യുമെന്നാലോചിച്ച് കുന്തം വിഴുങ്ങി നിന്നപ്പോള്‍ പ്രദീപ്‌ ചേട്ടനൊരു ഐഡിയ തന്നു. പക്ഷെ, 250 രൂപ ഇറക്കണം. അതൊപ്പിക്കാമെന്ന് ഉറപ്പ്‌ കൊടുത്തപ്പോള്‍ നാളെ 11 മണിക്ക് നാടകത്തിന് മ്യൂസിക്‌ റെക്കോര്‍ഡ്‌ ചെയ്യുന്ന സ്ഥലത്ത് കാശുമായി എത്താന്‍ പറഞ്ഞു.

കൃത്യം 11 മണിക്ക് തന്നെ ഞാന്‍ പുള്ളി പറഞ്ഞ സ്ഥലത്തെത്തി. അദ്ദേഹം ഒരു കാസറ്റ്‌ പ്ലേ ചെയ്തു. അതില്‍ നിന്നും ദുഃഖ സംഗീതം ഒഴുകി. പ്രദീപ്‌ ചേട്ടന്‍ അത് കേള്‍പ്പിച്ചു തന്നിട്ട് തുടര്‍ന്നു.

"നീ വീട്ടില്‍ പോയ് അമ്മയുടെ ഒരു പഴയ സാരി വാങ്ങണം. വിഗ്ഗ് നിനക്ക് നമ്മുടെ നാടകത്തിന്‍റെ തരാം. ഒരു വേസ്റ്റ് ബിന്‍ കൂടി കരുതിക്കോ. പിന്നെ ഒരു പൊതി ചോറും ഒരു പാവക്കുട്ടിയും. ഇതില്‍ നിന്ന് മ്യൂസിക്‌ 2 മിനിറ്റ് പ്ലേ ആകും. ആദ്യം വരുക പാതോസ് മ്യൂസിക്‌ ആയിരിക്കും. നീ ഒരു പിച്ചക്കാരിയായി കൈയ്യിലൊരു കുഞ്ഞിനേയും കൊണ്ട് സ്റ്റേജില്‍ വരണം, എന്നിട്ട് പിച്ച യാചിക്കണം. പിന്നെ കുട്ടിയെ അവിടെയെവിടെയെങ്കിലും കിടത്തിയിട്ട് വേസ്റ്റ് ബിന്നില്‍ കൈയ്യിട്ട് പൊതിച്ചോറെടുത്തുതിന്നുക. അടുത്തത്  കുഞ്ഞു കരയുന്ന മ്യൂസിക്കാണ്. അത് കേള്‍ക്കുമ്പോള്‍ ചോറുപേക്ഷിച്ച് കുട്ടിക്ക്‌ മുലപ്പാല്‍ കൊടുക്കണം. കുട്ടിയുടെ കരച്ചില്‍ നിക്കുമ്പോള്‍ ആ കുട്ടിയെ കുപ്പയിലുപേക്ഷിച്ച് കരഞ്ഞോണ്ട് തിരികെ പോണം"

"ഏറ്റു, ഇത് ഞാന്‍ ഏറ്റു, ഞാന്‍ അമ്മയുടെ കൂടെ വന്നേക്കാം. അവിടെ വെച്ച് കാണാം ചേട്ടാ" 

സന്തോഷത്തോടെ അത് വാങ്ങി പോക്കറ്റിലിട്ട് ഞാന്‍ വീട്ടിലേക്കോടി. അമ്മയുടെ സാരി വാങ്ങി. വേസ്റ്റ് ബിന്‍ ഇല്ലാത്തോണ്ട് ചാണകകുട്ട വെച്ച് അഡ്ജസ്റ്റ് ചെയ്തു. പക്ഷെ പാവ എനിക്കില്ലല്ലോ? പരിഹാരം അമ്മ പറഞ്ഞു, അപ്പുറത്തെ വീട്ടിലെ കുഞ്ഞിന്‍റെ കടം വാങ്ങാം. പിന്നെ താമസിച്ചില്ല അവിടേക്കോടി. പിന്നീന്ന് അമ്മയുടെ കമന്‍റെത്തി:

"അല്ലെങ്കിലും അവന് പണ്ടേ ഉള്ളത, ആസനത്തില്‍ പറ്റുമ്പോളെ പറമ്പ് അന്വേഷിക്കു"

ടൈം ഇല്ലാത്തതുകൊണ്ടും, 250 രൂപക്കൊപ്പം  അമ്മയുടെ ഡ്രൈവിംഗ് സ്കില്ലും എനിക്കാവശ്യമായിട്ടുള്ളതുകൊണ്ടും മറുപടി  ഉള്ളിലൊതുക്കി.

തിരികെ വന്നത് തലയില്ലാത്ത ഒരു പാവ കൊണ്ട്. അത് കിട്ടിയത്‌ തന്നെ ഭാഗ്യം!
പിന്നെ ഒന്നും നോക്കിയില്ല അമ്മയ്ക്കൊപ്പം കാറില്‍ കയറി ലക്ഷ്യത്തിലേക്ക്. പോകുന്ന വഴി അമ്മയുടെ ആദ്യ ഗോള്‍

"പണ്ട് നീ 6ല്‍ പഠിക്കുമ്പോള്‍ നിന്‍റെ നാടകം കാണാന്‍ വന്ന ക്ഷീണമെനിക്കിന്നും മാറിയിട്ടില്ല. അന്ന് കര്‍ട്ടന്‍ ഇട്ട് രെക്ഷപ്പെട്ടു. ഇത്തവണ നാട്ടുകാര്‍ നിന്നെ കൈകാര്യം ചെയ്യുന്നത് കാണേണ്ടി വരുമോ?"

"അമ്മ എന്‍റെ അമ്മയോ? അമ്മായി അമ്മയോ? മിണ്ടാതെ വണ്ടി ഓടിക്ക്.. ഇല്ലെങ്കില്‍ അമ്മേ ചിലപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയുന്നതെനിക്ക് കാണേണ്ടി വരും." അമ്മ ചിരിച്ചു. കൂടെ ഞാനും. അമ്മയും ഞാനും പതിവ്‌ പോലെ ടോം ആന്‍ഡ്‌ ജെറി കളിച്ച്  ചിരിച്ചാര്‍ത്ത് കലോത്സവം നടക്കുന്ന പടനിലം സ്കൂളിലെത്തി.

അമ്മ എന്നെ സ്ത്രീ വേഷം കെട്ടിച്ചുതുടങ്ങിയപ്പോള്‍ ലേഖ ടീച്ചര്‍ വന്നു ഹെല്പിന്. രണ്ടുപേരും കൂടി എന്നെ ഒരു 'വിഗ്നേശ്വരി'യാക്കി. തെണ്ടി പെണ്ണ് മുറുക്കി ചുവപ്പിച്ചാണ് നടക്കുക, അത് കൊണ്ട് നീയും വെറ്റില തിന്നെന്നുപദേശിച്ച് അമ്മ എനിക്ക്  വെറ്റില  വാങ്ങി തന്നു. അതും ചവച്ചാസ്വദിച്ചങ്ങനെ ഊഴം കാത്തിരുന്നു. അമ്മ എന്നെ തനിച്ചാക്കി കാണികള്‍ക്ക് ഒപ്പം പോയി.

മിന്നായം പോലെ ഞാന്‍ അവിടെ എന്‍റെ കൂട്ടുകാരന്‍ അഖിലിനെ കണ്ടു. അവനെ കണ്ടുടന്‍  പുറകെ ഓടി ഞാനവനെ ഇങ്ങുപോക്കി. കണ്ട് നിന്ന നാട്ടുകാര്‍ ആദ്യംഞെട്ടി പിന്നെ അവന്‍ ഞെട്ടി. അവന്‍റെ ഞെട്ടല്‍ കണ്ട് ഞാന്‍ ഒപ്പം ഞെട്ടി. ഞെട്ടി പൊട്ടിയ അന്തരീക്ഷത്തില്‍ ഞാന്‍ അവനോടു മൊഴിഞ്ഞു:

"ഡാ, കോപ്പെ ഇത് ഞാനാ, വിഗ്ഗു. നീ എന്താ ഇവിടെ?"

"എന്‍റെ അളിയാ, നിന്നെ മനസിലായില്ലട. ഇപ്പോള്‍ നീ ശരിക്കും ഒരു കൊച്ചുചരക്ക് ആയിട്ടുണ്ട്; പെങ്ങമ്മാര്‍ക്ക് ഇവിടെ ഇന്ന് ഡാന്‍സ് ഉണ്ടെട. അതിനു വന്നതാ. ഇനി ഇപ്പോള്‍ നിന്‍റെ കൂടെ നിക്കാം. നീ വാ പെണ്ണെ!"

"ഹൊ! സാധനങ്ങള്‍ എല്ലാം സ്റ്റേജില്‍ കൊണ്ട് വെക്കാന്‍ ഹെല്പ്പിനൊരാള്‍ ആയി." 

അങ്ങനെ ഞങ്ങള്‍ രണ്ടും സ്റ്റേജിന്‍റെ പിന്നില്‍ തോളോട് തോള്‍ കൈയിട്ടിരുന്നു. ആദ്യം എനിക്ക് ഒന്നും മനസിലായില്ല. പിന്നെ അവന്‍ പറഞ്ഞപ്പോളാണ് ശ്രദ്ധിച്ചത്; അവിടെ നിക്കുന്നവര്‍ ഞങ്ങളെ തന്നെ നോക്കുന്നു. കുറച്ചൂടെ ഇങ്ങനെ ഇരുന്നാല്‍ അഖില്‍ സ്ത്രീപീഡനകുറ്റത്തിനകത്ത്‌ പോകുമെന്നെനിക്ക് ബോധ്യം ആയി. പിന്നെ ഞങ്ങള്‍ സദാചാര ദൂരം പാലിക്കാന്‍ ഒട്ടും മടിച്ചില്ല. 

സ്റ്റേജില്‍ അങ്ങനെ പല വേഷങ്ങളും മിന്നി മാഞ്ഞു. അതില്‍ കൊള്ളാമെന്നു തോന്നിയത് നൂറനാട് സ്കൂളിലെ പെണ്‍കുട്ടി നടത്തിയ 'പാമ്പാട്ടി' ആയിരുന്നു. അവളാണത്രെ കലാതിലകത്തിനായി മത്സരിക്കുന്ന മെയിന്‍ പാര്‍ട്ടി. അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോള്‍ എന്‍റെ നമ്പറും വന്നു. വേഗം 'കൂടും കുടുക്കയും' എല്ലാം പെറുക്കി സ്റ്റേജില്‍ കയറ്റി. ചാണകകുട്ട കണ്ടപ്പോളേ കര്‍ട്ടന്‍ വലിക്കുന്നവന്‍ മുഖം ചുളിച്ചു. അവന്‍റെ മുഖത്ത് നോക്കി പുച്ഛിച്ച് ഞാന്‍ സ്റ്റേജില്‍ കയറി.

കര്‍ട്ടന്‍ പൊങ്ങി. പാതോസ് മ്യൂസിക്‌ മുഴങ്ങി കേട്ടപ്പോള്‍ ഞാനെന്ന പിച്ചക്കാരി കുഞ്ഞിനേം കൊണ്ട്  സ്റ്റേജില്‍ തെണ്ടാന്‍ തുടങ്ങി. പിന്നെ ആ കുട്ടിയെ സ്റ്റേജിന്‍റെ വലതു മൂലയില്‍ കിടത്തിയശേഷം വയറ്റത്തടിച്ച് തെണ്ടി. പെട്ടന്ന് ഇടതു മൂലയില്‍ ഇരിക്കുന്ന കുപ്പക്കടുത്തെക്ക് നീങ്ങി. ആര്‍ത്തിയോടെ അതില്‍ നിന്നെല്ലാം വലിച്ചുവാരി പുറത്തിട്ട് ഭക്ഷണത്തിനായി തപ്പി. ഒടുവില്‍ ഒരുപിടി ചോര്‍ കൈയ്യില്‍ കിട്ടി. അത് വാരി വായിലേക്ക് വെക്കാന്‍ ചുണ്ടോടടുപ്പിച്ചതും കുട്ടിയുടെ കരച്ചില്‍ മുഴങ്ങി. ഒപ്പം കാഴ്ച്ചകാരുടെ കൈ അടിയും. എനിക്ക് എന്‍റെ ഭാഗ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാന്‍ ഈ കരച്ചില്‍ പ്രതീക്ഷിച്ചിരുന്നത് ചോര്‍ വായില്‍ വെച്ച ശേഷമോ, അല്ലെങ്കില്‍ കുപ്പ കണ്ടെത്തുന്നതിനുമുന്‍പോ ആയിരുന്നു. പക്ഷെ എന്നെ വിസ്മയിച്ചുകൊണ്ട് ഒരു വറ്റിറക്കുന്നതിന് മുന്‍പ്‌ തന്നെ, അതും ചുണ്ടോടടുപ്പിച്ച നിമിഷം തന്നെ  കുട്ടി കരഞ്ഞിരിക്കുന്നു. ഒറ്റതവണ പോലും റിഹെര്സല്‍ ചെയ്യാതെ, ഒരു തവണ മാത്രം കേട്ട മ്യൂസിക്കില്‍ ഇത്രയും ടൈമിംഗ് ഞാന്‍ എന്‍റെ വിദൂര സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. സദസ്സില്‍ നിന്നുയര്‍ന്ന കൈയടിയുടെ അകമ്പടിയോടെ ഞാന്‍ എന്‍റെ കുട്ടിക്ക് നേരെ നടന്നു. അവനുപാല്‍ കൊട്ടുത്തു. അവന്‍റെ കരച്ചില്‍ നിന്നപ്പോള്‍ വിഷമത്തോടെ എന്‍റെ പോന്നോമനയെ ആ കുപ്പയിലുപേക്ഷിച്ച് തിരികെ നടക്കുമ്പോള്‍ നില്‍ക്കാത്ത കരഘോഷത്തിന്‍ അകമ്പടിയോടെ കര്‍ട്ടന്‍ വീണു.

സ്റ്റേജിന് പിന്നില്‍ എത്തുമ്പോള്‍ ഞാന്‍ ഏതോ മായിക ലോകത്തായിരുന്നു. അഖില്‍ സകല സദാചാര ബോധവും മറന്നെന്നെ കെട്ടിപിടിച്ച് പറഞ്ഞു

"തകര്‍ത്തളിയ, നീ ഇതൊക്കെ എപ്പോള്‍ പഠിച്ചടെ? പുലി തന്നെ അളിയോ"

അവിടെ സംഭവിച്ച അബദ്ധം അല്ലെങ്കില്‍ ഭാഗ്യം; പക്ഷെ,  എനിക്കപ്പോളും വിശ്വസിക്കാന്‍ സാധിച്ചില്ല ഞാന്‍ അവിടെ ചെയ്തത്. അഭിനന്ദന പ്രവാഹങ്ങള്‍ കൂടി വന്നപ്പോള്‍ ഞാനൊന്നഹങ്കരിച്ചു.  പക്ഷെ, വീണ്ടും അഹങ്കരിക്കാന്‍ ഉള്ള എന്‍റെ ആഗ്രഹത്തെ കാറ്റില്‍ പറത്തി 'ജഡ്ജസ്' ചുഴലിക്കാറ്റ്‌ ആഞ്ഞടിച്ചു.കലാതിലക പെണ്ണിന്‍റെ സ്കൂളിന്‍റെയും നോട്ടിന്‍റെയും വലിപ്പം കണ്ടാപണ്ഡിതര്‍ എന്‍റെ കാലുവാരി. റിസള്‍ട്ട്‌ വന്നപ്പോള്‍  തെമ്മാടിക്ക് എ ഗ്രേഡ് സെക്കന്‍റ്. 

ഊര് തെണ്ടിയുടെ ഓട്ടകീശയില്‍ ഒന്നുമില്ലാഞ്ഞിട്ടും ദര്‍ബാര്‍ രാഗം അലക്കി ലാലേട്ടന്‍ കെട്ടിപ്പിടി വാങ്ങിയ പോലെ, ഒന്നുമില്ലാഞ്ഞിട്ടും ഓടിട്ട സ്കൂളില്‍ നിന്ന് വന്ന്  ഫാന്‍സി 'ഡ്രസ്സ്‌' ഒന്ന് 'അലക്കിയപ്പോള്‍' കൈയടിയും ജനമനസും നേടിയതിനോടൊപ്പം അമ്മക്ക്  അഭിമാനത്തിന്‍റെ നിമിഷങ്ങളും നല്‍കിയിരിക്കുന്നു. പക്ഷെ, ഈ  ചാരിതാര്‍ത്ഥ്യത്തിനെല്ലാമുപരി  എന്നെ ത്രസിപ്പിച്ചത് അസ്സെംബ്ലിയില്‍ പുലി കണക്കെ നിവര്‍ന്ന് നിന്ന്  സാറാമ്മടീച്ചറുടെ കൈയില്‍ നിന്നും   അഹങ്കാരത്തോടെ A ഗ്രേഡ് സര്‍റ്റിഫിക്കറ്റ് വാങ്ങുന്ന  മനോഹരമായ  രംഗം മനസ്സില്‍ കണ്ടതില്‍ നിന്നും ലഭിക്കുന്ന ആനന്ദത്തിന്‍റെ 'അഹങ്കാരം' ആയിരുന്നു.

"ഡാ, സ്കൂള്‍ വികസന ഫണ്ടിലോട്ട് 100 രൂപ അടക്കണമെന്ന്"

ഓര്‍മകളുടെ ലോകത്ത്‌ നിന്ന് തിരിച്ചുഭൂമിയിലെത്താന്‍ അഖിലിന്‍റെ വാക്കുകള്‍ ധാരാളമായിരുന്നു.

"എന്താ?"

"നീ ഈ ലോകത്തല്ലേ?  സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍"" 100 രൂപ അടക്കണമെന്ന്''

"നീ എന്‍റെ കൂടി ഒന്ന് അടയ്ക്ക്. ഇതാ കാശ്. ഞാന്‍ സ്റ്റാഫ്‌ റൂം വരെ ഒന്ന് പോയിട്ട് വരാം" കാശ് അവനെ എല്പിച്ചശേഷം സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു. അവിടെ ലേഖ ടീച്ചറിനെ കാണുക ആയിരുന്നു എന്‍റെ ലക്ഷ്യം.

"ടീച്ചര്‍''

"ആഹാ, വിഗ്നേഷോ! അഭിനന്ദനങ്ങള്‍.; മുട്ടായി ഇല്ലെ?"

"സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ട് മുട്ടായി വാങ്ങി വരാം. എന്‍റെ ആ സര്‍ട്ടിഫിക്കറ്റ് വന്നോ ടീച്ചര്‍?"

"അയ്യോ ഞാന്‍ അത് അങ്ങ് മറന്നു പോയി. വന്നിട്ടുണ്ട്. ഇപ്പോള്‍ തരാം"

ടീച്ചര്‍ മേശയുടെ ഡ്രോയര്‍ തുറന്ന് ഫയല്‍ എടുത്തു. അതില്‍ നിന്നും 2 സര്‍ട്ടിഫിക്കറ്റ്സ് പുറത്തെടുത്തു.

"നിനക്ക് ഭാഗ്യമില്ല. അല്ലെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിനക്ക് അസ്സെംബ്ലിയില്‍ വെച്ച് തരേണ്ടതല്ലേ." സര്‍ട്ടിഫിക്കറ്റ് എനിക്ക് നേരെ നീട്ടികൊണ്ട് ടീച്ചര്‍ തുടര്‍ന്നു. "അന്ന് അവിടെ വെച്ച് തന്നെ വാങ്ങിവരേണ്ടാതായിരുന്നു. അയച്ചപ്പോള്‍ അവര്‍ക്ക്‌ അഡ്രെസ്സ് മാറിപ്പോയെന്നൊക്കെയാണ് പറഞ്ഞത്. എന്തായാലും കിട്ടിയല്ലോ"

ഫാന്‍സി ഡ്രസ്സ്‌ മത്സരതിനൊപ്പം പ്രസംഗമത്സരത്തിലും വിജയിച്ചപ്പോള്‍   സാറാമ്മ ടീച്ചറുടെ മുന്നില്‍ അഹങ്കരിക്കാമെന്നുള്ള സ്വപ്നം ഇരട്ടിച്ചിരുന്നു. പക്ഷേ എല്ലാം വൃഥാവിലാക്കി വിധി വിജയിച്ചു. ആ സര്‍ട്ടിഫിക്കറ്റ് വാങ്ങി പുറത്തിറങ്ങുമ്പോള്‍ ഇതുവരെ തോല്‍പിച്ച സാറാമ്മ ടീച്ചറിനോടുള്ള വാശി വൈരാഗ്യമായി മാറിയിരുന്നു. ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ടീച്ചറുടെ റൂമിലേക്ക്‌ ചെല്ലണമെന്ന ചിന്ത എന്നെ അലോസരപ്പെടുത്തി. സര്‍ട്ടിഫിക്കറ്റ് വാങ്ങി വേഗം പുറത്തിറങ്ങണമെന്ന ചിന്തയുമായി സാറാമ്മ ടീച്ചറുടെ ഓഫീസിനകത്തേക്ക്‌ കയറി.

"ആഹാ, വാ, വാ...ഇപ്പോള്‍ ആണോ വരുന്നത്? രണ്ട് ദിവസമായി ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു."

ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. ഇല്ല, പുറകില്‍ ആരും ഇല്ല. അപ്പോള്‍ എന്നോട് തന്നെ ആണ് ടീച്ചര്‍ സംസാരിക്കുന്നത്. പക്ഷേ എന്നെ കാത്തിരുന്നു ടീച്ചര്‍ എന്നോ? അവിശ്വസനീയം!

"നീ എങ്കിലും എന്‍റെ പ്രതീക്ഷ കാത്തുവല്ലോ". മേശയുടെ ഡ്രോയര്‍ തുറന്നുകൊണ്ട് ടീച്ചര്‍ തുടര്‍ന്നു "നിനക്ക് ഒപ്പം ഒരു 5 ഡിസ്റ്റിഗ്ഷന്‍ കൂടി ഞാന്‍  മലയാളം മീഡിയത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ നീ ഒഴികെ ബാക്കിയെല്ലാവരുമെന്‍റെ പ്രതീക്ഷകള്‍ തെറ്റിച്ചു. നീ ഇത് കണ്ടോ? റിസള്‍ട്ട്‌ വരുന്നതിനുമുന്‍പ്‌ ഞാന്‍ ഇട്ട സാധ്യതാലിസ്റ്റാണ്‌''   ഒരു കഷ്ണം കടലാസ ടീച്ചറെനിക്കുനേരെ നീട്ടി.

അത് വാങ്ങി നോക്കിയ ഞാന്‍ ഒരു നിമിഷം ഞെട്ടി തരിച്ചു. സാധ്യതാലിസ്റ്റില്‍ ഒന്നാമത്തെ പേരുകാരന്‍ ഞാന്‍ തന്നെ. ടീച്ചര്‍ എന്നെ വീണ്ടും അത്ഭുതപെടുത്തുന്നു. ചോദിക്കാതെ ഇരിക്കാന്‍ എനിക്കായില്ല

"ടീച്ചര്‍ ശരിക്കും എനിക്ക് ഡിസ്റ്റിഗ്ഷന്‍ പ്രതീക്ഷിച്ചിരുന്നോ?"

"പിന്നില്ലാതെ? എനിക്ക് അത്ര ഉറപ്പായിരുന്നു നിന്നെ. നിനക്ക് കൂടി കിട്ടിയില്ലയിരുന്നെങ്കില്‍ നമ്മുടെ മലയാളം മീഡിയത്തിനും അതുവഴി സ്ക്കൂളിനും നാണക്കേടായേനെ. നിന്നെ ഓര്‍ത്തഭിമാനം ഉണ്ടെനിക്ക്"

"ടീച്ചര്‍, ഞാന്‍ കരുതിയത് ടീച്ചര്‍ക്കെന്നെ പ്രതീക്ഷയില്ലന്നും ടീച്ചര്‍ വെറുക്കുന്ന കുട്ടികളില്‍ ഒന്നാമനാണ് ഞാനെന്നും...."

ഒരു പുഞ്ചിരി ആ മുഖത്ത് വിരിഞ്ഞു

"ആഹാ! ഈ 'വെറുക്കുന്ന കുട്ടികള്‍' എന്ന വിഭാഗം എന്താണ് വിഗ്നേഷ്? ഒരു അദ്ധ്യാപകര്‍ക്കും ഒരു വിദ്യാര്‍ത്ഥിയെയും വെറുക്കാന്‍ സാധ്യമല്ല കുട്ടി. ഓരോ കുട്ടിയും ഓരോ അദ്ധ്യാപകര്‍ക്കും സ്വന്തം മക്കളാണ്. മാതാപിതാക്കന്മാര്‍ സ്വന്തം മക്കളെ വെറുക്കുമോ? എല്ലാവരെയും ഒരുപോലെ സ്നേഹിക്കും. ചിലപ്പോള്‍ കൂട്ടത്തില്‍ ചിലരോട് മമത കൂടുതലുണ്ടാകും. പക്ഷേ ഒരിക്കലും ആരെയും വെറുക്കില്ല അദ്ധ്യാപകര്‍''

ടീച്ചറുടെ വാക്കുകള്‍ എന്‍റെ ഹൃദയം തുളച്ചകതെത്തി

"തെറ്റുകള്‍ കാണുമ്പോള്‍ വഴക്കുപറയുന്നത് വെറുപ്പുള്ളതുകൊണ്ടല്ല; നിങ്ങള്‍ വഴിതെറ്റി പോകുന്നത് കാണാന്‍ ഉള്ള ശക്തി ഇല്ലാഞ്ഞിട്ടാണ്. ഏത്‌ അമ്മയ്ക്കാണ് സ്വന്തം മക്കള്‍ വഴിതെറ്റി പോകുന്നത് സഹിക്കാന്‍ പറ്റുക? എനിക്കറിയാം, ഞാന്‍ നിന്നെ ഒരുപാട് വഴക്കുപറഞ്ഞിട്ടുണ്ട്.അത് നിന്നോടുള്ള വെറുപ്പുകൊണ്ടല്ല കുഞ്ഞേ! 9th സ്റ്റാന്‍ഡേര്‍ഡില്‍ ചീത്ത കൂട്ടുകെട്ടില്‍ പെട്ട് പഠിത്തം ഉഴപ്പുന്നത് കണ്ടപ്പോളും, 10ല്‍ പ്രേമം തലക്ക് പിടിച്ച് സ്വന്തം ജീവിതം നീ നശിപ്പിക്കുനതു കണ്ടപ്പോളും എനിക്ക് സഹിക്കാന്‍ പറ്റിയില്ല. നിന്നെ നേര്‍വഴിക്ക് കൊണ്ടുവരാന്‍, നിന്നില്‍ ജയിക്കാനുള്ള വാശി കയറ്റാന്‍ എനിക്കങ്ങനെ പെരുമാറേണ്ടി വന്നു. നിന്നോടുള്ള സ്നേഹം തന്നെയാണ്, ആ സ്നേഹം നിന്നോട് കാണിക്കുന്നതില്‍ നിന്നുമെന്നെ തടഞ്ഞതും. ഒരികലും നീ എനിക്ക് 'ചീത്തകുട്ടി' അല്ല. എന്‍റെ സ്വന്തം കുഞ്ഞാ നീ".

ഈശ്വര, നീ എന്നെ പരീക്ഷിച്ചുവല്ലോ? അദ്ധ്യാപക മനസ്സ് തിരിച്ചറിയാതെ ഞാന്‍ വെറുത്തത് ഈശ്വരന്‍ ആരാണെന്ന് കാട്ടിത്തരുന്ന ഗുരുവിനെ തന്നെയാണല്ലോ? ഗുരുനിന്ദാ പാപം ഉമിത്തീയില്‍ വെന്താലും തീരില്ലെന്നറിയാം എങ്കിലും മാപ്പ്. ഒരായിരം മാപ്പ്. ക്ഷമാപണം വാക്കുകളാക്കി മാറ്റാനുള്ള ശക്തി പോലും നഷ്ടപ്പെട്ട് ആ വിദ്യാദായിനി മുന്‍പാകെ ഞാന്‍ നിന്നു. വാടിയ മുഖവും നിറയുന്ന കണ്ണുകളും എനിക്കുവേണ്ടി ടീച്ചറോട്‌ മാപ്പിരുന്നു.

കണ്ണുകളുടെ അഭ്യര്‍ഥന തിരിച്ചറിഞ്ഞ ടീച്ചര്‍ തുടര്‍ന്നു

"നീ വിഷമിക്കണ്ട. എനിക്ക് ഒരു ദേഷ്യവും ഇല്ല. നിനക്ക് നന്മ മാത്രമെ വരൂ. എവിടെ പോയാലും വിജയം നിനക്കൊപ്പം ഉണ്ടാകും"

ടീച്ചര്‍ നീട്ടിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ആ കാല്‍ക്കല്‍ വീണ് അനുഗ്രഹം വാങ്ങുമ്പോള്‍ എന്‍റെ മനസ്സില്‍ അഹങ്കരിക്കാനുള്ള ആഗ്രഹം നാമ്പിട്ടില്ല. ആ സ്വരസ്വതി ക്ഷേത്രത്തില്‍ അഹങ്കരിക്കാന്‍ ആഗ്രഹിച്ചതിലുള്ള കുറ്റബോധവുമെനിക്ക് തോന്നിയില്ല.സ്കൂളിന്‍റെ പടവുകള്‍ എന്നെന്നേക്കുമായി ഇറങ്ങുമ്പോള്‍   മനസ്സില്‍ നിറഞ്ഞുനിന്നത് ഇന്നുവരെ തിരിച്ചറിയാതെ പോയ ഗുരു സ്നേഹം മനസ്സിലാക്കിയതിലുള്ള സന്തോഷവും ഗുരുത്വം നേടാന്‍ സാധിച്ചതിലുള്ള ആത്മഹര്‍ഷവും ആയിരുന്നു.

പിന്‍കുറിപ്പ്‌

ഇത് 2003ലെ സംഭവമാണ്. അന്ന് മലയാളം മീഡിയം റിസള്‍ട്ട്‌ അത്ര മെച്ചം അല്ലായിരുന്നു. പക്ഷേ, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ എന്നും നല്ല റിസള്‍ട്ട്‌ ആണ് നല്‍കിയിരുന്നത്. ആ വര്ഷം തന്നെ 15നു മുകളില്‍ ഡിസ്റ്റിന്‍ഗ്ഷന്‍ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ നല്‍കി. ഇപ്പോള്‍ എന്‍റെ സ്കൂളിന്‍റെ അവസ്ഥ ഒരുപാട് മാറി. മലയാളം മീഡിയം കുട്ടികളും ഇംഗ്ലീഷ് മീഡിയം കുട്ടികളും ഒരുപോലെ പെര്‍ഫോം ചെയ്യുന്നു. എല്ലാവര്‍ഷവും റിസള്‍ട്ട്‌ കൂടി കൂടി വരുന്നു. 2003ല്‍ തന്നെ എന്‍റെ ക്ലാസ്സില്‍ പഠിച്ച വിഷ്ണു എന്ന കുട്ടിക്ക് 2 മാര്‍ക്കിനാണ് ഡിസ്റ്റിന്‍ഗ്ഷന്‍ നഷ്ടമായത്. എന്നാല്‍ അവന്‍ പിന്നീട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലാ തലത്തില്‍ ഒന്നാമന്‍ ആയതിന് പുറകെ കേരള നഴ്സിംഗ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്നും സ്റ്റേറ്റ് ലവല്‍ ഫസ്റ്റ് റാങ്ക് വാങ്ങി ജയിക്കുകയും, പിന്നീട് അതേ ഫീല്‍ഡില്‍  ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ തുല്യത ഇല്ലാത്ത പല നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത വിവരവും സന്തോഷത്തോടെ പങ്കു വെക്കുന്നു. എല്ലാം എന്‍റെ സ്കൂളിന്‍റെ മഹത്വം കൊണ്ട് തന്നെ.

Monday, July 16, 2012

തെമ്മാടി

ഈ കഥയിലെ സംഭാഷങ്ങള്‍ എല്ലാം തമിഴ് ഓര്‍ ഇംഗ്ലീഷില്‍ ആയിരുന്നു എന്നാല്‍ ഇവിടെ കഥ പറയാന്‍ ഉള്ള എളുപ്പത്തിന് സംഭാഷങ്ങള്‍ എല്ലാം മലയാളത്തില്‍ ആക്കിയിരിക്കുന്നു. സാദരം ക്ഷമിക്കുക
*********************************************************************************
എന്തൊക്കെയോ ആലോചിച്ച് ഇരിക്കുമ്പോള്‍ അമ്മയുടെ വിളി പിന്നില്‍ നിന്ന് കേട്ടു
"ഡാ, അമ്മേടെ ചക്കര അല്ലേടാ... നീ ഇങ്ങനെ വിഷമിച്ചിരുന്നാല്‍ ഈ വീട്ടില്‍ എന്ത് സമാധാനമാനുണ്ടാകുക?? വിഷമം സഹിക്കാന്‍ പറ്റുന്നില്ലെങ്കിലും ഞങ്ങളെ കാണിക്കാന്‍ എങ്കിലും ഒന്ന് ചിരിച്ചുകളിച്ചു നടന്നൂടെ? അമ്മേടെ കൊച്ചുമോനല്ലേ.... ഒന്ന് ചിരിക്കട"


"എടിയേ, അവന്‍ കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ. നീയിപ്പോളവനെ ശല്യം ചെയ്യണ്ട; എന്‍റെ മോന് വിഷമമൊന്നുമില്ല, അല്ലെടാ കുട്ടാ?"


അച്ഛനെ ഒന്ന് പാളി നോക്കി; പക്ഷെ  ചിരിക്കുന്നതായിട്ടൊന്നു ഭാവിക്കാന്‍ പോലുമെനിക്ക് സാധിക്കുന്നില്ലല്ലോ ഈശ്വര! അച്ഛന്‍റെയും അമ്മയുടെം മനസ്സെനിക്ക് കാണാം. ഉള്ളിലവര്‍ നീറുകയാണ്, എന്നിട്ടുമെന്‍റെ മനസ്സില്‍ ദുഃഖം തട്ടാതിരിക്കാനവര്‍ ശ്രെമിച്ചുകൊണ്ടേയിരിക്കുന്നു.


"കുട്ടാ, നീ പറഞ്ഞ ബൈക്കിന്‍റെ കാര്യമില്ലേ നമ്മുക്കത് വാങ്ങാം. മോന്‍ തീരുമാനിച്ചാട്ടെ പള്‍സറാണോ എന്‍ഫീല്‍ഡാണോ വേണ്ടതെന്ന്?"


ഈശ്വര ഇവര്‍ക്ക് എന്നെയൊന്ന് വഴക്ക് പറഞ്ഞുകൂടെ? മകന്‍റെ 'വീരകൃത്യങ്ങള്‍' കാരണം മാനം വരെ കപ്പല്‍ കയറി നിക്കുമ്പോഴുമിവര്‍ എന്നെ വേദനിപ്പിക്കാതിരിക്കാന്‍ പരസ്പരം മത്സരിക്കുന്നു. ഈ സ്നേഹം ഓര്‍ക്കാതെയാണല്ലോ ഈശ്വര, ഞാന്‍ ഓരോ പടുകുഴികളില്‍ ചാടിയിരുന്നത്.


"മോനെ", അമ്മയുടെ വിളി വീണ്ടും. "നമ്മുക്ക് ഇനി ആ കോളേജ് വേണ്ട. മോനിനി അവിടെ പഠിക്കണ്ട. ഇവിടെ പാറ്റൂര്‍ ശ്രീബുധയില്‍ മോന് അഡ്മിഷന്‍ ശരി ആക്കിത്തരാമെന്നമ്മാവന്‍ പറഞ്ഞിട്ടുണ്ട്. ആ കോളേജില്‍ തന്നെ മോനിനി ചെന്നാല്‍ അവര്‍ മോനെ വീണ്ടും എന്തെങ്കിലും കേസില്‍ കുടുക്കി ഡിസ്മിസ് ചെയ്കയോ പോലീസില്‍ പിടിപ്പിക്കുകയോ ചെയ്യുമെന്നെല്ലാരും പറയുന്നു. മോന്‍ അമ്മ പറയുന്നത് കേക്ക് നമ്മുക്കിനി ആ കോളേജ് വേണ്ട കുട്ടാ."


"എനിക്കൊന്നാലോചിക്കണം, ഇപ്പോള്‍ ഞാനൊന്നൊറ്റക്കിരിക്കട്ടെ"  അമ്മയുടെ ഉപദേശമെന്നെ അലോസരപ്പെടുത്തുന്നു.


"അവളുടെ ഓരോ ചോദ്യങ്ങള്‍ കേട്ടില്ലേ..? നിന്നോട് ഞാന്‍ പറഞ്ഞതല്ലെ ഇപ്പോള്‍ കുഞ്ഞിനോടിതൊന്നും സംസാരിക്കരുതെന്ന്. അവനൊന്ന് റിലാക്സ്‌ ചെയ്യട്ടെ. നീ ഇങ്ങോട്ട് വന്നെ.  ചക്കര മനസ്സ്‌ വിഷമിപ്പിക്കണ്ട, ഇവളങ്ങനെ പലതും പറയും. മോന്‍ ഉറങ്ങിക്കോ, അച്ഛനപ്പുറത്തുണ്ടാകും വിളിച്ചാല്‍ മതി എന്ത് വേണെങ്കിലും."


ലോകത്തെ സകല സ്നേഹവും ചുണ്ടുകളില്‍ ആവാഹിച്ച് എന്‍റെ നെറുകയില്‍ ഒരു മുത്തം തന്ന് അച്ഛന്‍ മെല്ലെ അമ്മയെ കൂട്ടി മുറിക്ക് പുറത്തേക്കിറങ്ങി; ഒപ്പം ഞാന്‍ എന്‍റെ ചിന്തകളിലേക്കും. ചിന്തകള്‍ എത്തി നിക്കുന്നത് തമിഴ്നാട്ടിലെ പെരമ്പളൂര്‍ എന്ന പട്ടിക്കാട്ടിലെ ധനലക്ഷ്മി-ശ്രിനിവാസന്‍ എഞ്ചിനീയറിംഗ് കോളേജ് മുറ്റത്തും.........


"ഹാവു, ഒരിക്കല്‍ കൂടി ഈ ക്ലാസ്സിന്‍റെ പടി നിങ്ങള്‍ക്കൊപ്പം ചവിട്ടാന്‍ പറ്റുമെന്ന് ഞാന്‍നെന്‍റെ സ്വപ്നത്തില്‍ പോലുമോര്‍ത്തില്ല. എന്തായാലും എനിക്ക് ഭാഗ്യമുണ്ട്."


ക്ലാസ്സിലേക്ക് കയറുമ്പോളിതല്ലാതെ വേറെയൊന്നുമെനിക്കപ്പോളെന്‍റെ സുഹൃത്തുക്കളോട് പറയാന്‍ തോന്നിയില്ല.


"നീ കരുതി ഇരുന്നോ... ഫസ്റ്റ് ഇയര്‍ ആയത് കൊണ്ട് നീ ഇത്തവണ രെക്ഷപെട്ടു. നമ്മുടെ കോളേജ്‌ ഹിസ്റ്ററി ഞാന്‍ നിനക്ക് പറഞ്ഞു തരണ്ട ആവശ്യമില്ലല്ലോ അല്ലെ?" അഖില്‍ ആദ്യത്തെ വെടി എന്‍റെ നെഞ്ചത്ത് പൊട്ടിച്ചു.


"ഒരു തവണ ഇവിടെ ഏതെങ്കിലും കേസില്‍ പെട്ടാപ്പിന്നെ, മോനെ നിന്നെ തന്നെ ആരിക്കും ബാക്കി എല്ലാത്തിനും പൊക്കുന്നത്. പറഞ്ഞാല്‍ ഇഷ്ടപെടില്ലെന്നറിയാം, എങ്കിലും സ്നേഹമുള്ളത് കൊണ്ട് പറയുവ... എന്‍റെ പോന്നു മോനിനി കാള പെറ്റൂന്ന് കേക്കുമ്പോ തന്നെ  കയറെടുക്കല്ലെ, എടുത്താല്‍ നമ്മുടെ മാനേജ്മെന്‍റ് ആ കയറില്‍ തന്നെ നിന്നെ കെട്ടി തൂക്കും."


ആദ്യ വെടിവെപ്പിന്‍റെ കല്ലിപ്പ് മാറും മുന്‍പ്‌ സുരാജ് ഒന്ന് കൂടി താങ്ങിയിരിക്കുന്നു. അവന്മാര്‍ക്ക് എന്തും ആകാലോ? ഞാനല്ലെ ഫസ്റ്റ് ഇയര്‍ കണ്ട തെമ്മാടി. എല്ലാരും കൂടി സീനിയര്‍ സ്റ്റുഡന്‍സുമായി അടിയുണ്ടാക്കി,  ഒടുവില്‍ അത് കേസായപ്പോള്‍ പെട്ടത് ഞാനും. എങ്ങനെ പെടാതിരിക്കും? കൂട്ടത്തിലെ ഒറ്റുകാര്‍ പോരാഞ്ഞിട്ട് കൂനിന്മേല്‍ കുരു എന്ന പോലെ രേമേഷ്‌ ബാബു എന്ന പണ്ടാരക്കാലന്‍ സാറും. അങ്ങേര് പേര്‍സണല്‍ കലിപ്പ് തീര്‍ക്കുന്നത് പിള്ളരെ ഡിസിപ്ലിനറി ഇഷ്യുസില്‍ പെടുത്തിയണല്ലോ!


"ഡാ, നിന്നോട പറയുന്നത്" ഇത്തവണ നിഖിലേഷ് ആണ് ഉപദേശി. "കഴിഞ്ഞ കൊല്ലം അച്ചന്‍ കുഞ്ഞ് ചേട്ടന് കിട്ടിയത് നിനക്കോര്‍മ്മയുണ്ടല്ലോ? 1 ഇയര്‍ ആയിരുന്നു സസ്പെന്‍ഷന്‍.., ലിസ്റ്റില്‍ നിന്നേമിപ്പോള്‍ വെച്ചിട്ടുണ്ടാകും ആ രമേഷ്‌ ബാബു. ഫസ്റ്റ് ഇയര്‍ പിള്ളേര്‍ വന്നിട്ടുണ്ട്. ചുമ്മാ അവരെ ഒന്ന് നോക്കാന്‍ പോലും പോകണ്ട... ആരെങ്കിലും കണ്ടാല്‍ പിന്നെ റാഗ്ഗിംഗെന്നാരിക്കും പറയുക."


"ഓ ആലോചിക്കാമെ! ഉപദേശം ഒന്ന് നിര്‍ത്താനെന്ത് തരണം?" എനിക്ക് പിടിക്കുന്നില്ല ഈ ഉപദേശം


"നിനക്ക് സൗകര്യം ഉണ്ടെങ്കില്‍ അനുസരിക്ക്, ഞങ്ങള്‍ക്ക് വേറൊന്നും പറയാന്‍ ഇല്ല" എന്‍റെ മറുപടി ആര്‍ക്കും പിടിച്ചിട്ടില്ല എന്ന് ആനന്ദിന്‍റെ മറുപടി അടിവരയിട്ടു. എന്നാലുമിത്രയും സ്നേഹനിധികളായ സഹപാഠികളെ കിട്ടിയതീശ്വരന്‍റെ അനുഗ്രഹം.


       "എന്‍റെ പൊന്നെ, നീ ഒക്കെ ഒന്ന് നിര്‍ത്തീ ഉപദേശം. ഞാനിനി ഒന്നിനും പോവില്ല. വീട്ടില്‍നിന്നും വയര്‍ നിറച്ചും കിട്ടിയിട്ടുണ്ടുപദേശം; ഇനി നിന്‍റെയൊക്കെ ഒരു കുറവൂടെ ഉള്ളു. ഒന്ന് നിര്‍ത്തടെ. ഞാന്‍ ഒന്ന് സമാധാനത്തോടെ നടന്നോട്ടടെ"


         ഇങ്ങനെ ചിരിച്ചുതള്ളി കളയുമ്പോള്‍ തന്നെ മനസ്സില്‍ ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു, ഇനി ഒരു കേസിലും ഈ കോളേജില്‍ പെടില്ലെന്ന്. പഠിക്കണം നന്നായി. ഇനി ഒരിക്കലും ഒരു ചീത്ത പേര് കേപ്പിക്കരുത്. മരുഭൂമിയില്‍ കിടന്ന് രക്തം നീരാക്കി അച്ഛനയക്കുന്ന കാശിന്‍ന് വില കല്‍പ്പിച് അഹങ്കാരമില്ലാതെ ഇനി ജീവിക്കണം. പഠിച്ച് തെളിയിച്ചു കൊടുക്കണം ഈ കോളേജില്‍ എന്‍റെ കഴിവ്‌......; ചിന്തകള്‍ കാടു കയറി പോകുന്നതിനു മുന്‍പ്‌ തന്നെ ക്ലാസ്സില്‍ ടീച്ചര്‍ എത്തി.


              അങ്ങനെ ഒരു മാസവും ആദ്യ ഇന്‍റെര്‍ണല്‍ എക്സാമും വേഗം കഴിഞ്ഞു. എന്‍റെ റിസള്‍ട്ട്  കണ്ട് അധ്യാപകരുടെയും സഹാപാടികളുടെം കണ്ണ് ഒന്നിച്ച് തള്ളി. എനിക്കും ഇത് തന്നെയായിരുന്നു വേണ്ടിയിരുന്നത്. തെമ്മാടി നല്ലവന്‍ ആകാന്‍ നന്നായി പഠിക്കണം എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.സെക്കനന്‍റ് ഇന്‍റെര്‍ണല്‍ എക്സാം പടിവാതിക്കലെത്തി നിക്കുന്നു. ഇനി കുറച്ച് ദിവസം പഠനം മാത്രം മതി എന്ന് ചിന്തിച്ച് റൂമില്‍ കയറിയപ്പോള്‍ ഡോറില്‍ ആരോ മുട്ടുന്നു. മടിയോടെ ചെന്ന് ഡോര്‍ തുറന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ആ മുഖം കണ്ടപ്പോളേ മനസ്സില്‍ ഒരു ഭയം ജനിച്ചു. P.T സര്‍, ഒപ്പം ഡിസിപ്ലിനറി ഹെഡ് രമേശ്‌ ബാബും. പണി പാലിന്‍ വെള്ളത്തില്‍ തരാനുള്ള ഒരുക്കമാണെന്ന് വരവ് കണ്ടപ്പോളേ തോന്നി. 


രെമേഷ്‌ ബാബു സര്‍ ആണ് ആദ്യം സംസാരിച്ചത്‌


"വിഗ്നേഷ്, ഇന്നലെ രാത്രി 1st year കുട്ടിയെ കാന്റീനില്‍ വെച്ച് ആരോ റാഗ് ചെയ്തെന്ന് കംപ്ലൈന്‍റ് കിട്ടിയിട്ടുണ്ട്. നീ അറിയാതെ നിന്‍റെ ബാച്ചില്‍ ഒന്നും നടക്കില്ലലോ! എന്താ സംഭവിച്ചതെന്ന് നിനക്കറിയോ?" സാറിന്‍റെ മുഖത്ത് പുച്ഛം പ്രകടം ആയിരുന്നു


കൊള്ളാം, നല്ല ന്യൂസ്‌. അപ്പോള്‍ പണി അല്പം മാരകം തന്നെ ആണ്. ഞാന്‍  അറിഞ്ഞിട്ടേയില്ല ഇങ്ങനെ ഒരു കാര്യം. ഇതിപ്പോള്‍ ഏത് പെരുന്നാള്‍ വന്നാലും കോഴിക്ക് കിടക്കപൊറുതിയില്ലെന്ന് പറഞ്ഞവസ്ഥയല്ലോ! പണ്ടെങ്ങാണ്ട് ഒരു പ്രശനത്തില്‍ പെട്ടൂന്നുവെച്ചെല്ലാത്തിനും ഞാനാണോ ഉത്തരവാദി?


ആത്മഗതം പുറത്ത്‌ കാട്ടാതെ ഞാന്‍ സൌമ്യന്‍ ആയി മൊഴിഞ്ഞു " ഇല്ല സര്‍, എനിക്കറിയില്ല ഈ സംഭവം. എന്‍റെ കൂട്ടുകാര്‍ ഇതില്‍ ബന്ധപെട്ടിടുണ്ടോ എന്നുമെനിക്ക് അറിയില്ല. "


"ശരി നിനക്കറിയില്ല ഞങ്ങള്‍ വിശ്വസിച്ചു. എങ്കിലും  ഒരു 5 പേരുടെ നെയിം ഇങ്ങു പറഞ്ഞു തന്നാല്‍ നിനക്ക് പോകാം" P.T സാറിന്‍റെ ശബ്ദത്തിന് പതിവിലും കാഠിന്യം എനിക്ക് തോന്നി.


മനോഹരം, കൂട്ടുകാരെ ഒറ്റി കൊടുക്കാന്‍... എന്നോട് ആവശ്യപെടുന്നു. ഇവനൊക്കെ ഫ്രണ്ട്ഷിപ്‌ എന്ന വാക്കിന്‍റെ വില അറിയോ? അധ്യാപകര്‍ ആയാല്‍ പിന്നെ ഇതൊന്നും അറിയണ്ട എന്നുണ്ടോ?


"ക്ഷമിക്കണം സര്‍, എനിക്ക് അറിയാത്ത കാര്യത്തിനെ പറ്റി പറയാന്‍ ഞാന്‍ ആള്‍ അല്ല. എനിക്ക് അറിയില്ല ഒന്നും"
P.T സര്‍ വിരലുകള്‍ ഞെരടി കൊണ്ട് തുടര്‍ന്നു.


"നീ ആരുടേം നെയിം പറഞ്ഞില്ലെങ്കില്‍ നിന്‍റെ നെയിം എഴുതാന്‍ ആണ് മാനേജ്മെന്റ് പറഞ്ഞിരിക്കുന്നത്."
കേട്ടപ്പോള്‍ ഉള്ള് ഒന്ന് കത്തി. എങ്കിലും സുഹൃത്തുക്കളെ ചതിച്ചിട്ടെനിക്ക് രക്ഷ പെടണ്ട എന്ന് ഉള്ളിലുറപ്പിച്ചു.


"ശരി എങ്കില്‍ നിന്‍റെ ഇഷ്ടം പോലെ. നടക്ക് ഓഫീസിലേക്ക്...." രേമേഷ്‌ ബാബു സര്‍ തിരിഞ്ഞ് നടന്നു തുടങ്ങിയിരിക്കുന്നു


ഇപ്പോള്‍ എല്ലാം വ്യക്തമായി. ഇനി ഓഫീസ് മുന്നില്‍ പെണ്ടിംഗ് എന്‍ക്വയറിയെന്ന പേരിലെത്ര ദിവസം? ഇനി വരുന്നിടത്ത് വെച്ച് കാണാം.
ഓഫീസ് വരാന്തക്ക് മുന്നില്‍ 4  മണിക്കുര്‍ ആയി നിക്കുന്നു. കണ്ണില്‍ ചോരയില്ലാത്തവന്മാര്‍.; കാല്‍ പൊളന്നു പോകുന്നു, എന്നിട്ടുമവരൊന്നിരിക്കാന്‍ പോയിട്ട് ഭിത്തിയില്‍ ഒന്ന് ചാരന്‍ പോലും സമ്മതിക്കുന്നില്ല.


"ഇവനെയെന്തിനാ ഇവിടെ നിര്‍ത്തിയിരിക്കുന്നത്‌?" ശബ്ദം കേട്ടു തലയുയര്‍ത്തി നോക്കി. ഹോസ്റ്റല്‍ വാര്‍ഡന്‍ പ്രിന്‍സ്. ആള്‍ മലയാളിയാണ്; ഹെല്‍പ്‌ വല്ലതും കിട്ടും എന്ന് ഒരു പ്രതീക്ഷ തോന്നി.


" ഇവന്‍ ആണ് റാഗിങ്ങ് വീരന്‍. പക്ഷെ അവന്‍ സമ്മതിക്കുന്നില്ല." വീണ്ടും P.T
ഇത്തവണ എനിക്ക് ദേഷ്യം നിയന്ത്രിക്കാന്‍ ആയില്ല.


"ചെയാത്ത കുറ്റം സമ്മതിക്കാനെന്നെ കിട്ടില്ല. നിങ്ങള്‍ വേറെ ആളെ നോക്ക്"\
"ഇവന്‍ രണ്ടു ദിവസം മുന്‍പ്‌ ആ ഫസ്റ്റ് ഇയര്‍ ഹോസ്റ്റല്‍ പരിസരത്ത് പോകുന്നത് ഞാന്‍ കണ്ടിരുന്നു" പ്രിന്‍സ് ഒരു വെടി പൊട്ടിച്ചിരിക്കുന്നു.


"കൂടെ വേറെ രണ്ടു പിള്ളേരും ഉണ്ടാരുന്നു. കിരണും ഷിബിനും, അല്ലേട?"


"എന്‍റെ സര്‍ അത് ഞങ്ങള്‍ റാഗ്ഗിംഗ് ചെയ്യാന്‍ പോയതല്ല. ഷിബിന്‍ അവന്‍റെ അനിയനെ കാണാന്‍ പോയതാ. ഞാന്‍ ഷിബിന്‍റെ അനിയനെ പരിച്ചയപെടാനും"


"ഇത്രേം നേരം നീ പറഞ്ഞത്‌ നീ ജൂനിയര്‍സിന്‍റെ അടുത്ത് പോയിട്ടേയില്ലന്നല്ലേ? ഇനി ഇങ്ങനെ ഓരോന്ന് ഞങ്ങള്‍ തെളിയിക്കാം" V.P സര്‍ന് ആവേശം ആയി.


അര മണിക്കൂറിനുള്ളില്‍ കിരണും ഷിബിനുമവിടേക്കാനയിക്കപ്പെട്ടു.
എന്നോട് ചോദിച്ച ആദ്യ ചോദ്യം അവരോടുമാവര്‍ത്തിച്ചു. കൂടെ 5 പേരുടെ നെയിം പറയാന്‍ ഉള്ള ഒരു ഓഫെറും. ഷിബിന്‍ ഒന്നും അറിയില്ലെന്നുള്ള രീതിക്ക് തല കുനിച്ച് നിന്നു. പക്ഷെ കിരണ്‍ വേഗം തന്നെ പ്രതികരിച്ചു.


"സര്‍ ഞാനല്ല ചെയ്തത്. പക്ഷെ കാന്റീനില്‍ വെച്ചാണങ്കിലത് കാന്റീനിലിന്നലെ പോയ പിള്ളേരായിരിക്കും. ഞാന്‍ പറഞ്ഞു തരാം അവരുടെ പേരുകള്‍. അവര്‍ ആരിക്കും ചെയ്തത്"


പിന്നീട് ഞാന്‍ കണ്ടതൊരു അട്ടണ്ടന്‍സ് രജിസ്റ്റര്‍ വായിക്കും പോലെ 26 കുട്ടികളുടെ പേരുകള്‍ അവന്‍റെ വായില്‍ നിന്ന് ഒഴുകുന്നതാണ്. കണ്ട് നിന്ന എനിക്ക് സഹിക്കാനായില്ല. ഇന്ന് വരെ അയ്യോ പാവികള്‍ ആയി ജീവിച്ച പിള്ളേരുടെ വരെ പേരുകള്‍.അവന്‍ പറയുന്നു. അധികം കണ്ട് നിക്കാന്‍ ആവാതെ ഞാന്‍ ഇടയില്‍ കയറി


"കിരണ്‍, നീ എന്താ ഈ കാണിക്കുന്നത്? "


ഉത്തരം തന്നത് ഭാഗ്ഗീരതി മാം ആയിരുന്നു


"കണ്ടോ? ഇവന്‍ ആണ് യഥാര്‍ത്ഥ ഗുണ്ട. ഇവന്‍ അവനെ പേടിപ്പിക്കുന്നത് കണ്ടോ? സത്യമെല്ലാമവനറിയാം, എന്നിട്ടുമിവന്‍ പറയില്ല. പറയാന്‍ ഒരുങ്ങുന്നവനെ കൊണ്ട് പോലും പറയിപ്പിക്കാത്തത് കണ്ടോ? സത്യം എല്ലാം പുറത്ത് വരും എന്ന് കണ്ടപ്പോള്‍ കിരണിനെ ഭീഷണി പെടുത്തുന്നു.ഇവനെ പിടിച്ച് പോലീസില്‍ കൊടുക്കണം"


പിന്നെ ഞാന്‍ ഒന്നും മിണ്ടിയില്ല. എല്ലാമെഴുതി കൊടുത്തു കഴിഞ്ഞ് കിരണ്‍ അടുത്തുവന്നു:


"നീ എന്തൊക്കെ വിചാരിച്ചാലും മറ്റുള്ളവര്‍ക്ക് വേണ്ടി തൂങ്ങാന്‍ എന്നെ കിട്ടില്ല. "


കൊള്ളാം,നല്ല  ഫ്രണ്ട്. ഫ്രണ്ട്ഷിപ്പെന്നാലിത്രേ ഉള്ളോ? മണ്ടന്‍ ആയത് ഞാനോ അതോ മറ്റുള്ളവരോ?


അധികം വൈകാതെ തന്നെ 26 കുട്ടികളേം ഓഫീസ് മുന്നില്‍ അണി നിരത്തി. അതില്‍ നിന്നും സെലക്ട്‌ ചെയ്ത് 13 പേരെ മാത്രം എടുത്തു. ബാക്കി ഭാഗ്യവാന്മാര്‍ രക്ഷപെട്ടു. ഓരോരുത്തരെ ആയി അകത്തേക്ക് വിളിപ്പിച്ചു. ആദ്യം അകത്ത് പോയ അരുണ്‍ മടങ്ങി വന്നു


"അളിയാ അകത്ത് വിളിപ്പിച്ചിട്ട് പറഞ്ഞത്, എല്ലാം ചെയ്തത് നീയാണന്നെഴുതി  കൊടുത്താല്‍ മതി വേറെ കുഴപ്പം ഒന്നും  ഉണ്ടാകില്ലാന്ന്."


അപ്പോള്‍ ഞാന്‍ തന്നെ ആണ് മാനേജ്‌മന്റ്‌ ലക്ഷ്യം എന്ന് വ്യക്തം "എന്നിട്ട് നീ എന്ത് പറഞ്ഞു?"


"ഞാന്‍ പറഞ്ഞു നീ ഒന്നും ചെയ്തിട്ടില്ല, ഇന്നലെ നമ്മള്‍ ഒന്നിച്ച് ലാപ്‌ ടോപ്പില്‍ സിനിമ കാണുവരുന്നെന്ന്, അത് തന്നെ ആണല്ലോ സത്യം"


ഇവന്‍ എന്തായാലും ചതിച്ചില്ല. ഇനി പോകുന്നവര്‍ എന്ത് ആണോ എന്തോ പറയാന്‍ പോകുക?


എല്ലാരുടേം മൊഴി എടുപ്പ് കഴിഞ്ഞു. പുറത്തേക്ക് വന്ന P.T ആദ്യം പിടിച്ചത് അരുണിനെ:


"നീ നന്നായി പഠിക്കും എന്ന് അറിയാമായിരുന്നു പക്ഷെ ഇത്ര മനോഹരം ആയി അഭിനയിക്കാനറിയുമെന്ന് ഞാന്‍ കരുതിയില്ല. എല്ലാരും ഒരു എതിര്‍പ്പും പറയാതെ വിഗ്നേഷ് ആണെല്ലാം ചെയ്തതെന്നെഴുതി തന്നു; നിനക്കുമാത്രമവനൊന്നും  ചെയാത്ത നിരപരാധി. അപ്പോള്‍ അവന്‍റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നീ തന്നെ. അല്ലേട?"


"അയ്യോ! സര്‍ ഞാന്‍ പറഞ്ഞത് എല്ലാം സത്യം ആണ്" 


അരുണിന്‍റെ കണ്ഠം ഇടറുന്നത് ഞാന്‍ അറിഞ്ഞു. പാവം അരുണ്‍; എല്ലാരും അവനവന്‍റെ സ്വാര്‍ഥതക്ക് കൂട്ടുകാരെ ഒറ്റിയപ്പോള്‍ കൂടെ നിന്ന് ചതിക്കാന്‍ മനസ്സ് വരാഞ്ഞവനിപ്പോള്‍ പെട്ടിരുക്കുന്നു. ഈ ലോകം ഇത്രെ ഉള്ളോ? കൂട്ടുകാര്‍ എന്നും ഒരു കുടുംബം എന്നും വിചാരിച്ച നമ്മള്‍ വിഡ്ഢി ആയിരിക്കുന്നു. സത്യത്തിന് വിലയില്ലേ?


അരുണിന്‍റെ മുഖം ശരിക്കൊന്നുകാണുംമുന്‍പകത്തുനിന്ന് വിളി വന്നിരിക്കുന്നു. ചെയര്‍മാന്‍ കതിരവന്‍ സര്‍ ആണ് വിളിപ്പിച്ചിരിക്കുന്നത്. അകത്തെ ക്യാബിനില്‍  ചെന്നു. ആ ക്രൂരന്‍ അവിടെ കസേരയില്‍ ഇരിക്കുന്നു. സമീപം എന്‍റെ ഉറ്റ ചങ്ങാതി സതീഷ്‌...


"നീ എന്തിനാ ജൂനിയര്‍ പിള്ളേരെ അടിച്ചത്?" ആദ്യത്തെ ചോദ്യം തന്നെ നെഞ്ച് പൊളിച്ചു


"സര്‍ ഞാന്‍ ഇത് വരെ ഒരു ജൂനിയര്‍ കുട്ടികളേം തല്ലിയിട്ടില്ല"


"ഓഹോ! എന്നിട്ട് സതീഷ്‌ പറഞ്ഞല്ലോ അടിച്ചത് നീ ആണെന്ന്"


ഈ ലോകം മുഴുവന്‍ ചെറുതായി പോകുന്നതായി തോന്നിയ നിമിഷങ്ങള്‍. ആത്മാര്‍ത്ഥ സുഹൃത്ത് നല്‍കുന്ന സമ്മാനം. രക്ഷപെടാനെന്‍റെ പേരിലെഴുതി കൊടുത്തത് പോരെ? ശവപ്പെട്ടിയില്‍ കൂടുതല്‍ ആണി അടിക്കേണ്ടിയിരുന്നോ?
എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല. മുന്നില്‍ നിക്കുന്നത് ചെയര്‍മാനാണെന്നോ ഡിസിപ്ലിനറി കമ്മിറ്റിയുടെ മുന്‍പാകെയാണെന്‍റെ നിപ്പെന്നോ ഞാന്‍ മറന്നു.


"പുലയാട്ടതരം പറയുന്നോടെ പുല്ലെ? ഞാനെപ്പോളാ പിള്ളേരെ അടിച്ചത്. ചെയ്ത കാര്യം ചെയ്തു എന്ന് സമ്മതിക്കാന്‍ എനിക്ക് ഒരു ഭയോം ഇല്ല സര്‍, ഇത് ഞാന്‍ ചെയ്തിട്ടില്ല?"


"അയ്യോ സര്‍, ഇവനല്ല, എനിക്ക് ടെന്‍ഷന്‍ വന്ന് പേര് മാറി പോയതാ. അരുണ്‍ ആണ് ചെയ്തത്." 


ഒരു ഉളുപ്പും ഇല്ലാതെ അവന്‍ മൊഴി മാറ്റി മറ്റൊരു സുഹൃത്തിനെ  കുടുക്കിയിരിക്കുന്നു. അരുണിനെ വിളിക്കാന്‍ ആളെ പറഞ്ഞ് 
വിട്ടുകൊണ്ട് ചെയര്‍മാന്‍ തുടര്‍ന്നു. 


"വിഗ്നേഷ്, നീ ശരിക്കും ഒരു പോക്രി തന്നെ. നീ തന്നെ ആണ് എല്ലാത്തിനും കാരണം. ഇല്ലെങ്കില്‍ ഇവിടെ വെച്ച് എന്‍റെ മുന്നില്‍ നീ ഇങ്ങനെ സംസാരിക്കില്ലായിരുന്നു"


കൈയും കെട്ടി നിന്ന് അനുസരിക്കുന്ന പാണ്ടികളെ ഇവന്‍ ഒക്കെ കണ്ടിട്ടുള്ളൂ.  പ്രതികരിക്കാന്‍ ചുണ ഉള്ളവനാണ് മലയാളിയെന്നീ കൊച്ചാട്ടനറിയില്ലല്ലോ. കേരളത്തിലായിരുന്നെങ്കില്‍ ചോദിയ്ക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടയെനേം . ഇവിടെ ഇവന്‍റെയൊക്കെ രാജ്യം പോലെയല്ലേ എല്ലാം നടക്കുന്നത്. ഈ ചിന്തകള്‍ക്ക് ഇടയില്‍ അരുണ്‍ അകത്തേക്ക് വന്നു.


എന്നോട് ചോദിച്ച അതേ ചോദ്യം അവനോടും തുടര്‍ന്നു.


"ഇല്ല സര്‍, ഞാന്‍ ആരേം അടിച്ചിട്ടില്ല, പക്ഷെ ഞാന്‍ ഒരു ജൂനിയര്‍ പയ്യന്‍റെ കൈല്‍ പിടിച്ചിട്ടുണ്ട്" 
പാവം അവന്‍ അകത്ത് നടന്ന ചതിയെ പറ്റി ഒന്നും അറിവില്ലാതെ രണ്ട് മാസം മുന്‍പ്‌ എപ്പോളോ നടന്ന സംഭവം ആണ്  ഇപ്പോള്‍ പറഞ്ഞത്; അത്രയും തന്നെ ധാരാളം ആയിരുന്നു അവനെ ശിക്ഷിക്കാന്‍.; കസേര വിട്ടെഴുന്നേറ്റ ചെയര്‍മാന്‍ അരുണിന് നേര്‍ക്ക്‌ പാഞ്ഞടുത്തു. കരണം പുകച്ച് ആദ്യത്തെ അടി അവന് വീണു. കൈ വെച്ച് അടുത്ത അടി തടയാന്‍ നോക്കി യെങ്കിലും ചുറ്റും നിന്ന P.T സാറുമാര്‍ അവനെ പിടിച്ച് കൊടുത്തു. ലോക്കപ് മര്‍ദനം  സിനിമകളില്‍ മാത്രം കണ്ട എനിക്ക് അത് എത്ര ഭീകരം ആണെന്ന് ആ നിമിഷം മനസ്സില്‍ ആയി.


എനിക്ക് സമീപം നിക്കുന്ന സതീഷ്‌ കണ്ണ് പൊത്തി വല്യ വായില്‍ കരയാന്‍ തുടങ്ങിയിരിക്കുന്നു. അന്തം വിട്ടു നിക്കുന്ന എന്നോട് അവന്‍ മെല്ലെ പറഞ്ഞു.


"കരയുന്ന പോലെ കാണിക്കട  മൈ@@, ഇല്ലെങ്കില്‍ ഇടി നമ്മുക്കും കിട്ടും."


അരുണ്‍ അവിടെ അനുഭവിച്ച ഇടിയെക്കാള്‍ വേദന സതീഷിന്‍റെ വാക്കുകള്‍ എനിക്ക്സമ്മാനിച്ചു. ലോകം എത്ര വക്രത നിറഞ്ഞതാണെന്ന് ഞാന്‍ മനസ്സിലാക്കിയ നിമിഷങ്ങള്‍;. സ്വന്തം നേട്ടത്തിനായി ലോകത്തെ എല്ലാ പാതകങ്ങളും മറ്റുള്ളവന്‍റെ തലയില്‍ കെട്ടി വെക്കാന്‍ മടികാട്ടാത്ത സമൂഹം; നിരപാരധി നരകത്തീയില്‍ വെന്തുരുകുമ്പോള്‍ അവന്‍റെ ശരീരത്തില്‍ നിന്നും ഉരുകി ഇറങ്ങുന്ന നെയ്യ്‌ കച്ചവടം ആക്കാന്‍ പോലും മടിക്കാത്ത സമൂഹം. സൗഹൃദം-സാഹോദര്യം എന്നീ വാക്കുകള്‍ വെറും നേരംപോക്ക് മാത്രം ആയി  കാണുന്ന സമൂഹം. ഫ്രണ്ട്ഷിപ്പിലെ ആത്മാര്‍ഥത എന്നത് ഫേസ്ബുക്ക് പോസ്റ്റിനും സ്റ്റാറ്റസ് അപ്പ്‌ഡേറ്റിനും കിട്ടുന്ന ലൈക്‌ ആന്‍ഡ്‌ കമന്റ്‌ വെച്ച് മാത്രം അളക്കുന്ന ഒരു സമൂഹം. ജീവിതം വെറുത്തു പോകുന്ന നിമിഷങ്ങള്‍.


അരുണിനെ ഇടിച്ച് മൂലയില്‍ ആക്കിയിട്ട് ചെയര്‍മാന്‍ അടുത്ത തീരുമാനം അറിയിച്ചു.


"വിഗ്നേഷ് ആന്‍ഡ്‌ അരുണ്‍ വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കള്‍ വരാന്‍ പറയുക."


അന്വേഷണ പ്രഹസനം കഴിഞ്ഞിരിക്കുന്നു. സൂര്യന്‍ അസ്തമിച്ചുദിച്ചു. എന്‍റെ അച്ഛനുമമ്മയും എനിക്കൊപ്പം ആ വരാന്തയില്‍ കാത്തുനില്‍പ്പ് തുടങ്ങി. സമയം മെല്ലെ ഇഴഞ്ഞ് നീങ്ങി. അച്ഛനെ പ്രിന്‍സിപ്പാള്‍  അകത്തേക്ക് വിളിച്ചു. അമ്മയെ അഭിമുഖീകരിക്കാന്‍ എനിക്ക് പ്രയാസം അനുഭവപ്പെട്ടു. ഇത്രയും നാള്‍ എന്‍റെ പഠനമികവില്‍ അമ്മ അഭിമാനം കൊണ്ടിരുന്നു, ഇന്നിപ്പോള്‍ എന്നെ പോലെ ഒരു മകന് ജന്മം കൊടുത്തതിനു പുച്ഛത്തോടെ ആളുകള്‍ നോക്കുന്നു. അമ്മയുടെ കൈ ഞാന്‍ കടന്നു പിടിച്ചു. നിരപരാധി ആണെന്ന് അമ്മയോട് മനസ്സില്‍ ആയിരം തവണ  പറഞ്ഞു.അല്‍പസമയം കഴിഞ്ഞ് എന്നെ 
അകത്തേക്ക് വിളിപ്പിച്ചു. അമ്മയും കൂടെ വന്നു.


പ്രിന്‍സിപ്പാള്‍ റൂമില്‍ അച്ഛന് ഒപ്പം അമ്മയും ഇരുന്നു, എന്നെ നോക്കി ഈ ലോകത്തെ സകല പുച്ഛവും മുഖത്ത് ആവാഹിച്ച് പ്രിന്‍സിപ്പാള്‍ തുടര്‍ന്നു.


"ഇവനെ പോലെ ഒരു തല തെറിച്ചവനെ പോലീസില്‍ കൊടുക്കുകയാണ് വേണ്ടത്? ഇവനെ ഒക്കെ  വളര്‍ത്തി വിടുന്ന വീട്ടുകാരെ തന്നെയാണ് പറയണ്ടത്" 
എന്നും നിവര്‍ന്നു തന്നെ നിന്ന എന്‍റെ അച്ഛന്‍റെ ശിരസ്സ് ആദ്യമായി കുനിഞ്ഞു, അതും ഈ ഞാന്‍ കാരണം. മേശ വലിപ്പില്‍ നിന്ന് ഒരു കവര്‍ എടുത്ത് അദ്ദേഹം തുടര്‍ന്നു 


"ഇവന്‍ ലാസ്റ്റ്‌ ഇയര്‍ കാട്ടി കൂട്ടിയ കാര്യങ്ങളും അതിന്‍റെ അപോളജി 
ലെറ്റര്‍സും ആണീക്കാണുന്നത്.  പോരാത്തതിന് സപ്ലികള്‍ 6. ഇനി ഇവനെ വെറുതെ വിടാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടില്ല. പുറത്തു വെയിറ്റ് ചെയ്യു. തീരുമാനം ഉടന്‍ അറിയിക്കാം"


പ്രിന്‍സിപ്പാള്‍ തായുമാനവന്‍ സര്‍ എന്നെ കൊണ്ട് സഹികെട്ടിരിക്കുന്നു. ഉടന്‍ നല്ല ഒരു വിധി പ്രതീക്ഷിക്കാം. പുറത്ത് കാത്ത് നിന്ന ഞങ്ങളെ തേടി ഒരു കവര്‍ എത്തി. അച്ഛന് ഒന്ന് എനിക്ക് ഒന്ന്. സൈന്‍ ചെയ്തു ഞങ്ങള്‍ അത് വാങ്ങി. ആ കവര്‍ ഞാന്‍ പൊട്ടിച്ചു.


'Vigensh J from second year Biomedical Engineering is  found guilty in ragging and he has been suspended from the college for one full academic year with immediate effect.
                                                                                                Thanking you
                                                                                                   Principal


ഒരുപാട് പ്രതീക്ഷയോടെ എന്നെ പഠിക്കാന്‍ വിട്ട വീട്ടുകാര്‍ക്ക് കോളേജ്കാര്‍ വിളിച്ചു നല്‍കിയിരിക്കുന്നു; മകന്‍റെ മഹത്വം വിളിച്ചു കാണിക്കുന്ന സര്‍ടിഫികേറ്റ്. മകനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ അമ്മക്ക് കരച്ചില്‍ നിയന്ത്രിക്കാനായില്ല. അച്ഛന്‍റെ മുഖത്തെ ഉന്മേഷം മെല്ലെ നഷ്ടം ആയികൊണ്ടേയിരിക്കുന്നു. എങ്കിലും സംയമനം കളയാതെ അച്ഛന്‍ അടുത്ത് വന്നു.


"പോയി ഹോസ്റ്റലില്‍ നിന്ന് എടുകണ്ടതെല്ലാം എടുക്ക്. നമുക്ക്‌ വേഗം നാട്ടില്‍ എത്തണം."


എല്ലാം എടുത്ത് ഞങ്ങള്‍ ആ കോളേജ് പടി ഇറങ്ങി. യാത്ര ആക്കാന്‍ എന്‍റെ സഹപാഠികള്‍ കണ്ണീര്‍ വാര്‍ത്ത് ഗേറ്റ് വരെ എത്തി. പക്ഷെ 4-5  കണ്ണുകളില്‍ ഒഴിച്ച് വേറൊരു കണ്ണിലും എനിക്ക് ആത്മാര്‍ത്ഥമായ സ്നേഹം കാണാന്‍ സാധിച്ചില്ല. ഓരോ മുഖത്തിന്‍റെ പിന്നിലും ഒറ്റുകാരും ചതിയന്മാരും എല്ലാം പതിയിരിക്കുന്നു, ഇത് ഒന്നും മനസ്സിലാക്കാതെ എല്ലാരും നമ്മടെ സ്വന്തം എന്ന് വിചാരിച്ച് പ്രവര്‍ത്തിക്കുന്നവന് നാളെ ലഭിക്കുന്നത് കുറ്റപ്പെടുത്തല്‍ മാത്രം.


 ഒരുപാട് സ്വപ്നങ്ങളും ആയി  ഈ കലാലയത്തില്‍ എത്തി എന്നാല്‍ ഇപ്പോള്‍ എല്ലാവരാലും വെറുക്കപെട്ട് ആ കോളേജ് കണ്ടതിലും വെച്ചേറ്റവും വല്യ തെമ്മാടി പട്ടവും വാങ്ങി, ജീവിത യാഥാര്‍ത്ഥ്യം തിരിച്ച് അറിഞ്ഞുകൊണ്ട് പടി ഇറങ്ങുന്നു. പഠിച്ച സ്ഥലത്ത് എല്ലാം ഞാന്‍ വെറും ഒരു പഠിപിസ്റ്റ് ആയി ഒതുങ്ങിയിരുന്നില്ല. അടിയിലും ഇടിയിലും എല്ലാം ഉണ്ടായിരുന്നു പക്ഷെ എവിടെ നിന്നും 'ചീത്ത കുട്ടി 'എന്ന് പറയിച്ച് ഇറങ്ങണ്ടി വന്നിട്ടില്ല . എന്നാല്‍ ഈ കലാലയത്തില്‍ എത്തിയപ്പോള്‍ 'തെമ്മാടി' പട്ടം സ്വീകരിച്ച് പടി ഇറങ്ങുന്നു. ഇന്ന് വരെ പരിചിതം അല്ലാത്ത അനുഭവം. വിദ്യ മുടങ്ങിയിരിക്കുന്നു ഒരു പക്ഷെ എന്‍റെ ജീവിതം വരെ വഴി മുട്ടിയിരിക്കുന്നു. ഇനി എന്ത് എന്നുള്ള ചോദ്യം മുന്നില്‍ നില്‍ക്കുന്നു. ഒരു വര്‍ഷത്തിനു ശേഷം ആ കോളേജില്‍ മടങ്ങി എത്തി ജൂനിയര്‍ കുട്ടികള്‍ക്ക് ഒപ്പം ക്ലാസ്സില്‍ ഇരുന്ന് പഠിക്കാം അല്ലെങ്കില്‍ TC വാങ്ങി വീട്ടുകാര്‍ പറയുന്ന ഏതെങ്കിലും കോളേജില്‍ ചേരുക. തിരികെ ഞാന്‍ ജോയിന്‍ ചെയ്താലും ഇനിയും അവര്‍ എന്നെ കുടുക്കും. ഡിസ്മിസ് ആയിരിക്കും അവര്‍ക്ക് അടുത്ത ലക്ഷ്യം.


ഇന്ന് വരെ തോല്‍വി സമ്മതിക്കാന്‍ എന്‍റെ മനസ്സ് പഠിച്ചിട്ടില്ല. പ്രതികൂല സാഹചര്യത്തില്‍ ജയിക്കുന്നത് ആണ് മഹത്വം ഏറിയ വിജയം. വെറുതെ പഠിച്ച് പാസ് ആയി എന്ന് പറയുന്നതിലും മഹത്വം സാഹചര്യങ്ങളോട് പട പൊരുതി പഠിച്ച് ജയിച്ചു എന്നതില്‍ തന്നെ. തെമ്മാടിയില്‍ നിന്നും മിടുക്കന്‍ എന്ന പദത്തിലേക്ക് ഉള്ള ദൂരം എന്‍റെ ഒരു തീരുമാനത്തെ മാത്രം ആശ്രയിച്ച് ഇരിക്കുന്നു.


കട്ടില്‍ വിട്ട് എഴുനേറ്റു. നഷ്ടപെട്ട പുഞ്ചിരി മുഖത്ത് തെളിഞ്ഞു. റൂം വിട്ട് പുറത്തേക്ക് ഇറങ്ങി. സിറ്റ് ഔട്ടില്‍ ചെന്ന് അച്ഛന്‍റെയും അമ്മയുടെയും നടുക്ക് ആയി ഇരുന്നു. രണ്ട് പെരുടെം കൈ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ പറഞ്ഞു


"Decided. I will go back and will prove, who I am. മടങ്ങി പോകും അടുത്ത വര്‍ഷം; കാട്ടികൊടുക്കാന്‍, തെമ്മടിക്കുള്ളിലെ മിടുക്കനെ. ഇങ്ങനെ ഒരു മകനെ വളര്‍ത്തിയത്‌ അച്ഛന്‍റെയോ അമ്മയുടെയോ തെറ്റല്ല മറിച് ശരി ആയിരുന്നു എന്ന് പ്രൂവ് ചെയ്യാന്‍,. ഞാന്‍ പോകും"


ഞെട്ടലോടെ അമ്മയും പുഞ്ചിരിയോടെ അച്ഛനും എന്‍റെ നെറുകയില്‍ മെല്ലെ തലോടി. ആ തലോടല്‍ നിറയെ കളങ്കമില്ലാത്ത സ്നേഹത്തിന്‍റെ കുളിര്‍മഴ ആയിരുന്നു. കൂട്ടുകാരുടെ കപട സ്നേഹം സമ്മാനിച്ച നരക തീ അണക്കാന്‍ ആയി എന്നില്‍ ചൊരിഞ്ഞ മാതൃ-പിതൃ സ്നേഹത്തിന്‍റെ  കുളിര്‍മഴ.
                                                                                      

Sunday, June 17, 2012

പുണ്യാഹം

ആദ്യമായി എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു . ഒരുപാട് നാള്‍ ആയി ഇവിടെ എന്തെങ്കിലും എഴിതിയിട്ട്. പരീക്ഷയും അസൈന്‍മെണ്ടും കൂടി ശ്വാസം മുട്ടിക്കുക ആയിരുന്നു. ഇനി ഇപ്പോള്‍ പ്രൊജക്റ്റ്‌ ടൈം ആണ്. എങ്കിലും എന്തെങ്കിലും എഴുതാന്‍ സമയം കിട്ടും. ഒരുവട്ടം കൂടി മാപ്പ് ചോദിച്ച്‌ കൊണ്ട് ഞാന്‍ തുടങ്ങട്ടെ......
           *****************************************************************
ഇന്ത്യയിലെ മഹത്തായ യൂണിവേര്‍സിറ്റികളില്‍  ഒന്നായ അണ്ണാ യൂണിവേര്‍സിറ്റിയുടെ എക്സാം കന്ട്രോള്‍ ഓഫീസില്‍ നിന്ന് പുറത്തു  ഇറങ്ങുമ്പോള്‍ മനസ് ആകെ നീറുകയായിരുന്നു. ഓഫീസ് പാതയില്‍ പ്രതിഷ്ടിച്ചിരിക്കുന്ന നവ-ഗ്രഹ വിഗ്രഹത്തില്‍ ഒരു നിമിഷം നോക്കി നിന്നപ്പോള്‍ ഉള്ളിലെ ദുഃഖങ്ങള്‍ കാര്‍മേഘമായി ദൃഷ്ടിയെ മറച്ചു. എന്‍റെ ഉള്ളിലെ തീ അണക്കാനായി അവ ജലകണികകളായി  കവിളിലൂടെ പെയ്തിറങ്ങുന്നത് ഞാന്‍ അറിഞ്ഞു.  കണ്ണുകള്‍ തുടച്ച്‌ യൂണിവേര്‍സിറ്റി കവാടം കടന്ന് അടുത്തതായി വന്ന ബസില്‍ കയറി ഗിണ്ടി റെയില്‍വേ സ്റ്റേഷനിലിറങ്ങി സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പോകാന്‍ പാര്‍ക്ക്‌ സ്റ്റേഷന്‍ വരെ പോകുന്ന ട്രെയിനില്‍ കയറി ഇരുന്നപ്പോള്‍ ഉള്ളില്‍ ഒരായിരം ഓര്‍മ്മകള്‍ നിറഞ്ഞു.

ഒരുപാട് പ്രതീക്ഷകളോടെ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന കാലം. ഹോസ്റ്റല്‍ റൂമിന്‍റെ ഉള്ളില്‍ നിന്ന് തുടങ്ങിയ സൗഹൃദങ്ങള്‍;  ആദ്യമായി രക്ഷിതാക്കളെ വിട്ട്‌ മാറി നിക്കുന്ന കുറെ കുട്ടികളില്‍ ഒരുവന്‍ ആയി ഈ ഞാനും. ആ സൗഹൃദങ്ങള്‍ മെല്ലെ വളര്‍ന്നു. പരസ്പര വിശ്വാസത്തില്‍ അധിഷ്ടിതമായ സൗഹൃദങ്ങള്‍; എനിക്ക് ഒരു ആവശ്യം വന്നാല്‍ എന്‍റെ ബാച്ച് മുഴുവന്‍ എനിക്ക് ഒപ്പം ഉണ്ടാകുമെന്ന  മിഥ്യാ ധാരണയുംപേറി സുഹൃത്തുകള്‍ക്കൊപ്പം ഞാന്‍ പറന്നുനടന്നു. മറ്റുള്ള ബാച്ച് എല്ലാം ഞങ്ങളുടെ അടിമകള്‍ എന്ന് തെളിയിക്കാന്‍ ആയി സാഹസികത മുഖമുദ്ര ആക്കി ഞങ്ങള്‍ പലതും കാണിച്ചു. സീനിയെര്‍ വിദ്യാര്‍ത്ഥികളെ അടിച്ചും, ജൂനിയര്‍ വിദ്യാര്‍ത്ഥികളെ ദ്രോഹിച്ചും, മദിച്ച് നടന്ന സമയം; കഴുത്തില്‍ പിടി വീണത്‌ മാത്രം അറിഞ്ഞില്ല; അതും ചെയാത്ത തെറ്റിന്! തിരിഞ്ഞു നോക്കിയപ്പോള്‍ ഒപ്പം ഉണ്ടാകും എന്ന് കരുതിയ, കുടുംബക്കാര്‍ എന്ന് ഞാന്‍ വിശ്വസിച്ച, എന്‍റെ സഹപാഠികള്‍, സ്വയ രക്ഷക്കായി എന്നെ തന്നെ ചൂണ്ടി കാട്ടി രംഗം ഒഴിയുന്ന മനോഹരമായ ചിത്രം മനസ്സില്‍ ഇന്നും ഒളിമങ്ങാതെ കിടക്കുന്നു. ആദ്യ വര്‍ഷ 'വിദ്യാര്‍ഥികളെ റാഗ് ചെയ്തു' എന്ന കുറ്റം ആരോപിച്ച് ധനലക്ഷ്മി ശ്രിനിവാസന്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് എന്നെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു, അതും ഒരു അദ്ധ്യായന വര്‍ഷത്തേക്ക്. അതായതു ഇനി ഞാന്‍ പഠിക്കണ്ടത് എന്‍റെ ജൂനിയര്‍ സടുടെന്‍സിനൊപ്പം!!  തടസമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്ന  എന്‍റെ വിദ്യാഭ്യാസ യാത്ര താല്‍കാലികമായി നിന്നിരിക്കുന്നു. 

അതെ!! നിന്നിരിക്കുന്നു... ഓര്‍മകള്‍ക്ക് ഒപ്പം ട്രെയിനും നിന്നിരിക്കുന്നു. പാര്‍ക്ക്‌ സ്റ്റേഷന്‍, ഇനി നടക്കണം ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ വരെ. ഇനി പുനരാരംഭിക്കാം യാത്രയും ഓര്‍മകളും. റോഡിനപ്പുറത്ത് എനിക്ക് കാണാം : ആ ചുവന്ന കോട്ട. സിനിമകളില്‍ നായകന്‍ ചെന്നൈ എത്തി എന്ന് അറിയിക്കാന്‍ ആയി കാട്ടുന്ന ആ സുപരിചിതമായ ചുവപ്പ് കോട്ട, 'ചെന്നൈ സെന്‍ട്രല്‍' . ഞാനും എന്‍റെ ചുവപ്പ് കോട്ട തേടി ഉള്ള യാത്രയില്‍ ആയിരുന്നു. വിദ്യാഭ്യസം ആണ് എന്‍റെ ചുവപ്പുകോട്ടയിലേക്കുള്ള വഴി എന്ന് അറിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ഞാന്‍ വീണ്ടും ആ കോളേജില്‍ മടങ്ങി എത്തി. ജൂനിയര്‍ സ്ടുടെന്‍സിനൊപ്പം അവരില്‍ ഒരാള്‍ ആയി ഇരുന്ന് പഠിച്ച് ഞാനും പാസ്‌ ആയി. എന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍ ആ കോളേജില്‍ നിന്ന് ഡി-ബാര്‍ വാങ്ങിയ ശേഷം തിരിച്ച് വന്ന് 8th സെമ്മില്‍ തന്നെ എല്ലാ പേപ്പറും ക്ലിയര്‍ ആക്കി എഞ്ചിനീയര്‍ ആയ ആദ്യ സ്റ്റുടന്‍റ്. സന്തോഷം ആയിരുന്നു മനസ് നിറയെ പക്ഷെ അത് ഇത്ര വേഗം ദുഃഖം ആയി തീരും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിചിരുന്നില്ല.

യൂണിവേര്‍സിറ്റിയില്‍ നിന്ന് എല്ലാവരുടേയും സര്‍ട്ടിഫിക്കറ്റ് വന്നിരിക്കുന്നു. എന്നാല്‍ എനിക്ക് മാത്രം വന്നിട്ടില്ല. കോളേജില്‍ വിളിച്ച് ചോദിക്കാന്‍ തുടങ്ങിയിട്ട് മാസം 6 കഴിഞ്ഞു. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് സമയം കളയാന്‍ തുടങ്ങിയിട്ട് 6 മാസങ്ങള്‍. ഇപ്പോള്‍ എനിക്ക് ആ    സര്‍ട്ടിഫിക്കറ്റ്  അത്യാവശ്യം ആയിരിക്കുന്നു. ഇഗ്ലണ്ടില്‍ ഹയര്‍  സ്റ്റഡിക്ക് അഡ്മിഷന്‍ കിട്ടിയിരിക്കുന്നു. വിസ പ്രോസിസ്സിംഗ് തുടങ്ങാന്‍ സമയവും ആയി, പക്ഷെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എനിക്ക് പോകാന്‍ ആവില്ല. ഇപ്പോള്‍  യൂണിവേര്‍സിറ്റി പറയുന്നു സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ഇനിയും 2 മാസം എടുക്കുമെന്ന്. സസ്പെന്‍ഷന്‍ വാങ്ങി ഇടയ്ക്കു പുറത്ത് പോയവര്‍ക്ക് സര്‍ട്ടിഫിക്കററ് തരാന്‍ ചില നൂലാമാലകള്‍ ഉണ്ട് പോലും. അതായതു ഗ്രാജുവേഷെന്‍ സെറിമണിയില്‍ ആ കറുത്ത കോട്ട് ഇട്ടു സര്‍ട്ടിഫിക്കറ്റ് വാങ്ങുക എന്ന എന്‍റെ ആഗ്രഹം ഇനി നടക്കില്ല. ചിലപ്പോള്‍ കിട്ടിയ അഡ്മിഷന്‍ പോലും എനിക്ക് നഷ്ടമായേക്കാം. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ കിട്ടിയ ആ സസ്‌പെന്‍ഷന്‍ ഇന്നാണ് എന്‍റെ ജീവിതത്തില്‍ 'ഇടിത്തീ' ആയി പതിച്ചിരിക്കുന്നത്. 

"ഇതിനും മാത്രം വിഷമിപ്പികാന്‍ ഈശ്വര ഞാന്‍ ഇത്ര പാപി ആണോ? എനിക്ക് ഒന്നിന് പിറകെ ഒന്നായി നീ ദുഃഖങ്ങള്‍ തരുന്നു... എന്ത് കൊണ്ട് ഒരുതവണ പോലും നീ എന്നോട് കരുണ കാട്ടുന്നില്ല? എന്തിനാണ് എന്നെ ഇങ്ങനെ വെറുതെ ഈ മഹാ നഗരത്തില്‍ ഇടയ്ക്കു ഇടയ്ക്കു വരുത്തുന്നത്?  എന്‍റെ അത്രയും ദുഃഖങ്ങള്‍ ഈ ലോകത്ത് മറ്റൊരാള്‍ക്കും ഉണ്ടാകില്ല... നീ എന്തിനു എന്നെ ഇങ്ങനെ പരീക്ഷിച്ച് ദ്രോഹിക്കുന്നു.... നിനക്ക് ഇതുവരെ എന്നെ വേദനിപ്പിച്ചു മതിയായില്ലെ?" ഒരായിരം ചോദ്യ ശരങ്ങള്‍ ഒറ്റ ശ്വാസത്തില്‍ ഞാന്‍ സര്‍വ ശക്തനായ ഭഗവാന് നേര്‍ക്ക്‌ തൊടുത്തു. ദൈവം പോലും വിചാരിച്ചു കാണില്ല ഈ വന്യമായ ആക്രമണം.

ഒരു ദാഹം.... ചുണ്ടുകള്‍ വരണ്ട് ഉണങ്ങിയിരിക്കുന്നു. ഇപ്പോള്‍ തോന്നിയ ഈ ദാഹം സ്ഥലകാല ബോധം തിരികെ തന്നിരിക്കുന്നു. പ്ലാറ്റ്ഫോം നമ്പര്‍ 3ല്‍ തന്നെ ആണ് ഞാന്‍. ചെന്നൈ മെയില്‍ വന്ന് നിക്കുന്ന പ്ലാറ്റ്ഫോം. ചിന്തകള്‍ എങ്ങോ ആയിരുനെങ്കിലും കാലുകള്‍ എന്നെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിച്ചിരിക്കുന്നു. ചുറ്റും നോക്കി ഒരു കടക്ക് വേണ്ടി, ഭാഗ്യം! പ്ലാറ്റ്ഫോമില്‍ തന്നെ ഒരു കടകാണുന്നു. അവിടുന്ന്‍ ഒരു കുപ്പി വെള്ളം വാങ്ങാം. മെല്ലെ കടയിലേക്ക് നടന്നു. 

"അണ്ണ, ഒരു ബാട്ടില്‍ തണ്ണി കൊടുന്ഗ" അവശ്യം അറിയിക്കുമ്പോള്‍  മനസിലെ ദുഖത്തെ വിസ്മൃതിയില്‍ ആക്കികൊണ്ട് ആ കടയില്‍ നിന്നും നല്ല ബിരിയാണിയുടെ മണം എന്‍റെ നാസാരന്ധ്രങ്ങളെ ത്രസിപ്പിച്ചു. കുഞ്ഞി കട ആണെങ്കിലും ബിരിയാണിയും ലഖു ഭക്ഷണങ്ങളും അടക്കം എല്ലാം അവിടെ ഉണ്ട്. വൃതം ആയി പോയി അല്ലെങ്കില്‍ ഒന്ന് രുചിക്കാമായിരുന്നു. പലരും അവിടെ നിന്ന് വാങ്ങുന്നുണ്ട് ഭക്ഷണം, സാമാന്യം നല്ല ബിസിനസ്‌ ഉള്ള കട. വെള്ളം കയ്യില്‍കിട്ടി. കാശ് കൊടുത്തിട്ട് വെള്ളം കുടിക്കാന്‍ ഒരുങ്ങിയപ്പോള്‍  ആണ് വായിലെ ബബിള്‍ ഗം ഓര്‍മ്മ വന്നത്. അടുത്ത് വെച്ചിരിക്കുന്ന വേസ്റ്റ് ബിന്നിലേക്ക് അത് തുപ്പിയ ശേഷം ഒരു കവിള്‍ വെള്ളം ഇറക്കി.  ബിരിയാണി നല്‍കിയ മനോഹരമായ മണം കാറ്റില്‍ പറത്തിക്കൊണ്ട് അടുത്ത നിമിഷം എന്‍റെ മൂക്കിലേക്ക് മുഷിഞ്ഞു നാറിയ ഒരു മണം  തുളച്ചു കയറി.  അറിയാതെ എന്‍റെ കൈകള്‍ മൂക്കിന്‍റെ സംരക്ഷണം ഏറ്റെടുത്തു. വലത് വശത്തേക്ക് തിരിഞ്ഞ എനിക്ക് ആ കാഴ്ച കണ്ട് തോന്നിയത്‌ അറപ്പയിരുന്നു.

മുഷിഞ്ഞു നാറിയ വസ്ത്രത്തില്‍ ഒരു കൗമാരക്കാരന്‍; അവന്‍റെ വസ്ത്രങ്ങളിലെ ചെളിക്ക് അവനോളം പഴക്കം കാണും. മുഖത്ത് നോക്കിയാല്‍ അവന്‍ കഴിഞ്ഞ 3 ദിവസങ്ങളില്‍ എന്തൊക്കെ കഴിച്ചു എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും. കണ്ണിലേക്ക് പാറി ഇറങ്ങുന്ന മുടികള്‍ക്ക് ചെമ്പിന്‍റെ നിറം. കൈല്‍ അങ്ങും ഇങ്ങും ഉണങ്ങിയതും ഉണങ്ങാത്തതും ആയ ചെറിയ ചെറിയ മുറിവുകള്‍. ചില മുറിവുകള്‍  പട്ടി കടിച്ചതോ, മാന്തിയതോ മൂലം ഉണ്ടായവ ആണോ എന്നുള്ള ഒരു സന്ദേഹം ആരിലുമുണ്ടാക്കും. കീറിയ മുണ്ടില്‍, പതിയിരിക്കുന്ന രക്ത കറയും ചെളിയും തമ്മില്‍ തിരിച്ചറിയാന്‍ ചിലപ്പോള്‍ ഒരു ലാബ് ടെസ്റ്റ്‌ തന്നെ നടത്തേണ്ടി വരുമെന്ന് എനിക്ക് തോന്നിപ്പോയി. എല്ലാം കൊണ്ടും വെറുപ്പ്‌ ഉളവാക്കുന്ന ഒരു രൂപം. അവന് കൂട്ടായി ഒരു നായികുട്ടി വാലും ആട്ടി കൂടെ... 

ഇവന്‍ എന്‍റെ ശരീരത്തില്‍ തൊട്ടാല്‍ ഒരു പക്ഷെ ട്രെയിനില്‍ കയറും മുന്‍പ്‌ എനിക്ക് കുളിക്കണ്ടി വരും. ഇപ്പോള്‍ അതിനുള്ള സമയമില്ല. ഒരു രീതിക്കും അവനും ആയി സ്പര്‍ശനത്തില്‍ വരാതെ ഇരിക്കാന്‍ എന്‍റെ കാലുകള്‍ മെല്ലെ പിന്നിലേക്ക്‌ ചലിച്ചു. ആ രൂപം വീണ്ടും അടുത്ത് വരുകയാണ്. എല്ലാവരും ഇപ്പോള്‍ അവനെ തന്നെ ആണ് നോക്കുന്നത്. അവന്‍ അടുത്തേക്ക് വരല്ലെ എന്ന് ഒരു നിമിഷം ഞാനും ആഗ്രഹിച്ചു. അവന്‍ അടുത്തേക്ക് വന്നില്ല. പകരം അവിടെ വെച്ചിരുന്ന, ഞാന്‍ തുപ്പിയ ആ വേസ്റ്റ് ബിന്നിലേക്ക് അവന്‍ കൈ ഇട്ടു. ആരോ ബിരിയാണി കഴിച്ച് ഉപേക്ഷിച്ചുപോയ പേപ്പര്‍ പ്ലേറ്റ് അതില്‍ നിന്നും അവന്‍ കോരി എടുത്തു. മാംസം മുഴുവന്‍ കടിച്ചു തിന്നിട്ട് ചപ്പിയിട്ടുപേക്ഷിച്ച ഒരു എല്ലിന്‍കഷണം അവന്‍ അതില്‍ നിന്നും എടുത്തു. ഇപ്പോള്‍ അവന്‍റെ കണ്ണില്‍ എനിക്ക് കാണാന്‍ കഴിയുന്നത് ലോകത്തെ എല്ലാ സൗഭാഗ്യങ്ങളേയും, അഷ്ടലക്ഷ്മികളേയും  പരിചാരകരായി കിട്ടിയ ചക്രവര്‍ത്തിയുടെ കണ്ണുകളിലെ തിളക്കമാണ്. കൊതിയോടെ അവന്‍ അത് എടുത്ത് ചുണ്ടോടുചേര്‍ത്ത് മെല്ലെ രുചിയോടെ നുണഞ്ഞു. ഒരു നിമിഷം കൊണ്ട് എന്‍റെ ഹൃദയം തകര്‍ന്നു പോയി. കാമവും ലോഭവും മനുഷ്യനെ മൃഗ തുല്യന്‍ ആക്കാറുണ്ട് എന്ന് കേട്ടിടുണ്ട്, പക്ഷെ ഇപ്പോള്‍ ഞാന്‍ കണ്ടത്‌ വിശപ്പ് ഒരു മനുഷ്യനെ മൃഗ തുല്യന്‍ ആക്കിയിരിക്കുന്നതാണ്. അവന്‍റെ സ്വഭാവം അല്ല മറിച്ച് അവന്‍റെ ജീവിതം തന്നെ മൃഗ തുല്യം ആയിരിക്കുന്നു. വിശപ്പ് അവനെ ഒരു ശുനക ജീവിതം നയിക്കാന്‍ നിര്‍ബന്ധിച്ചിരിക്കുന്നു. ഒരു സഹോദരന്‍ മറ്റുള്ളവരുടെ എച്ചില്‍ തിന്ന് ജീവിക്കുന്നത് കണ്ണില്‍ കാണണ്ടി വന്നതിലും വല്യ ദുഃഖം ഒന്നിനുമില്ലായെന്ന്‍ എന്‍റെ മനസ് എന്നോട് മന്ത്രിച്ചു.

സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ എനിക്ക് ഒരു നിമിഷം വേണ്ടിവന്നു. എന്‍റെ കാലുകള്‍ ഇപ്പോള്‍ അവന് നേരെ ആണ് ചലിക്കുന്നത്. അവന്‍റെ അടുത്ത് എത്തി ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ഞാന്‍ തുടര്‍ന്നു. "തമ്പി അതേ കീള പൊടു തമ്പി. ഉനക്ക്‌ നാന്‍ പുതു ബിരിയാണി വാങ്ങിതരെ. കടവുളേ നിനച്ചു കീളെ പോടഡാ"

ഞാന്‍ പറഞ്ഞത്‌ മനസിലാകാത്തവനെ പോലെ അവന്‍ മെല്ലെ പിന്നിലേക്ക്‌ മാറി. ഒരു മന്ദബുദ്ധിയെ പോലെ അവ്യക്തമായ രീതിക്ക് എന്തൊക്കെയോ പുലമ്പി അവന്‍ വീണ്ടും ആ എല്ല് രുചിച്ചു. അടുത്ത നിമിഷം ആ കടയിലേക്ക് തിരിഞ്ഞ് ഒരു പൊതി ബിരിയാണി ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ബലമായി അവനെ കടന്നു പിടിച്ച് അവന്‍റെ കൈയില്‍ നിന്ന് ആ എല്ലിന്‍ കഷ്ണം ഞാന്‍ പിടിച്ചെടുത്തു. അമ്പരന്നുപോയ അവന്‍റെ മുന്നിലേക്ക്‌ ആ പുതിയ ബിരിയാണി പാക്കറ്റ്‌ ഞാന്‍ നീട്ടി. അവന്‍ അത് വാങ്ങി അടുത്ത പ്ലാട്ഫോര്‍മിലേക്ക് നീങ്ങി. അവിടെ നിലത്ത് ഇരുന്ന അവന്‍ ആദ്യം അതില്‍ നിന്ന് ചിക്കന്‍ കഷ്ണം എടുത്തു അവന്‍റെ പട്ടിക്ക് നല്‍കി. ബുധിയില്ലായ്മയിലും വിശപ്പിലും അവന്‍ അവന്‍റെ ഉറ്റ ചങ്ങാതിയെ മറന്നില്ല.  വേഗം കൈയില്‍ ഇരുന്ന വെള്ളകുപ്പി ഞാന്‍ അവന് നല്‍കി. അതും അവന്‍ വാങ്ങി. എന്തോ ഒരു സന്തോഷം ഇപ്പോള്‍ എന്‍റെ മനസ്സില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു. 

'ടപ്പെ' ഒരു അടി ശബ്ദം എന്‍റെ കാതുകളില്‍ മുഴങ്ങി ഒപ്പം ആ അനാഥന്‍റെ ഒരു രോദനവും. ആക്രോശിച്ചു കൊണ്ട് മുന്നില്‍ റെയില്‍വേ പോലീസ്; "വാട്ട്‌ ദി ഹെല്‍ ആര്‍ യു ടൂയിംഗ്?" എന്ന് ചോദിച്ച എന്നെ കണ്ണുരുട്ടി കാട്ടി ആ പോലീസ് ഏമാന്‍ വീണ്ടും അവനെ ലാത്തിക്ക് കുത്തി. ഒരു അനാഥനെ ഒരു നേരത്തെ ആഹാരം കഴിക്കാന്‍ സമ്മതിക്കാതെ അയാള്‍ അയാളുടെ ഡ്യൂട്ടി ചെയുന്നു. നോക്കി നില്‍ക്കെ ആ പയ്യന്‍ പൊതിയും വാരി എടുത്തു ഓടി; കൂടെ അവന്‍റെ പട്ടികുട്ടിയും. ഓടുന്ന അവന്‍റെ കൈല്‍നിന്നും ചിക്കന്‍ കഷണം തെറിച്ചു വീണു. മിന്നല്‍ പോലെ അത് എടുത്ത് വീണ്ടും മാറോടുചേര്‍ത്തവന്‍ ഓടി, ആള്‍ക്കൂട്ടത്തിലേക്ക്. അവന്‍ കണ്ണില്‍ നിന്ന് മറയും വരെ ഞാന്‍ ഇമ ചിമ്മാതെ നോക്കി നിന്നു. എവിടെയോ അവന്‍ മറഞ്ഞു. വലിയ എന്തോ കര്‍ത്തവ്യം പൂര്‍ത്തീകരിച്ച ഭാവത്തോടെ ആ പോലീസ് കാരന്‍ മെല്ലെ നടന്നു നീങ്ങി. ആ പയ്യന്‍ ഇരുന്ന സ്ഥലത്ത് വെള്ളകുപ്പി വീണ് നനഞ്ഞിരിക്കുന്നു. എനിക്ക് അത് അവന്‍റെ പക്വത ഇല്ലാത്ത മനസ്സില്‍നിന്നും പൊടിഞ്ഞ കണ്ണീര്‍ ആയി തോന്നി. ഏതു മനസാക്ഷിയേയും ഉരുക്കാന്‍ ശക്തി ഉള്ള അവന്‍റെ കണ്ണീര്‍!

ട്രെയിനിന്‍റെ കൂകല്‍ എന്‍റെ കാതുകളില്‍ മുഴങ്ങി. ട്രെയിന്‍ പോകാന്‍ ടൈം ആയിരിക്കുന്നു. മെല്ലെ എന്‍റെ കമ്പാര്‍ട്ട്മെന്‍റ് ലക്ഷ്യമാക്കി ഞാന്‍ നടന്നു, ഇപ്പോള്‍ എന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും ദൈവം എനിക്ക് മറുപടി തന്നിരിക്കുന്നു. ഞാന്‍ അനുഭവിച്ചത്‌ എന്‍റെ അഹങ്കാരങ്ങള്‍ക്കുള്ള ശിക്ഷകള്‍. എന്നിട്ടും ദൈവം എന്നെ വിജയിപിച്ചു പക്ഷേ എന്‍റെ ആഗ്രഹങ്ങള്‍ വീണ്ടും എന്നെ സങ്കടപെടുത്തുന്നു. ഇന്നല്ലെങ്കില്‍ നാളെ എനിക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന് ഉറപ്പുണ്ട് പക്ഷേ എന്നെ വേദനിപ്പിക്കുന്നതെല്ലാം എന്‍റെ മനസിന്‍റെ കുഞ്ഞി ആഗ്രഹങ്ങള്‍ നടക്കില്ല എന്ന പേടി മാത്രം ആണ്. അതിനെ ഞാന്‍ ലോകത്തെ വല്യ ദുഃഖം ആയി കണ്ട് ഈശ്വരനെ വരെ ചോദ്യം ചെയുന്നു. എന്നാല്‍ ആ പയ്യനോ? അവന് നാളെ ആഹാരം കിട്ടുമോ എന്ന് അവനു ഉറപ്പില്ല. ഏതോ കുപ്പ തൊട്ടി ആണ് അവന് സ്വര്‍ഗം. ഇനി ആ കുപ്പ കൂനയില്‍ നിന്ന് അവന് കിട്ടാന്‍ പോകുന്നതോ ആരുടെയോ ഉച്ചിഷ്ടം! ആരെങ്കിലും ദയ തോന്നി എന്തെങ്കിലും നല്‍കിയാലോ ഈ സമൂഹം അവനെ സമാധാനത്തോടെ കഴിക്കാന്‍ അനുവദിക്കില്ല. എന്നിട്ടും അവന് പരാതികള്‍ ഇല്ല ആരോടും. ദൈവത്തിനോട് പോലും. പട്ടിണി ആണ് യഥാര്‍ത്ഥ ദുഃഖം. അത് ഇന്നെനിക്‌ കാട്ടി തന്നിരിക്കുന്നു ദൈവം. എന്‍റെ ഒരു ദിനം ഉണ്ടായാല്‍ ഈ പട്ടിണിപ്പാവങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് അവസരം തരണേ ഈശ്വര എന്നാണ് ഇപ്പോള്‍ മനസ്സില്‍ നിറയുന്ന പ്രാര്‍ത്ഥന. 

ട്രെയിനിന്‍റെ കുലുക്കം എന്‍റെ കണ്ണുകളിലേക്ക് മെല്ലെ ഉറക്കത്തെ ആവാഹിച്ചു. ഇമകള്‍ മെല്ലെ അടയുമ്പോള്‍ ആ പ്ലാട്ഫോര്‍മില്‍ തളം കെട്ടി കിടന്ന വെള്ളം വീണ്ടും എന്‍റെ മനസിലേക്ക് കയറി വന്നു. ഇപ്പോള്‍ എനിക്ക് അത് അവന്‍റെ കണ്ണീര്‍ അല്ല മറിച്ച് എന്‍റെ ഹൃദയത്തെ ശുദ്ധം ആക്കാനായി അവന്‍ തളിച്ചിട്ട് പോയ പുണ്യാഹം ആണ്; പുണ്യാഹം!!!!!

Thursday, February 23, 2012

ആത്മ രോദനം

പ്രാണന്‍ പോകുന്ന വേദന, ശ്വാസോച്ഛ്വാസത്തിന്‍റെ ഗതി നിയന്ത്രണാതീതം ആകുന്നതു ഞാന്‍ അറിഞ്ഞു. എന്‍റെ കാതുകളില്‍ അവളുടെ രോദനം അലയടിച്ചു. കണ്ണുകള്‍ തുറക്കാന്‍ ഞാന്‍ ശ്രെമിച്ചു പക്ഷെ പരാജയപെട്ടു. എന്‍റെ കണ്ണിമകള്‍ അടഞ്ഞതും ഇരുട്ടെങ്ങും വ്യാപിക്കുന്നതും, അവളുടെ കരച്ചില്‍ എന്‍റെ ചെവികളില്‍ നിന്ന് അലിഞ്ഞില്ലതെ ആവുന്നതും ഞാന്‍ അറിയുന്നു. എന്‍റെ നിമിഷങ്ങള്‍ അടുത്തെത്തുന്നു. അവസാനം ആയി അവനെ കാണണമെന്ന് ആത്മാവ് മന്ത്രിക്കുന്നു;എന്നാല്‍ ശരീരം അതിന് കൂട്ടാക്കുന്നില്ല. കണ്ണില്‍ മൂടിയിരിക്കുന്ന ഇരുട്ടില്‍ അവ്യക്തമായ രൂപങ്ങളുടെ പെരുംങ്കളിയാട്ടം.

ആ രൂപങ്ങളില്‍ ഒന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. എന്‍റെ പൊന്നുമോന്‍., ജനിച്ചു വീണ നിമിഷത്തില്‍ എന്‍റെ കൈകളില്‍ കിടന്നെന്നെ നോക്കിക്കരയുന്ന എന്‍റെ പൊന്നുമോന്‍.... ആ കരച്ചില്‍ കണ്ടെനിക്കൊപ്പം ചിരിക്കുന്ന ബന്ധുക്കളും നേഴ്സും. എല്ലാം ആത്മാവില്‍ മിന്നി മറയുന്നു.
അവന്‍റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ഞാനാസ്വദിക്കുകയായിരുന്നു. ആദ്യമായി അവനെന്നില്‍ ഉണ്ണി മൂത്രം തളിച്ച് ശുദ്ധി വരുത്തിയതും, പകല്‍ ഉറങ്ങിയും രാത്രി എന്നെ ഉറക്കതെയും അവന്‍ കളിച്ചതും ചിരിച്ചതും ഞാന്‍ ആസ്വദിച്ചു.

"അത്ത" എന്നെന്നെ വിളിച്ചുകൊണ്ട് കുഞ്ഞി പല്ലുകള്‍ കാട്ടി അവന്‍ ചിരിച്ചപ്പോള്‍ ഈ ലോകത്തെ എല്ലാ സ്വര്‍ഗീയ സുഖങ്ങളും ഞാന്‍ അറിഞ്ഞു. നെഞ്ചോടു ചേര്‍ന്ന് കിടന്ന് കളിച്ച്, കൗതുകത്തോടെ അവന്‍ രോമങ്ങള്‍ നുള്ളി എടുത്തപ്പോള്‍ ഞാന്‍ അറിഞ്ഞത് വേദന അല്ല, മറിച്ച് ഒരു അച്ഛന്‍റെ ആത്മനിര്‍വൃതി ആയിരുന്നു. പിച്ച വെച്ച് നടക്കുന്ന അവന്‍റെ കാലുകള്‍ക്ക് ശക്തി പകരാന്‍ എന്നും എന്‍റെ കൈകള്‍. എത്തി. എങ്കിലും അവന്‍ വീഴുമ്പോള്‍ രക്തം എന്‍റെ നെഞ്ചില്‍ കിനിഞ്ഞു. കുസൃതികള്‍ കാട്ടി അവന്‍ ഓടി നടന്നപ്പോള്‍, അവനെ മറ്റുള്ളവര്‍ പറയുന്ന കുറ്റങ്ങള്‍ സഹിക്കാന്‍ ശക്തി ഇല്ലാഞ്ഞതിനാല്‍ എന്‍റെ കൈയില്‍ ഞാന്‍ അറിയാതെ ഒരു പുളി വടി കയറി. അവനെ അടിച്ചപ്പോള്‍ നീറിയത് എന്‍റെ ആത്മവായിരുന്നു, കരഞ്ഞത് എന്‍റെ മനസും. അടി കൊള്ളുമ്പോള്‍ 'അച്ഛാ' എന്ന് വിളിച്ചെന്‍റെ അരയില്‍ ചുറ്റികെട്ടി എന്നോട് കൂടുതല്‍ ചേര്‍ന്ന് അവന്‍ നിന്നു, അകലാന്‍ അവന് അറിയില്ലായിരുന്നു കാരണം അന്ന് അവന്‍റെ ലോകം ഈ അച്ഛന്‍ മാത്രമായിരുന്നു.

വീട് എന്ന ലോകത്ത് നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് അവനെ കൈപിടിച്ച് കൊണ്ടുപോയതും ഞാന്‍... പിന്നീട് എന്‍റെ ഓരോ വിയര്‍പ്പ് തുള്ളികളും തുടിച്ചത് അവനെന്ത് നല്‍കണമെന്നതിന് വേണ്ടിയായിരുന്നു. അവന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടാന്‍ എന്‍റെ ആശകള്‍ ഞാന്‍ പണയം വെച്ചു. കുസൃതികള്‍ കുരുത്തക്കേടുകള്‍ ആയി മാറാന്‍ തുടങ്ങിയപ്പോള്‍, കരച്ചില്‍ തര്‍ക്കുതരങ്ങള്‍ക്ക് വഴി മാറി. അടിക്കാന്‍ കൈ ഓങ്ങിയപ്പോള്‍ അത്താഴം വലിച്ച് എറിഞ്ഞവന്‍ പ്രതിഷേധിച്ചു. അമ്മയുടെ കണ്ണീരില്‍ അവനലിഞ്ഞു, പക്ഷെ അച്ഛന്‍റെ ഉള്ളിലെ കണ്ണീര്‍ അവന്‍ കണ്ടില്ല. എല്ലാ യുദ്ധവും അവന്‍ വിജയിച്ച് തുടങ്ങി.ഞാന്‍ ഇന്നവന് കണ്ണിലെ കരടാണ്. അവന് അച്ഛനുള്ള ലോകം സങ്കല്‍പ്പിക്കാനാവുന്നില്ല; നീ ഇല്ലാത്ത ലോകമെന്‍റെ ജീവിതത്തില്‍ ഇല്ലായെന്ന് പലവുരു പറഞ്ഞത് അവന്‍ കേട്ടില്ല. അവനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഇന്നവനുറങ്ങും വരെ കാത്തിരിക്കണം. അന്നും അവന്‍ ഉറങ്ങാന്‍ ഞാന്‍ കാത്തിരുന്നു, ഇന്നും ഞാന്‍ കാത്തിരിക്കുന്നു.

കലാലയങ്ങള്‍ അവനെ എത്തിച്ചത് മദ്യം വിളമ്പുന്ന മേശകളിലും, ഉടുതുണി ഇല്ലാതെ നൃത്തം വെക്കുന്ന സുന്ദരികളുടെ കോട്ടകളിലും ആണെന്നറിയാന്‍ ഞാന്‍ വൈകിപ്പോയി. മദ്യവും മയക്കുമരുന്നും അവന്‍റെ പ്രജ്ഞയെ മറച്ചിരിക്കുന്നു. കുടിച്ച് കൂത്താടിയെത്തുന്ന ദിവസങ്ങളില്‍ അച്ഛന്‍ അവന് വെറും 'എടോ' യും 'താനും' ആയതിനൊപ്പം  കണ്ണീര്‍ മാത്രം വാര്‍ക്കുന്ന അമ്മ 'തള്ള' യും ആയി. അന്ന് അവന്‍റെ കരച്ചില്‍ എന്നില്‍ ചിരി പടര്‍ത്തി; ഇന്ന് എന്‍റെ കരച്ചില്‍ അവന് ചിരിയും അവന്‍റെ ചിരി എനിക്ക് കരച്ചിലും സമ്മാനിക്കുന്നു.

അവന്‍റെ ജനനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ഇന്നും അവന്‍ വരുന്നതും കാത്ത് ഉറക്കം ഇല്ലാതെ ഞാന്‍ ഇരുന്നു. ബംഗാളി പെണ്ണിന്‍റെ തോളില്‍ കൈയിട്ട്‌ കയറി വരുന്ന എന്‍റെ പൊന്നുമോന്‍... രണ്ട് പേരും ഈ വീടിന്‍റെ പടികടക്കരുത് എന്ന് പറഞ്ഞതവന്‍ എന്‍റെ ശത്രു ആയിട്ടാണോ? അവനെ വെച്ച് ഞാന്‍ കണ്ട സ്വപ്നങ്ങള്‍ ഒഴുകി ഒലിച്ച് പോകുന്നത് കാണാനുള്ള ശക്തി ഈ മനസിനില്ലത്തതിനാല്‍ അല്ലെ! അതെന്തേ എന്‍റെ പൊന്നുമോന്‍ മനസിലാക്കിയില്ല? അച്ഛന്‍റെ കഴുത്തില്‍ പിടിക്കുമ്പോള്‍ അവന്‍റെ മനസ്സില്‍ തോന്നിയത് എന്തായിരുന്നു? ശക്തിയോടെ അവനെ അടിച്ചപ്പോളും മനസ്സിലവന് നോവരുതെയെന്നായിരുന്നില്ലെ ഞാന്‍ പ്രാര്‍ത്ഥിച്ചത്. അവന്‍റെ വേദനിക്കുന്ന മുഖം കാണാന്‍ ശക്തി ഇല്ലാതെ പിന്തിരഞ്ഞു നടക്കുമ്പോള്‍; അവന്‍ കയറി ഇരുന്ന് ആന കളിച്ച ഈ മുതുകില്‍ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കയറ്റാന്‍ അവന്‍റെ കൈകള്‍ വിറച്ചിരുന്നില്ലെ?? രക്തം വാര്‍ന്നു പോകുമ്പോളും തിരിഞ്ഞ് നിന്ന് പൊന്നുമോന്‍ വിഷമിക്കണ്ട എന്ന് പറയാന്‍ തുടങ്ങിയ അച്ഛനെ വീണ്ടും കുത്താന്‍ നിനക്ക് സാധിച്ചല്ലോ എന്നതിലും കൂടുതല്‍ എന്നെ മുറിപെടുത്തിയത് എനിക്കെന്തെങ്കിലും പറ്റിയാല്‍ എന്‍റെ കുഞ്ഞിന്‍റെ ജീവിതം ഇരുട്ടറയില്‍ ആകുമല്ലോ എന്ന ചിന്ത ആയിരുന്നു. ഈ ചിന്തകള്‍ക്കിയില്‍ കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. അവസാനം ആയി അവനെ കാണാന്‍ ആഗ്രഹിച്ചിട്ടും ശരീരം കൂട്ടാക്കുന്നില്ല.

ഇപ്പോള്‍ എനിക്ക് ചുറ്റും പ്രകാശം ആണ്. അലമുറയിടുന്ന എന്‍റെ ഭാര്യയെ കാണാം. ചുറ്റും കൂടിനിക്കുന്ന നാട്ടുകാരെ കാണാം. ഇതിനെല്ലാം ഉപരിയായി വെള്ള തുണിയില്‍ പൊതിഞ്ഞ എന്നെയും എനിക്ക് കാണാം. ഞാന്‍ തിരയുന്ന മുഖം മാത്രമെനിക്ക് കാണാന്‍ പറ്റുന്നില്ല. എവിടെ എന്‍റെ ജീവന്‍റെ ജീവന്‍ ആയ എന്‍റെ പിന്‍ഗാമി? ആ വരുന്നത് അവന്‍ ആണ് പക്ഷെ ഇങ്ങനെ കൈയാമം വെച്ച നിലയില്‍ ആണോ ഞാന്‍ അവനെ കാണാന്‍ ആഗ്രഹിച്ചത്‌? എനിക്ക് ഈശ്വര സന്നിധിയിലേക്ക് പോയെ പറ്റു, പക്ഷെ മകനെ ഇരുട്ടറയില്‍ തള്ളിയിട്ട് ഏത്‌ അച്ഛനാണ് പോകാന്‍ സാധിക്കുക്ക?

"ഈശ്വര, 1000 ജന്മം ജനിക്കാനും മരിക്കാനും, പൂവാകാനും പുഴുവാകാനും, എന്തിന്, നരക തീയില്‍ വേവാനും ഞാന്‍ തയ്യാറാണ്. പക്ഷേ ഒരേ ഒരു തവണ ആ ശരീരത്തില്‍ കയറി പോലിസിനോടും കോടതിയോടും പറയാന്‍, എന്‍റെ മകന്‍ തെറ്റുകാരനല്ല എന്ന് ഒരേ ഒരു തവണ പറയാന്‍ നീ എന്നെ അനുവദിക്കേണമേ."

ഈ പ്രാര്‍ത്ഥന രോദനം ആയി അവശേഷിക്കുകയാണ്. മകനെ ഓര്‍ത്ത് കരഞ്ഞ് കൊണ്ട്, അവന് വേണ്ടി പ്രാര്‍ത്ഥിച്ച് കൊണ്ട്, എന്നും അവനെ താങ്ങിയിരുന്ന ഈ കൈകള്‍ക്ക് അവസാനമായി അവന്‍ വീണ കുഴിയില്‍ നിന്നുമവനെ രക്ഷിക്കാന്‍ ആവാത്ത ദുഃഖം സഹിച്ച് കൊണ്ട് പോവുകയാണ്. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക്.